കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ടീമിനു നിരാശയാണ് ഫലമെന്ന് പറഞ്ഞ് ശ്രേയസ്സ് അയ്യര്‍. മികച്ച തുടക്കമാണ് ഡല്‍ഹിയ്ക്ക് ഈ സീസണ്‍ ഐപിഎലില്‍ നേടാനായത്. എന്നാല്‍ പിന്നീട് വീണ്ടും രണ്ട് മത്സരങ്ങളില്‍ മോശം പ്രകടനം മൂലം ടീം തോല്‍വിയേറ്റു വാങ്ങി. പഞ്ചാബിനെതിരെയും ഇന്നലെ സണ്‍റൈസേഴ്സിനെതിരെയും ബാറ്റിംഗിലെ പാളിച്ചയാണ് ടീമിനു തിരിച്ചടിയായത്. ടോപ് ഓര്‍ഡറില്‍ ആരെങ്കിലും വലിയൊരു സ്കോര്‍ നേടണമായിരുന്നുവെന്നും ശ്രേയസ്സ് അയ്യര്‍ വ്യക്തമാക്കി.
ചെറിയ സ്കോറിനു പുറത്തായ ശേഷം ബൗളര്‍മാര്‍ നടത്തിയ തിരിച്ചുവരവാണ് ഈ മത്സരത്തിലെ പോസിറ്റീവ് ആയ കാര്യമായി കരുതേണ്ടത്. തന്റെ മേലായിരുന്നു ബാറ്റിംഗ് ഉത്തവാദിത്വം എന്നാല്‍ താനും റഷീദ് ഖാനെ ആക്രമിക്കുവാന്‍ നോക്കി പുറത്താകുകയായിരുന്നു. ബൗളിംഗിലെ ആദ്യ ഓവറുകളില്‍ കൈവിട്ട കളി തിരിച്ച് അവസാന ഓവറുകള്‍ വരെ എത്തിക്കാനായത് ടീമെന്ന നിലയില്‍ ആത്മവിശ്വാസം നല്‍കുന്ന കാര്യമാണെന്നും ശ്രേയസ്സ് അയ്യര്‍ കൂട്ടിചേര്‍ത്തു.