കൊറോണക്കെതിരെയുള്ള പോരാട്ടത്തിന് സൺറൈസേഴ്സിന്റെ 10 കോടി സഹായം

Staff Reporter

കോറോണക്കെതിരെയുള്ള പോരാട്ടത്തിന് വമ്പൻ സഹായവുമായി ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ സൺറൈസേഴ്‌സ് ഹൈദരാബാദ്. 10 കോടി രൂപ നൽകുമെന്നാണ് സൺറൈസേഴ്‌സ് തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി അറിയിച്ചത്. അതെ സമയം ഏത് ദുരിതാശ്വാസ ഫണ്ടിലേക്കാണ് പണം നൽകുകയെന്ന് സൺറൈസേഴ്‌സ് അധികൃതർ വ്യക്തമാക്കിയിട്ടില്ല.

നേരത്തെ കൊറോണ വൈറസിനെതിരെയുള്ള പ്രവർത്തനങ്ങൾക്ക് വേണ്ടി ബി.സി.സി.ഐ 51 കോടി രൂപ നൽകിയിരുന്നു. കൂടാതെ ഇന്ത്യൻ താരങ്ങളും മുൻ ഇന്ത്യൻ താരങ്ങളുമടക്കം നിരവധി പേർ സഹായവുമായി രംഗത്തെത്തിയിരുന്നു. രോഹിത് ശർമ്മ 80 ലക്ഷം രൂപയും സുരേഷ് റെയ്ന 52 ലക്ഷം രൂപയും സംഭാവനയായി നൽകിയിരുന്നു. മുൻ ഇന്ത്യൻ താരം സച്ചിൻ ടെണ്ടുൽക്കർ 50 ലക്ഷം രൂപയാണ് കൊറോണ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകിയത്