സ്കൈ അടിയിൽ മുംബൈയ്ക്ക് 192 റൺസ്

Sports Correspondent

സൂര്യകുമാര്‍ യാദവ് നേടിയ 78 റൺസിന്റെ ബലത്തിൽ മുംബൈ ഇന്ത്യന്‍സിന് പഞ്ചാബ് കിംഗ്സിനെതിരെ 192 റൺസ്. ഇന്ന് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ മുംബൈ 7 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ നേടിയത്. തിലക് വര്‍മ്മ പുറത്താകാതെ 34 റൺസും രോഹിത് ശര്‍മ്മ 36 റൺസും നേടി ബാറ്റിംഗ് വിഭാഗത്തിൽ തിളങ്ങി.

ഇഷാന്‍ കിഷനെയാണ് മുംബൈയ്ക്ക് ആദ്യം നഷ്ടമായത്. സ്കോര്‍ ബോര്‍ഡിൽ 18 റൺസുള്ളപ്പോള്‍ 8 റൺസ് നേടിയ ഇഷാനെ കാഗിസോ റബാഡയാണ് പുറത്താക്കിയത്. 14 പന്തിൽ 23 റൺസുമായി രോഹിത് – സ്കൈ കൂട്ടുകെട്ട് തകര്‍ത്തടിച്ചപ്പോള്‍ ഹര്‍ഷൽ പട്ടേൽ രോഹിത്തിനെ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. എന്നാൽ മികച്ചൊരു റിവ്യൂവിലൂടെ രോഹിത് ആ തീരുമാനം മാറ്റി ക്രീസിൽ നിലയുറപ്പിച്ചു.

Skyrohit

പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഈ കൂട്ടുകെട്ട് മുംബൈയെ 54 റൺസിലേക്ക് എത്തിച്ചു. പത്തോവറിൽ മുംബൈയുടെ സ്കോര്‍ 86 റൺസായിരുന്നു. ഈ കൂട്ടുകെട്ട് തുടര്‍ന്നും മികവ് പുലര്‍ത്തിയപ്പോള്‍ 34 പന്തിൽ നിന്ന് സ്കൈ തന്റെ അര്‍ദ്ധ ശതകം നേടി.

Samcurran

25 പന്തിൽ 36 റൺസ് നേടിയ രോഹത്തിനെ സാം കറന്‍ പുറത്താക്കുമ്പോള്‍ മുംബൈ 99/2 എന്ന നിലയിലായിരുന്നു. 81 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. റബാഡ എറിഞ്ഞ 16ാം ഓവറിൽ സ്കൈ വിക്കറ്റിന് മുന്നിൽ കുടുങ്ങിയെങ്കിലും റിവ്യു താരത്തെ രക്ഷിച്ചു. അടുത്ത പന്തിൽ ബൗണ്ടറിയും അതിനടുത്തതിൽ സിക്സും നേടിയാണ് താരം മറുപടി നൽകിയത്. എന്നാൽ തൊട്ടടുത്ത ഓവറിൽ സാം കറന്‍ താരത്തെ പുറത്താക്കി. 53 പന്തിൽ 75 റൺസാണ് സൂര്യകുമാര്‍ യാദവ് നേടിയത്.

സൂര്യ – തിലക് കൂട്ടുകെട്ട് 49 റൺസാണ് 28 പന്തിൽ നിന്ന് നേടിയത്. 6 പന്തിൽ 10 റൺസുമായി ഹാര്‍ദ്ദിക് പുറത്തായപ്പോള്‍ തിലക് വര്‍മ്മയും ടിം ഡേവിഡും മികച്ച ബാറ്റിംഗുമായി മുംബൈയെ 192 റൺസിലേക്ക് എത്തിച്ചു.  7 പന്തിൽ 14 റൺസ് നേടിയ ടിം ഡേവിഡിനെയും ഹാര്‍ദ്ദികിന് പിന്നാലെ ഹര്‍ഷൽ പട്ടേൽ പുറത്താക്കുകയായിരുന്നു. തിലക് വര്‍മ്മ 18 പന്തിൽ 34 റൺസുമായി പുറത്താകാതെ നിന്നു.

റൊമാരിയോ ഷെപ്പേര്‍ഡിനെ ഹര്‍ഷൽ പട്ടേൽ പുറത്താക്കിയപ്പോള്‍ ഓവറിലെ അവസാന പന്തിൽ മൊഹമ്മദ് നബി റണ്ണൗട്ടായി പുറത്തായി. ഹര്‍ഷൽ പട്ടേലിന് മൂന്ന് വിക്കറ്റ് ലഭിച്ചു.