വിശാഖപട്ടണത്തെ ആദ്യ എലിമിനേറ്ററില്‍ ആദ്യം ബാറ്റ് ചെയ്ത് 162 റണ്‍സ് നേടി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. മാര്‍ട്ടിന്‍ ഗപ്ടിലിന്റെ വെടിക്കെട്ട് പ്രകടനത്തിനു ശേഷം ഡല്‍ഹി ക്യാപിറ്റല്‍സ് സ്പിന്നര്‍മാര്‍ പിടിമുറുക്കിയപ്പോള്‍ റണ്‍സ് കണ്ടെത്തുവാന്‍ സണ്‍റൈസേഴ്സ് ബാറ്റ്സ്മാന്മാര്‍ ബുദ്ധിമുട്ടുകയായിരുന്നു. മനീഷ് പാണ്ടേയും കെയിന്‍ വില്യംസണും പൊരുതി നോക്കിയെങ്കിലും വേണ്ടത്ര വേഗത ഇന്നിംഗ്സില്‍ കൊണ്ടുവരുവാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. അവസാന ഓവറുകളില്‍ സണ്‍റൈസേഴ്സിനു വേണ്ടി തകര്‍ത്തടിച്ച് വിജയ് ശങ്കറും മുഹമ്മദ് നബിയുമാണ് ടീമിനെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്.
ഒന്നാം വിക്കറ്റില്‍ 31 റണ്‍സാണ് സണ്‍റൈസേഴ്സ് നേടിയത്. മികച്ച തുടക്കമാണ് മാര്‍ട്ടിന്‍ ഗപ്ടില്‍ ടീമിനു നല്‍കിയതെങ്കിലും മറുവശത്ത് വൃദ്ധിമന്‍ സാഹ തന്റെ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. 8 റണ്‍സ് നേടിയ താരത്തിന്റെ വിക്കറ്റ് ഇഷാന്ത് ശര്‍മ്മയാണ് നേടിയത്. 19 പന്തില്‍ നിന്ന് 4 സിക്സും 1 ഫോറും സഹിതം 36 റണ്‍സ് നേടിയ മാര്‍ട്ടിന്‍ ഗപ്ടിലിനെ പുറത്താക്കി അമിത് മിശ്രയാണ് ഡല്‍ഹിയുടെ ഏറ്റവും വലിയ നേട്ടത്തിനു ഉടമ.
ഗപ്ടില്‍ പുറത്തായ ശേഷം സണ്‍റൈസേഴ്സ് ഇന്നിംഗ്സിന്റെ ഗതി തന്നെ നഷ്ടപ്പെടുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ 34 റണ്‍സ് നേടിയെങ്കിലും 30 റണ്‍സ് നേടിയ മനീഷ് പാണ്ടേയെ കീമോ പോള്‍ പുറത്താക്കിയതോടെ 13.3 ഓവറില്‍ 90/3 എന്ന നിലയിലേക്ക് സണ്‍റൈസേഴ്സ് പ്രതിരോധത്തിലായി.
സ്കോറിംഗ് അതിവേഗത്തിലാക്കുവാനുള്ള ശ്രമത്തിനിടെ കെയിന്‍ വില്യംസണും പുറത്തായതോടെ സണ്‍റൈസേഴ്സ് കാര്യങ്ങള്‍ കൂടുതല്‍ പരുങ്ങലിലായി. 27 പന്തില്‍ നിന്ന് 28 റണ്‍സാണ് കെയിന്‍ വില്യംസണ്‍ നേടിയത്. 16 ഓവറുകള്‍ പിന്നിട്ടപ്പോള്‍ 115/4 എന്ന നിലയിലായിരുന്നു സണ്‍റൈസേഴ്സ്. അവസാന നാലോവറില്‍ നിന്ന് 47 റണ്‍സാണ് സണ്‍റൈസേഴ്സ് നേടിയത്. മുഹമ്മദ് നബിയും വിജയ് ശങ്കറും കൂടിയാണ് അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചത്.
ട്രെന്റ് ബോള്‍ട്ട് എറിഞ്ഞ 19ാം ഓവറില്‍ രണ്ട് സിക്സ് നേടി വിജയ് ശങ്കര്‍ മൂന്നാമതൊരു സിക്സ് കൂടി നേടുവാന്‍ നോക്കിയെങ്കിലും ബൗണ്ടറി ലൈനില്‍ അക്സര്‍ പട്ടേല്‍ പിടിച്ച് പുറത്താകുകയായിരുന്നു. 11 പന്തില്‍ രണ്ട് വീതം ബൗണ്ടറിയും സിക്സും നേടിയാണ് വിജയ് ശങ്കര്‍ തന്റെ 25 റണ്‍സ് നേടിയത്. നബി 13 പന്തില്‍ നിന്ന് 20 റണ്‍സ് നേടി പുറത്തായി.
അവസാന ഓവറില്‍ മൂന്ന് വിക്കറ്റുകളാണ് വീണത്, കീമോ പോള്‍ ആ ഓവറില്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ദീപക് ഹൂഡ റണ്ണൗട്ടായി പുറത്തായി. 8 വിക്കറ്റ് നഷ്ടത്തിലാണ് സണ്‍റൈസേഴ്സ് ഈ സ്കോറിലേക്ക് നീങ്ങിയത്.