ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് രാജസ്ഥാൻ റോയൽസ് സൺ റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആദ്യ ജയം നേടാനാണ് ഇരു ടീമുകളും ഇറങ്ങുക. ഈ സീസണിലെ ആദ്യ മത്സരം ജയിക്കാൻ ഇരു ടീമുകൾക്കും ആയില്ല.
രാജസ്ഥാൻ റോയൽസ് കിങ്‌സ് ഇലവൻ പഞ്ചാബിനെയും സൺ റൈസേഴ്സ് കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെയുമാണ് ആദ്യ അങ്കത്തിൽ നേരിട്ടത്. എന്നാൽ 181-3 ഭേദപ്പെട്ട സ്‌കോർ ഉയർത്തിയിട്ടും കൊൽക്കത്തയോട് തോൽക്കാനായിരുന്നു സൺ റൈസേഴ്‌സിന്റെ വിധി. ആന്ദ്രേ റസ്സലിന്റെ വെടിക്കെട്ട് ബാറ്റിംഗ് ഹൈദരാബാദിന്റെ പ്രതീക്ഷകൾ തകർത്തു. രാജസ്ഥാൻ റോയൽസിന് വിനയായത് ബാറ്റിംഗ് നിരയാണ്. 16 റൺസ് എടുക്കുന്നതിനിടെ ഏഴ് വിക്കറ്റാണ് പഞ്ചാബ് അന്ന് വീഴ്ത്തിയത്.
അജിൻക്യ രഹാനെയാണ് രാജ്യസ്ഥാൻ റോയൽസിനെ നയിക്കുന്നത്. ജോസ് ബട്ട്ലരുടെ വെടിക്കെട്ട് ഇന്നിങ്‌സുകളാണ് കഴിഞ്ഞ സീസണിലെ പോലെ ഈ സീസണിലും രാജസ്ഥാന്റെ ബലം. 69 റൺസ് കിങ്‌സ് ഇലവനെതിരെ അദ്ദേഹം നേടി. ഡേവിഡ് വാർണർ ഹൈദരാബാദിൽ തിരിച്ചെത്തിയത് ആശ്വാസമായിട്ടുണ്ട്. ഒരു വർഷത്തെ വിലക്ക് താരത്തെ ബാധിച്ചിട്ടില്ലെന്നു ആദ്യ മത്സരത്തിൽ നിന്നും മനസിലാക്കാം. 53-പന്തിൽ 85. റൺസെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായിരുന്നു ഹൈദരാബാദ്.