സണ്‍റൈസേഴ്സ് ഹൈദ്രാബാദില്‍ നിന്ന് അടുത്തിടെ പഞ്ചാബ് കിംഗ്സ് ഇലവനിലേക്ക് ചേക്കേറിയ ദീപക് ഹൂഡയ്ക്ക് ഇത്തവണ പഞ്ചാബ് നിരയില്‍ ഐപിഎലില്‍ കളിക്കാനാകുമോ എന്നത് കൊറോണ മൂലം സംശയത്തിലാണ്. താരം ലോക്ക്ഡൗണിനിടെ കിംഗ്സ് ഇലവന്‍ ആരാധകരോട് സംസാരിക്കുമ്പോളാണ് തന്റെ കരിയറിന്റെ തുടക്കത്തിലെ ഒരു സംഭവത്തെക്കുറിച്ച് പറഞ്ഞത്. താന്‍ കരിയര്‍ ആരംഭിച്ചത് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായാണ് എന്നാണ് താരം പറഞ്ഞത്.
താന്‍ ആദ്യ കാലങ്ങളില്‍ ബൗളിംഗില്‍ സന്തോഷിച്ചിരുന്നുവെങ്കിലും ക്ലബ് ക്രിക്കറ്റ് ആരംഭിച്ചപ്പോള്‍ തന്റെ കോച്ച് തന്നെ വിക്കറ്റ് കീപ്പറിന്റെ ദൗത്യം നല്‍കുകയായിരുന്നു. കരിയറിന്റെ ആദ്യ രണ്ട് വര്‍ഷത്തില്‍ താന്‍ ഇത് തുടരുകയും ചെയ്തു. അതിനാല്‍ തന്നെ സീനിയര്‍ ടീമിലേക്ക് തനിക്ക് വേഗം സ്ഥാനം ലഭിച്ചുവെന്ന് തുടക്കത്തില്‍ കീപ്പര്‍ ആയത് ഗുണം ചെയ്തുവെന്ന് താരം വെളിപ്പെടുത്തി.
വേറെ ആരും ആ സ്ഥാനത്തേക്കില്ലാത്തത് തനിക്ക് ഗുണം ചെയ്തുവെന്നും എന്നാല്‍ നെറ്റ്സില്‍ ദിവസം മുഴുവന്‍ വിക്കറ്റ് കീപ്പ് ചെയ്തത് തനിക്ക് മുട്ടുവേദന വരുവാന്‍ ഇടയാക്കിയെന്നും പിന്നീട് താന്‍ കീപ്പിംഗില്‍ നിന്ന് പിന്മാറിയെന്നും താരം വ്യക്തമാക്കി. വിക്കറ്റ് കീപ്പിംഗ് തനിക്ക് പറ്റിയ പണിയല്ലെന്ന് താന്‍ തിരിച്ചറിഞ്ഞുവെന്ന് താരം വെളിപ്പെടുത്തി.
സണ്‍റൈസേഴ്സിനായി നിര്‍ണ്ണായക പ്രകടനം പുറത്തെടുത്ത താരം 61 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 524 റണ്‍സാണ് നേടിയിട്ടുള്ളത്. ഐപിഎല്‍ 2020ന്റെ ലേലത്തില്‍ 50 ലക്ഷത്തിനാണ് താരത്തിനെ പഞ്ചാബ് സ്വന്തമാക്കിയത്.