സഞ്ജു സാംസൺ ഇന്ന് തന്റെ ക്യാപ്റ്റൻസിയുടെ മികവ് എന്താണെന്ന് ക്രിക്കറ്റ് പ്രേമികൾക്ക് ഫീൽഡ് സെറ്റ് ചെയ്തു കൊണ്ട് കാണിച്ചു തന്നതാണ് ആദ്യ ഇന്നിങ്സിൽ കണ്ടത്. സൺ റൈസേഴ്സിന്റെ ബാറ്റർമാർക്ക് സഞ്ജു ഇന്ന് കെണി ഒരുക്കിയത് ഷോർട്ട് തേർഡിൽ ആയിരുന്നു. ചെന്നൈയിലെ സ്ലോ പിച്ചിന്റെ സ്വഭാവം മനസ്സിലാക്കി ഷോർട്ട് തേർഡ് എന്ന ഫീൽഡറെ പ്ലേസ് ചെയ്ത് ആ ഫീൽഡിന് അനുസരിച്ച് സഞ്ജു ബൗളർമാരെ ബൗൾ ചെയ്യിക്കുന്നത് ആണ് കാണാൻ ആയത്.
ഇന്ന് നാലു വിക്കറ്റ് ആണ് ഷോർട്ട് തേർഡിലെ ക്യാച്ചിലൂടെ രാജസ്ഥാൻ റോയൽസ് ഇന്ന് നേടിയത്. ഇതിൽ മൂന്ന് ക്യാച്ചുകളും എടുത്തത് ചാഹൽ ആയിരുന്നു. ആദ്യം അഞ്ചാം ഓവറിലെ ബൗൾട്ടിന്റെ മൂന്നാം ബൗളിൽ ആയിരുന്നു ഷോർട്ട് തേർഡിൽ ഒരു ക്യാച്ച് പോകുന്നത്. ത്രിപാതി തേർഡ് മാന്റെ ഭാഗത്തേക്ക് കളിക്കാൻ ശ്രമിച്ച പന്ത് സ്ലോ ബൗൾ ആയതിനാൽ ഷോർട്ട് തേർഡിൽ ചാഹലിന്റെ കൈകളിലേക്ക് എത്തി.
ഇതേ ഓവറിൽ തന്നെ അവസാന പന്തിൽ മാക്രമും ഷോർട്ട് തേർഡിൽ ചാഹലിന്റെ കൈകളിൽ എത്തി. പിന്നെ ഈ ട്രാപ്പിൽ വീണത് ഹെഡ് ആയിരുന്നു. പത്താം ഓവറിൽ സന്ദീപ് ശർമ്മയുടെ പന്തിൽ ഷോർട്ട് തേർഡിൽ അശ്വിന്റെ കൈയിൽ ക്യാച്ച് നൽകി ഹെഡ് പുറത്തായി.
14ആം ഓവറിൽ ആവേശ് ഖാൻ നിതീഷ് റെഡ്ഡിയെയും ഇതേ ഷോർട്ട് തേർഡിൽ എത്തിച്ചു. ചാഹലിന്റെ കൈകളിൽ ഒരു ക്യാച്ച് കൂടെ. നാലു ക്യാച്ചുകൾ ഒരേ പൊസിഷനിൽ വീണത് വെറും ആകസ്മികമാണെന്ന് ക്രിക്കറ്റ് നിരീക്ഷകർ ആരും കരുതുന്നില്ല. പ്രത്യേകിച്ച് ഇതിൽ ട്രാവിസ് ഹെഡിന്റെ വിക്കറ്റ് ഇതിന് വലിയ ഉദാഹരണമായിരുന്നു.