ഐപിഎലില്‍ ഇന്നത്തെ രണ്ടാം മത്സരത്തിൽ രാജസ്ഥാനെതിരെ 196 റൺസ് നേടി ലക്നൗ സൂപ്പര്‍ ജയന്റ്സ്. ക്യാപ്റ്റന്‍ കെഎൽ രാഹുലും ദീപക് ഹൂഡയും നേടിയ അര്‍ദ്ധ ശതകങ്ങള്‍ ആണ് ലക്നൗവിനെ ഈ സ്കോറിലേക്ക് എത്തിച്ചത്. തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി പ്രതിരോധത്തിലായ ടീമിനെ മൂന്നാം വിക്കറ്റിൽ രാഹുല്‍ – ഹൂഡ കൂട്ടുകെട്ട് ആണ് മാന്യമായ സ്കോറിലേക്ക് എത്തിയ്ക്കുവാന്‍ സഹായിച്ചത്.
ആദ്യ ഓവറിൽ തന്നെ ക്വിന്റൺ ഡി കോക്കിനെ പുറത്താക്കി ട്രെന്റ് ബോള്‍ട്ട് ലക്നൗവിന് ആദ്യ തിരിച്ചടി നൽകിയപ്പോള്‍ മാര്‍ക്കസ് സ്റ്റോയിനിസ് സന്ദീപ് ശര്‍മ്മയ്ക്ക് വിക്കറ്റ് നൽകി മടങ്ങി.
11/2 എന്ന നിലയിലേക്ക് വീണ ലക്നൗവിനെ മൂന്നാം വിക്കറ്റിൽ കെഎൽ രാഹുല്‍ – ദീപക് ഹൂഡ കൂട്ടുകെട്ട് മുന്നോട്ട് നയിയ്ക്കുകയായിരുന്നു. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 46 റൺസായിരുന്നു ലക്നൗ നേടിയത്.
31 പന്തിൽ നിന്ന് രാഹുല്‍ അര്‍ദ്ധ ശതകം നേടിയപ്പോള്‍ പത്തോവറിൽ നിന്ന് 94 റൺസാണ് ലക്നൗ നേടിയത്. 30 പന്തിൽ തന്റെ അര്‍ദ്ധ ശതകം തികച്ച ദീപക് ഹൂഡ അടുത്ത നേരിട്ട പന്തിൽ അശ്വിന് വിക്കറ്റ് നൽകി മടങ്ങിയപ്പോള്‍ മൂന്നാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 115 റൺസാണ് നേടിയത്.
നാലാം വിക്കറ്റിൽ രാഹുലും പൂരനും ക്രീസിലെത്തിയപ്പോള്‍ 15 ഓവറിൽ 150 റൺസാണ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്നൗ നേടിയത്. 24 റൺസ് നേടിയ ഈ കൂട്ടുകെട്ടിനെ സന്ദീപ് ശര്‍മ്മയാണ് പുറത്താക്കിയത്. 11 റൺസ് നേടിയ പൂരന്റെ വിക്കറ്റാണ് ലക്നൗവിന് പിന്നീട് നഷ്ടമായത്.
48 പന്തിൽ 76 റൺസ് നേടിയ രാഹുലിനെ പുറത്താക്കി അവേശ് ഖാന്‍ രാജസ്ഥാന് അഞ്ചാം വിക്കറ്റ് നേടിക്കൊടുത്തു. ആയുഷ് ബദോനി 13 പന്തിൽ 18 റൺസും ക്രുണാൽ പാണ്ഡ്യ 11 പന്തിൽ 15 റൺസും നേടി ആറാം വിക്കറ്റിൽ 16 പന്തിൽ നിന്ന് 23 റൺസ് നേടിയാണ് ലക്നൗവിനെ 196/5 എന്ന സ്കോറിലേക്ക് എത്തിച്ചത്.