ഐപിഎല്‍ 2024 ഫൈനലില്‍ കൊൽക്കത്തയ്ക്ക് എതിരാളികളായി എത്തുക സൺറൈസേഴ്സ് ഹൈദ്രാബാദ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത് 175 റൺസേ നേടിയുള്ളുവെങ്കിലും ആദ്യ പത്തോവറിൽ ആക്രമിച്ച് കളിച്ചതിന്റെ ഗുണം ഹൈദ്രാബാദിന് ലഭിയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. 176 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന് 139 റൺസ് മാത്രമേ നേടാനായുള്ളു.
ധ്രുവ് ജുറേലും യശസ്വി ജൈസ്വാളും മാത്രമാണ് രാജസ്ഥാന്‍ നിരയിൽ പൊരുതി നിന്നത്. കനത്ത തോൽവി മുന്നിൽ കണ്ട രാജസ്ഥാന്റെ തോൽവി ഭാരം കുറച്ചത് ജുറേലിന്റെ ഇന്നിംഗ്സ് ആയിരുന്നു. 36 റൺസിന്റെ വിജയത്തോടെ ഫൈനലിലേക്ക് സൺറൈസേഴ്സ് പ്രവേശിച്ചപ്പോള്‍ ഒന്നാം ക്വാളിഫയറിന്റെ തനിയാവര്‍ത്തനം ആണ് ഫൈനല്‍.
ടോം കോഹ്‍ലര്‍-കാഡ്മോര്‍ റൺസ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയപ്പോള്‍ 4 ഓവര്‍ അവസാനിക്കുമ്പോള്‍ രാജസ്ഥാന്‍ ഓപ്പണര്‍മാര്‍ 24 റൺസാണ് നേടിയത്. കോഹ്‍ലര്‍ 16 പന്തിൽ 10 റൺസ് നേടി പുറത്തായ ശേഷം യശസ്വി ജൈസ്വാള്‍ അതിവേഗ സ്കോറിംഗ് നടത്തുന്ന കാഴ്ചയാണ് കണ്ടത്.
ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ പവര്‍പ്ലേയിലെ അവസാന ഓവറിൽ യശസ്വി ജൈസ്വാള്‍ ഒരു സിക്സും മൂന്ന് ഫോറും നേടിയപ്പോള്‍ ഓവറിൽ നിന്ന് 19 റൺസാണ് വന്നത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ രാജസ്ഥാന്‍ 51/1 എന്ന നിലയിലായിരുന്നു.
23 പന്തിൽ 41 റൺസ് നേടി യശസ്വി – സഞ്ജു കൂട്ടുകെട്ട് രാജസ്ഥാനെ മുന്നോട്ട് നയിക്കുന്നതിനിടെയാണ് ജൈസ്വാളിന്റെ വിക്കറ്റ് ടീമിന് നഷ്ടമായത്. 21 പന്തിൽ 42 റൺസായിരുന്നു യശസ്വിയുടെ സംഭാവന. തൊട്ടടുത്ത ഓവറിൽ സഞ്ജു സാംസണിനെ പുറത്താക്കി അഭിഷേക് ശര്‍മ്മ രാജസ്ഥാന്റെ മൂന്നാം വിക്കറ്റ് നേടി.
രാജസ്ഥാന്റെ പ്രതീക്ഷയായ റിയാന്‍ പരാഗും വിക്കറ്റ് കളഞ്ഞപ്പോള്‍ അതേ ഓവറിൽ അശ്വിനെയും പുറത്താക്കി ഷഹ്ബാസ് രാജസ്ഥാന്റെ നില പരുങ്ങലിലാക്കി. മത്സരം അവസാന ഏഴോവറിലേക്ക് എത്തിയപ്പോള്‍ 86 റൺസായിരുന്നു സൺറൈസേഴ്സ് നേടേണ്ടിയിരുന്നത്.
മത്സരം അവസാന ഏഴോവറിലേക്ക് എത്തിയപ്പോള്‍ 86 റൺസായിരുന്നു സൺറൈസേഴ്സ് നേടേണ്ടിയിരുന്നത്. അഭിഷേക് ശര്‍മ്മ ഷിമ്രൺ ഹെറ്റ്മ്യറെ പുറത്താക്കി ടീമിന്റെ ഏഴാം വിക്കറ്റ് നേടിയപ്പോള്‍ രാജസ്ഥാന്റെ സ്കോര്‍ നൂറ് കടന്നിരുന്നില്ല.
ജുറേൽ ബൗണ്ടറികളുമായി സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചപ്പോള്‍ 16 ഓവറിൽ 113/6 എന്ന സ്കോറാണ് രാജസ്ഥാന്‍ നേടിയത്. 24 പന്തിൽ നിന്ന് 63 എന്നായി രാജസ്ഥാന്റെ ലക്ഷ്യം. പാറ്റ് കമ്മിന്‍സിന്റെ ഓവറിൽ ജുറേൽ ഒരു സിക്സ് കൂടി നേടിയപ്പോള്‍ രാജസ്ഥാന്റെ ലക്ഷ്യം 18 പന്തിൽ 53 റൺസായി. എന്നാൽ ടീമിന്റെ അവസാന അംഗീകൃത ബാറ്റിംഗ് കൂട്ടുകെട്ടായിരുന്നു ക്രീസിൽ എന്നത് കാര്യങ്ങള്‍ പ്രയാസകരമായി തന്നെ നിലനിര്‍ത്തി.
ജുറേലിന് മികച്ച പിന്തുണ നൽകുവാന്‍ റോവ്മന്‍ പവലിന് സാധിക്കാതെ പോയപ്പോള്‍ അവസാന രണ്ടോവറിൽ 52 റൺസെന്ന വലിയ ലക്ഷ്യം ആയിരുന്നു രാജസ്ഥാന് മുന്നിൽ. 26 പന്തിൽ നിന്ന് ജുറേൽ തന്റെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍ അവസാന ഓവറിൽ 42 റൺസെന്ന അപ്രാപ്യമായ ലക്ഷ്യമായിരുന്നു രാജസ്ഥാന് മുന്നിലുണ്ടായിരുന്നത്.
ജുറേൽ 35 പന്തിൽ 56 റൺസ് നേടി പുറത്താകാതെ നിന്നപ്പോള്‍ യശസ്വി ജൈസ്വാള്‍ ഒഴികെ മറ്റാര്‍ക്കും രാജസ്ഥാന്‍ നിരയിൽ ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാനായില്ല.