ഐപിഎലില്‍ ഈ സീസണിലെ ആദ്യ വിജയം നേടി മുംബൈ ഇന്ത്യന്‍സ്. രണ്ടാം സ്ഥാനക്കാരായ രാജസ്ഥാന്‍ റോയൽസിനെതിരെ 5 വിക്കറ്റ് വിജയം നേടിയാണ് മുംബൈ തങ്ങളുടെ ആദ്യ പോയിന്റ് ഇന്ന് നേടിയത്. സൂര്യകുമാര്‍ യാദവ് – തിലക് വര്‍മ്മ കൂട്ടുകെട്ട് നേടിയ 81 റൺസിന്റെ അടിത്തറയിലാണ് മുംബൈയുടെ വിജയം. ഇരു താരങ്ങള്‍ക്കും അവസാനം വരെ ക്രീസില്‍ ചെലവഴിക്കുവാന്‍ സാധിച്ചില്ലെങ്കിലും വിജയത്തിന് വളരെ അടുത്ത് വരെ ടീമിനെ എത്തിക്കുവാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നു.
പിന്നീട് ടിം ഡേവിഡിന്റെ നിര്‍ണ്ണായക ഇന്നിംഗ്സ് വിജയം മുംബൈയ്ക്ക് സാധ്യമാക്കുകയായിരുന്നു. 4 പന്ത് അവശേഷിക്കവെ സിക്സര്‍ നേടി ഡാനിയേൽ സാംസ് ആണ് വിജയ റൺസ് നേടിയത്.
മിന്നും തുടക്കമാണ് മുംബൈയ്ക്ക് വേണ്ടി ഇഷാന്‍ കിഷന്‍ നൽകിയത്. ആദ്യ രണ്ടോവറിൽ ടീം 22 റൺസ് നേടി കുതിച്ചപ്പോള്‍ അശ്വിനെ ബൗളിംഗിലേക്ക് സഞ്ജു നേരത്തെ ഇറക്കുകയായിരുന്നു. ജന്മദിനം ആഘോഷിക്കുന്ന രോഹിത്തിനെ വീഴ്ത്തി അശ്വിന്‍ രാജസ്ഥാന് മികച്ച ബ്രേക്ക്ത്രൂ നൽകുകയായിരുന്നു. പവര്‍ പ്ലേയ്ക്കുള്ളിൽ ട്രെന്റ് ബോള്‍ട്ട് ഇഷാന്‍ കിഷനെ പുറത്താക്കിയപ്പോള്‍ താരം 18 പന്തിൽ 26 റൺസാണ് നേടിയത്.
41/2 എന്ന നിലയിൽ സൂര്യകുമാര്‍ യാദവും – തിലക് വര്‍മ്മയും ചേര്‍ന്ന് മുംബൈയെ മികച്ച നിലയിൽ മുന്നോട്ട് നയിക്കുകയായിരുന്നു. ഇതിനിടെ ഡാരിൽ മിച്ചൽ എറിഞ്ഞ 7ാം ഓവറിൽ 20 റൺസ് പിറന്നത് മുംബൈയ്ക്ക് ആശ്വാസമായി മാറി.
സൂര്യകുമാര്‍ യാദവ് 36 പന്തിൽ തന്റെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍ മത്സരം അവസാന ആറോവറിലേക്ക് എത്തിയ ഘട്ടത്തിൽ എട്ട് വിക്കറ്റ് കൈവശമുണ്ടായിരുന്ന മുംബൈയ്ക്ക് വെറും 46 റൺസ് നേടിയാൽ മതിയായിരുന്നു. 81 റൺസ് കൂട്ടുകെട്ടിനെ ചഹാല്‍ തകര്‍ത്തപ്പോള്‍ 51 റൺസാണ് താരം സൂര്യകുമാര്‍ നേടിയത്. 35 റൺസ് നേടിയ തിലക് വര്‍മ്മയെ തൊട്ടടുത്ത ഓവറിൽ മുംബൈയ്ക്ക് നഷ്ടമായതോടെ പുതിയ രണ്ട് ബാറ്റ്സ്മാന്മാരായി ക്രീസിൽ.
ടിം ഡേവിഡ് നിര്‍ണ്ണായക പ്രഹരങ്ങള്‍ ഏല്പിച്ചപ്പോള്‍ ലക്ഷ്യം 12 പന്തിൽ 12 ആയി മാറി. അഞ്ചാം വിക്കറ്റിൽ ടിം ഡേവിഡ് – കീറൺ പൊള്ളാര്‍ഡ് കൂട്ടുകെട്ട് 33 റൺസാണ് നേടിയത്. ലക്ഷ്യം 6 പന്തിൽ നാല് റൺസ് ആയിരിക്കവേ 10 റൺസ് നേടിയ കീറൺ പൊള്ളാര്‍ഡിനെ മുംബൈയ്ക്ക് നഷ്ടമായി.
എന്നാൽ അടുത്ത പന്ത് സിക്സര്‍ പായിച്ച് ഡാനിയേൽ സാംസ് വിജയം മുംബൈയ്ക്ക് നേടിക്കൊടുത്തു. 9 പന്തിൽ 20 റൺസ് നേടിയ ടിം ഡേവിഡിന്റെ ബാറ്റിംഗ് മികവാണ് മുംബൈയുടെ വിജയം ഉറപ്പാക്കിയത്.