ഐപിഎലില്‍ ഗുജറാത്തിന്റെ അപരാജിത കുതിപ്പ് അവസാനിപ്പിച്ച് സൺറൈസേഴ്സ്. ആദ്യ രണ്ട് മത്സരങ്ങള്‍ തോറ്റ് തുടങ്ങിയ സൺറൈസേഴ്സിന്റെ ഇത് തുടര്‍ച്ചയായ രണ്ടാം ജയം ആണ്. കെയിന്‍ വില്യംസണിന്റെ അര്‍ദ്ധ ശതകത്തിന് ശേഷം നിക്കോളസ് പൂരന്‍ 18 പന്തിൽ പുറത്താകാതെ 34 റൺസ് നേടിയാണ് 5 പന്ത് അവശേഷിക്കെ സൺറൈസേഴ്സിന്റെ എട്ട് വിക്കറ്റ് വിജയം സാധ്യമാക്കിയത്.
64 റൺസാണ് സൺറൈസേഴ്സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് നേടിയത്. കഴിഞ്ഞ മത്സരത്തിലെ ഫോം തുടര്‍ന്ന അഭിഷേക് ശര്‍മ്മ 42 റൺസ് നേടി പുറത്തായപ്പോള്‍ റഷീദ് ഖാന് ആയിരുന്നു വിക്കറ്റ്.
40 റൺസ് നേടി വില്യംസൺ – ത്രിപാഠി കൂട്ടുകെട്ട് മുന്നേറുന്നതിനിടയിൽ 17 റൺസ് നേടിയ ത്രിപാഠി പരിക്കേറ്റ് പിന്മാറേണ്ടി വരികയായിരുന്നു.വില്യംസൺ മികവാര്‍ന്ന ബാറ്റിംഗ് തുടര്‍ന്നപ്പോള്‍ ലക്ഷ്യം 24 പന്തിൽ 34 റൺസായി മാറി.
57 റൺസ് നേടിയ വില്യംസണെ ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്താക്കിയതോടെ വീണ്ടും ഗുജറാത്തിന് പ്രതീക്ഷ ഉണര്‍ന്നു. എന്നാൽ 18ാം ഓവറിൽ ലോക്കി ഫെര്‍ഗൂസണെ ഒരു ഫോറും സിക്സും പറത്തി പൂരന്‍ ലക്ഷ്യം അവസാന രണ്ടോവറിൽ 13 റൺസാക്കി മാറ്റി.
19ാം ഓവറിൽ ഷമിയെ രണ്ട് ബൗണ്ടി ഉള്‍പ്പെടെ 12 റൺസ് നേടി പൂരനും മാര്‍ക്രവും സൺറൈസേഴ്സിനെ വിജയത്തിന് തൊട്ടടുത്തെത്തിച്ചു. വില്യംസൺ പുറത്തായ ശേഷം പൂരനും മാര്‍ക്രവും ചേര്‍ന്ന് 39 റൺസാണ് നേടിയത്. പൂരന്‍ 34 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ മാര്‍ക്രം 12 റൺസ് നേടി.













