ഐപിഎലിലേക്ക് മടങ്ങിയെത്തുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് ആദ്യം ചെയ്തത് അവരുടെ കോര്‍ ടീമിലെ ഏറ്റവും പ്രാധാന്യമുള്ള താരങ്ങളെ നിലനിര്‍ത്തുക എന്നതായിരുന്നു. ധോണി, റൈന, ജഡേജ എന്നിവരായിരുന്നു അവര്‍. ഇത് കൂടാതെ കോച്ചിംഗ് സ്റ്റാഫിലും തങ്ങളുടെ പഴയ ആളുകളെ തന്നെ തിരികെ എത്തിച്ച് ചെന്നൈ പഴയ ടീമിനെ അതു പോലെ നിലനിര്‍ത്തുവാന്‍ ശ്രമിക്കുന്നുണ്ട്. മൂന്ന് ഇന്ത്യന്‍ താരങ്ങളെ നിലനിര്‍ത്തിയതിനാല്‍ ഇനി ഒരു ഇന്ത്യന്‍ താരത്തിന വേണ്ടി ലേല ദിവസം RTM ഉപയോഗിക്കുവാന്‍ ചെന്നൈയ്ക്ക് ആവില്ല. അതിനാല്‍ തന്നെ ഇനി അവര്‍ അത് ഉപയോഗിക്കുക വിദേശ താരങ്ങളെ നിലനിര്‍ത്താനാവും.
അപ്പോളും ചോദ്യം ആരെയാവും അവര്‍ നില നിര്‍ത്തുക എന്നതാണ്. ബ്രണ്ടന്‍ മക്കല്ലം, ഡ്വെയിന്‍ ബ്രാവോ, ഫാഫ് ഡു പ്ലെസി എന്നീ മൂന്ന് താരങ്ങളില്‍ കൂടുതല്‍ മുന്‍തൂക്കം മക്കല്ലത്തിനും ബ്രാവോയ്ക്കും തന്നെയാവും. ഇരുവരും ഇപ്പോള്‍ ടി20 ലീഗുകളില്‍ മാത്രമാണ് സജീവം. മക്കല്ലം വിരമിച്ച് കഴിഞ്ഞെങ്കില്‍ ബ്രാവോ വെസ്റ്റിന്‍ഡീസ് ടീമിലേക്കുള്ള മടങ്ങിവരവ് സ്വയം തള്ളിക്കളയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ധോണിയെ അലട്ടുക ഫാഫ് ഡു പ്ലെസിയുടെ സേവനം നഷ്ടപ്പെടുമോ എന്ന ചിന്തയാകും. ചെന്നൈയ്ക്ക് വേണ്ടി പലപ്പോഴും പ്രതിസന്ധി ഘട്ടത്തില്‍ ഉപകാരപ്പെട്ട ഒരു താരമാണ് ഫാഫ്. ചെന്നെയുടെ മധ്യനിരയ്ക്ക് എന്നും ആശ്രയിക്കാവുന്ന ഒരു താരം. പഴയ ടീമിനെ നിലനിര്‍ത്തുക എന്നതാണ് തങ്ങളുടെ ദൗത്യം എന്ന് ചെന്നൈ അറിയിച്ചിട്ടുണ്ട്. ഒപ്പം തന്നെ ഒരു പരിധിയ്ക്കപ്പുറം താരങ്ങള്‍ക്ക് ലേലത്തില്‍ വിലയുയരുകയാണെങ്കില്‍ അവരെ കൈവിടുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ലെന്നും ടീം അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
തന്റെ പ്രതാപകാലം കഴിഞ്ഞെങ്കിലും ടി20 ലീഗുകളില്‍ ഇപ്പോളും മികച്ച സ്കോറുകള്‍ നേടുവാന്‍ മക്കല്ലത്തിനു സാധിക്കുന്നുണ്ട്. ബ്രാവോയും അത് പോലെ വിക്കറ്റുകള്‍ നേടി നിലവില്‍ പല ലീഗുകളിലും തന്റെ സാന്നിധ്യം അറിയിക്കുന്നുണ്ട്. RTM ഉപയോഗിച്ച് ഈ മൂന്ന് പേരില്‍ രണ്ട് പേരെ നിലനിര്‍ത്താമെന്നിരിക്കെ ആരെയാവും ചെന്നൈ ടീമിലെത്തിക്കുക എന്നതിനു ഏതാനും ദിവസങ്ങള്‍ കൂടിയെ ഐപിഎല്‍ ആരാധകര്‍ കാത്തിരിക്കേണ്ടതുള്ളു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial