ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ തന്റെ വ്യക്തിഗത നേട്ടങ്ങളെക്കാൾ ടീമിന് പ്രാധാന്യം കൊടുത്തതുകൊണ്ടാണ് മുംബൈ ഇന്ത്യൻസിന്റെ കൂടെ ഒരുപാട് കിരീടങ്ങൾ നേടിയതെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ. സ്റ്റാർ സ്പോർസ്റ്റിന്റെ ക്രിക്കറ്റ് കണക്റ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇർഫാൻ പഠാൻ. 2011 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ അവസരം ലഭിക്കാതിരുന്നത് രോഹിത് ശർമ്മക്ക് ഒരു താരത്തിൽ ഗുണമാണ് ചെയ്തതെന്നും താരം അതിന് ശേഷം മികച്ച പ്രകടനം പുറത്തെടുത്ത് ടീമിൽ തിരിച്ചെത്തിയെന്നും ഇർഫാൻ പഠാൻ പറഞ്ഞു.
രോഹിത് ശർമ്മയുമായി സംസാരിക്കുമ്പോഴെല്ലാം താരം വിവേകപൂർണമായ കാര്യങ്ങളാണ് സംസാരിക്കുകയെന്നും ഇർഫാൻ പഠാൻ പറഞ്ഞു. രോഹിത് ശർമ്മ എല്ലായിപ്പോഴും തന്റെ വ്യക്തിഗത നേട്ടങ്ങളെക്കാൾ ടീമിന് പ്രാധാന്യം നല്കുന്നതുകൊണ്ടാണ് മുംബൈ ഇന്ത്യൻസിന്റെ കൂടെ കിരീടങ്ങൾ നേടിയതെന്നും ഇർഫാൻ പഠാൻ പറഞ്ഞു. മുംബൈ ഇന്ത്യൻസിന്റെ കൂടെ രോഹിത് ശർമ്മ 4 ഐ.പി.എൽ കിരീടങ്ങൾ നേടിയിട്ടുണ്ട്.