ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാൻ പാകിസ്ഥാൻ താരങ്ങൾക്ക് കഴിയാത്തത് വമ്പൻ നഷ്ടമാണെന്ന് മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദി. ഇന്ത്യൻ പ്രീമിയർ ലീഗ് പോലെയുള്ള വലിയ ടൂർണമെന്റ് വഴി ലഭിക്കുന്ന അനുഭവസമ്പത്ത് വളരെ വലുതാണെന്നും അഫ്രീദി പറഞ്ഞു. 2008ലെ പ്രഥമ ഇന്ത്യൻ പ്രീമിയർ ലീഗിന് ശേഷം പാകിസ്ഥാൻ താരങ്ങൾക്ക് ഐ.പി.എല്ലിൽ അവസരം ലഭിച്ചിട്ടില്ല.
ഇന്ത്യൻ പ്രീമിയർ ലീഗ് വളരെ വലിയ ഒരു ടൂർണമെന്റ് ആണെന്നും ബാബർ അസമിനെ പോലെയുള്ള താരങ്ങൾക്ക് കളിയ്ക്കാൻ അവസരം ലഭിച്ചാൽ സമ്മർദ്ദ ഘട്ടങ്ങളിൽ എങ്ങനെ കളിക്കാമെന്ന കാര്യം അവർ പഠിക്കുമെന്നും അഫ്രീദി പറഞ്ഞു. എന്നാൽ രാഷ്ട്രീയ പ്രശ്നങ്ങൾ കൊണ്ട് പാകിസ്ഥാൻ താരങ്ങൾക്ക് ഇത്തരത്തിലുള്ള ഒരു വലിയ ടൂർണമെന്റിൽ പങ്കെടുക്കാൻ കഴിയുന്നില്ലെന്നും അഫ്രീദി പറഞ്ഞു.
ഇന്ത്യയിൽ ക്രിക്കറ്റ് കളിച്ചത് താൻ ഒരുപാട് ആസ്വദിച്ചിട്ടുണ്ടെന്നും ഇന്ത്യയിലെ ജനങ്ങളിൽ നിന്ന് തനിക്ക് ലഭിക്കുന്ന സ്നേഹത്തെയും ബഹുമാനത്തെയും താൻ ഇപ്പോഴും വിലമതിക്കുന്നുണ്ടെന്നും അഫ്രീദി പറഞ്ഞു.