രാസ്ഥാനു വേണ്ടി മുമ്പ് കളിച്ചിട്ടുണ്ടെങ്കിലും ഐപിഎലില്‍ ജയ്പൂരില്‍ നാട്ടിലെ കാണികള്‍ക്ക് മുന്നില്‍ കളിക്കുവാന്‍ സ്റ്റീവന്‍ സ്മിത്തിനു കഴിഞ്ഞിരുന്നില്ല. 2014ല്‍ ടീമിലെത്തിയപ്പോള്‍ ആ വര്‍ഷം ഹോം മത്സരങ്ങള്‍ അഹമ്മദാബാദിലെ സര്‍ദ്ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തിലാണ് നടന്നത്. രാജസ്ഥാന്‍ ക്രിക്കറ്റ് അസോസ്സിയേഷനെ ലളിത് മോഡിയെ ചെയര്‍മാനായി തിരഞ്ഞെടുത്തതിനാല്‍ ബിസിസിഐ സസ്പെന്‍ഡ് ചെയ്തതിനെത്തുടര്‍ന്നായിരുന്നു ഇത്. 2015ലും സമാനമായ സ്ഥിതി തുടര്‍ന്നു.
പിന്നീട് ഐപിഎല്‍ കോഴ വിവാദത്തില്‍ ഉള്‍പ്പെട്ടതിനാല്‍ 2016, 17 വര്‍ഷങ്ങളില്‍ ഫ്രാഞ്ചൈസിയെ വിലക്കിയപ്പോള്‍ സ്മിത്ത് പൂനെയിലേക്ക് ചേക്കേറി. അതിനു ശേഷം 2018ല്‍ താരം പന്ത് ചുരണ്ടല്‍ വിവാദത്തില്‍ പെട്ട് ഐപിഎലില്‍ നിന്ന് വിലക്കപ്പെടുകയായിരുന്നു. വീണ്ടും നാട്ടില്‍ കാണികളുടെ മുന്നില്‍ കളിക്കാനാകുന്നതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നാണ് സ്മിത്ത് പറയുന്നത്.
താന്‍ വീണ്ടും പരിശീലനത്തില്‍ സജീവമാകുന്നുണ്ടെന്നും മികച്ച ഫോമിലേക്ക് ഉടനെ മടങ്ങിയെത്തുവാനാകുമെന്നും ടീമിനൊപ്പമുള്ള പരിശീലനം തനിക്ക് ഗുണം ചെയ്യുമെന്നുമാണ് താരത്തിന്റെ പ്രതീക്ഷ.