ഷാക്കിബിന് ഐപിഎല്‍ അനുമതി നല്‍കിയത് പുനഃപരിശോധിക്കുമെന്ന ഭീഷണി മുഴക്കിയെങ്കിലും അത് ചെയ്യേണ്ടതില്ല എന്ന് തീരുമാനിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. താരം നേരത്തെ തന്റെ കത്ത് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഓപ്പറേഷന്‍സ് ചെയര്മാന് അക്രം ഖാന് തെറ്റായി വ്യാഖ്യാനിച്ചതാണെന്നും തനിക്ക് രാജ്യത്തിന് വേണ്ടി ടെസ്റ്റ് കളിക്കുവാന്‍ താല്പര്യമുണ്ടെന്നും ലോകകപ്പ് മുന്‍ നിര്‍ത്തിയാണ് ടി20 ഫോര്‍മാറ്റിന് കൂടുതല്‍ പ്രാമുഖ്യം കൊടുത്തതെന്നും ഷാക്കിബ് പറഞ്ഞിരുന്നു.
ബിസിബി ഡയറക്ടര്‍ ഇസ്മൈല്‍ ഹൈദര്‍ ആണ് താരത്തിനുള്ള അനുമതി പത്രം തുടരുമെന്നും അദ്ദേഹത്തിന് ഐപിഎലില്‍ പങ്കെടുക്കാനാകുമെന്നും അറിയിച്ചത്. ഷാക്കിബ് മാര്‍ച്ച് 28ന് ബംഗ്ലാദേശില്‍ നിന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാമ്പിലേക്ക് യാത്രയാകുമെന്നാണ് അറിയുന്നത്. മേയ് 18 വരെയാണ് താരത്തിന്റെ എന്‍ഒസിയുടെ കാലാവധി. മേയ് 30ന് ശ്രീലങ്കയ്ക്കെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിനത്തില്‍ താരം പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്.