കിംഗ്സ് ഇലവന്‍ പഞ്ചാബിനു പുതിയ ബൗളിംഗ് കോച്ച്. കഴിഞ്ഞ വര്‍ഷം ടീമിന്റെ ബൗളിംഗ് കോച്ചായിരുന്ന വെങ്കിടേഷ് പ്രസാദിനു പകരം ഓസ്ട്രേലിയന്‍ താരം റയാന്‍ ഹാരിസിനെയാണ് ടീം ബൗളിംഗ് കോച്ചായി പ്രഖ്യാപിച്ചിരിക്കുന്നത്. 2018ല്‍ മികച്ച തുടക്കത്തിനു ശേഷം ഏഴാം സ്ഥാനത്താണ് ടീം അവസാനിച്ചത്. ഇതോടെ അടിമുടിയുള്ള മാറ്റത്തിനാണ് ഫ്രാഞ്ചൈസി തുനിഞ്ഞിറങ്ങിയിരിക്കുന്നത്. ടീമിലെ കളിക്കാരിലും കോച്ചിംഗ് സ്റ്റാഫിലുമെല്ലാം ഈ മാറ്റങ്ങള്‍ പ്രകടമാണ്.
ബ്രാഡ് ഹോഡ്ജിനെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റിയ ശേഷം കിംഗ്സ് ഇലവന്‍ പഞ്ചാബ് മൈക്ക് ഹെസ്സണ് ചുമതല നല്‍കിയിരുന്നു. റയാന്‍ ഹാരിസിനു പുറമെ ബാറ്റിംഗ് കോച്ചായി ശ്രീധരന്‍ ശ്രീറാമിനെയും ഹൈ പെര്‍ഫോമന്‍സ് കോച്ചായി പ്രസന്ന രമണിനെയും ടീമിലെത്തിക്കുവാന്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനായി.
ഇതിനു പുറമെ ക്രെയിഗ് മക്മില്ലനെ ഫീല്‍ഡിംഗ് കോച്ചായും ബ്രെറ്റ് ഹാരോപിനെ ഫിസിയോയായും ടീം കൊണ്ടുവന്നിട്ടുണ്ട്. ഐപിഎല്‍ ലേലം ഡിസംബര്‍ 18നു ആരംഭിക്കാനിരിക്കെയാണ് ഈ പുതിയ തീരുമാനങ്ങള്‍.
കഴിഞ്ഞ വര്‍ഷത്തെ മോശം പ്രകടനത്തിനു ശേഷം ബ്രാഡ് ഹോഡ്ജിന്റെ സ്ഥാനം തെറിച്ചപ്പോള്‍ ടീമിന്റെ മെന്ററായ വീരേന്ദര്‍ സേവാഗും ബൗളിംഗ് കോച്ച് വെങ്കിടേഷ് പ്രസാദും രാജി വയ്ക്കുകയായിരുന്നു.