പ്ലേ ഓഫിനായുള്ള സഞ്ജുവിന്റെ കാത്തിരിപ്പ് തുടരും!!! 5 വിക്കറ്റ് വിജയവുമായി ചെന്നൈ പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തി

Sports Correspondent

ഐപിഎലില്‍ ഇന്നത്തെ ആദ്യ മത്സരത്തിൽ രാജസ്ഥാന്‍ റോയൽസിനെതിരെ 5 വിക്കറ്റ് വിജയവുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ്. 142 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ചെന്നൈ 18.2 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ആണ് ലക്ഷ്യം മറികടന്നത്. രച്ചിന്‍ രവീന്ദ്ര 18 പന്തിൽ 27 റൺസും ഡാരിൽ മിച്ചൽ 13 പന്തിൽ 22 റൺസും നേടിയപ്പോള്‍ ശിവം ദുബേ 11 പന്തിൽ 18 റൺസ് നേടി സ്കോറിംഗ് വേഗത്തിലാക്കിയപ്പോള്‍ റുതുരാജ് ഗായക്വാഡ് കരുതലോടെ തന്റെ ഇന്നിംഗ്സ് മുന്നോട്ട് നയിച്ചു.

Darylmitchell

അവസാന ആറോവറിലേക്ക് മത്സരം എത്തിച്ചപ്പോള്‍ 107/4 എന്ന നിലയിലായിരുന്നു ചെന്നൈ. രവീന്ദ്രയെയും ദുബേയെയും അശ്വിന്‍ പുറത്താക്കിയപ്പോള്‍ ഡാരിൽ മിച്ചലിനെ ചഹാലും മോയിന്‍ അലിയുടെ വിക്കറ്റ് നാന്‍ഡ്രേ ബര്‍ഗറും നേടി.

14 റൺസുമായി റുതുരാജ് – ജഡേജ കൂട്ടുകെട്ട് ടീമിനെ വിജയത്തിന് അടുത്തേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും റണ്ണൗട്ട് ശ്രമം തടസ്സപ്പെടുത്തിയതിന് ജഡേജയെ തേര്‍ഡ് അംപയര്‍ പുറത്താക്കുകയായിരുന്നു. ഇംപാക്ട് പ്ലേയറായി സമീര്‍ റിസ്വി എത്തിയപ്പോള്‍ സന്ദീപ് ശര്‍മ്മയുടെ ഓവറിൽ ബൗണ്ടറി നേടി താരം ലക്ഷ്യം മൂന്നോവറിൽ 13 റൺസാക്കി കുറയ്ക്കുവാന്‍ സഹായിച്ചു.

നാന്‍ഡ്രേ ബര്‍ഗറിനെ സിക്സര്‍ പറത്തി റുതുരാജ് വിജയലക്ഷ്യം 5 റൺസാക്കി മാറ്റി. ട്രെന്റ് ബോള്‍ട്ടിനെ 19ാം ഓവറിൽ തുടരെ രണ്ട് ബൗണ്ടറികള്‍ പായിച്ച് സമീര്‍ റിസ്വി ചെന്നൈയുടെ വിജയം ഉറപ്പാക്കിയപ്പോള്‍ 24 റൺസാണ് ആറാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് നേടിയത്. ഗായക്വാഡ് 41 പന്തിൽ 42 റൺസ് നേടിയപ്പോള്‍ സമീര്‍ റിസ്വി 8 പന്തിൽ 15 റൺസ് നേടി പുറത്താകാതെ ക്യാപ്റ്റന് മികച്ച പിന്തുണ നൽകി.

വിജയത്തോടെ ചെന്നൈ 14 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അതേ സമയം തോൽവി രാജസ്ഥാന്റെ സ്ഥാനം മാറ്റുന്നില്ല. രാജസ്ഥാന്‍ ഇത് തുടര്‍ച്ചയായ മൂന്നാം മത്സരമാണ് പരാജയപ്പെടുന്നത്.