കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ 178/7 എന്ന സ്കോര്‍ അനായാസം മറികടന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്. തന്റെ ഐപിഎല്‍ വ്യക്തിഗത സ്കോറില്‍ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടിയ ശിഖര്‍ ധവനും ഒപ്പം പിന്തുണയുമായി ഋഷഭ് പന്തും ഒപ്പം കൂടിയപ്പോള്‍ ഡല്‍ഹി 18.5 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ വിജയം കുറിയ്ക്കുകയായിരുന്നു. ശിഖര്‍ ധവാന്‍ 97 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ഋഷഭ് 46 റണ്‍സാണ് നേടിയത്.
പൃഥ്വി ഷായെയും(14) ശ്രേയസ്സ് അയ്യരെയും(6) വേഗത്തില്‍ നഷ്ടമായെങ്കിലും ശിഖര്‍ ധവാന്‍ അതിവേഗം സ്കോറിംഗ് നടത്തിയപ്പോള്‍ തടസ്സമില്ലാതെ റണ്‍സ് നേടുവാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി. ശിഖര്‍ ധവാന്‍ തന്റെ അര്‍ദ്ധ ശതകം നേടിയപ്പോള്‍ പത്തോവറില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 88 റണ്‍സാണ് നേടിയത്. തുടര്‍ന്നും വേഗത്തില്‍ തന്നെ ബാറ്റിംഗ് തുടര്‍ന്ന ശിഖര്‍-പന്ത് കൂട്ടുകെട്ട് 105 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ നേടിയത്.
31 പന്തില്‍ 46 റണ്‍സ് നേടി നാല് ബൗണ്ടറിയും രണ്ട് സിക്സും നേടി പന്ത് പുറത്താകുമ്പോള്‍ 17 പന്തില്‍ 17 റണ്‍സാണ് ഡല്‍ഹി നേടേണ്ടിയിരുന്നുത്. നിതീഷ് റാണയ്ക്കായിരുന്നു വിക്കറ്റ്. പതിവായി സമാനമായ സാഹചര്യത്തില്‍ നിന്ന് മത്സരം കൈവിടുന്ന പതിവ് എന്നാല്‍ ഈ മത്സരത്തില്‍ ഡല്‍ഹിയ്ക്ക് സംഭവിച്ചില്ല.
കോളിന്‍ ഇന്‍ഗ്രാമും ശിഖര്‍ ധവാനും ചേര്‍ന്ന് ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 63 പന്തില്‍ നിന്ന് 11 ബൗണ്ടറിയും 2 സിക്സും അടക്കമായിരുന്നു ശിഖര്‍ ധവാന്‍ തന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറായ 97 റണ്‍സിലേക്ക് എത്തിയത്. കോളിന്‍ ഇന്‍ഗ്രാം 6 പന്തില്‍ നിന്ന് 14 റണ്‍സുമായി നിര്‍ണ്ണായക റണ്ണുകള്‍ നേടി ടീമിന്റെ വിജയത്തില്‍ സുപ്രധാന പങ്ക് വഹിച്ചു.