ഷാക്കിബും മുസ്തഫിസുറും ബംഗ്ലാദേശിലെത്തി, ഇനി 14 ദിവസത്തെ ക്വാറന്റീന്‍

ഐപിഎലില്‍ നിന്ന് മടങ്ങിയ ബംഗ്ലാദേശ് താരങ്ങളായ ഷാക്കിബ് അല്‍ ഹസനും മുസ്തഫിസുര്‍ റഹ്മാനും സുരക്ഷിതരമായി ബംഗ്ലാദേശിലെത്തി. ബംഗ്ലാദേശിലെത്തിയ ഇരുവരും ഇനി 14 ദിവസത്തെ ക്വാറന്റീനിന് വിധേയരാകണമെന്നാണ് രാജ്യത്തെ നിയമം. ഇന്ത്യയില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നും എത്തുന്നവര്‍ക്കായി ബംഗ്ലാദേശിന്റെ ആരോഗ്യ മന്ത്രാലയം നടപ്പിലാക്കിയിട്ടുള്ള പ്രത്യേക നിയമം ആണിത്.

മുസ്തഫിസുര്‍ റഹ്മാന്‍ ആണ് ട്വിറ്ററിലൂടെ തങ്ങള്‍ നാട്ടിലെത്തിയ വിവരം അറിയിച്ചത്. താരം രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയും ഷാക്കിബ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടിയുമാണ് ഐപിഎലില്‍ കളിച്ചത്. ഐപിഎലില്‍ ആദ്യം കൊറോണ റിപ്പോര്‍ട്ട് ചെയ്തത് കൊല്‍ക്കത്തയുടെ ക്യാമ്പിലായിരുന്നു.

തങ്ങളുടെ നാട്ടിലേക്കുള്ള യാത്ര സുഗമമാക്കിയ രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഫ്രാഞ്ചൈസികള്‍ക്ക് താരം നന്ദിയും അറിയിച്ചു.