203 എന്ന ശ്രമകരമായ ലക്ഷ്യം തേടിയിറങ്ങിയ കിംഗ്സ് ഇലവന്‍ പഞ്ചാബിനു വേണ്ടി ഗെയിലും രാഹുലും പൂരനുമെല്ലാം ശ്രമിച്ചു നോക്കിയെങ്കിലും ഇവര്‍ക്കാര്‍ക്കും തങ്ങളുടെ ഇന്നിംഗ്സ് അധികം മുന്നോട്ട് നയിക്കുവാനാകാതെ പോയപ്പോള്‍ 185 റണ്‍സില്‍ അവസാനിച്ച് പഞ്ചാബ് ഇന്നിംഗ്സ്. 17 റണ്‍സ് വിജയത്തോടെ അവസാന സ്ഥാനത്ത് നിന്ന് മോചനം നേടുവാന്‍ ആര്‍സിബിയ്ക്ക് സാധിച്ചു. ജയത്തോടെ എട്ട് പോയിന്റുമായി പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി നിര്‍ത്തുവാന്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു സാധിച്ചു.
3.2 ഓവറില്‍ 42 റണ്‍സ് നേടി പറക്കുകയായിരുന്നു പഞ്ചാബിനു ഉമേഷ് യാദവ് ആണ് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. 10 പന്തില്‍ നിന്ന് 23 റണ്‍സ് നേടിയ ക്രിസ് ഗെയില്‍ മടങ്ങിയെങ്കിലും ലോകേഷ് രാഹുലും മയാംഗ് അഗര്‍വാലും ടീമിന്റെ സ്കോറിംഗ് ദൗത്യം ഏറ്റെടുത്ത് മുന്നോട്ട് നയിക്കുകയായിരുന്നു. 59 റണ്‍സ് രണ്ടാം വിക്കറ്റില്‍ നേടി മയാംഗ് അഗര്‍വാല്‍ (35) മടങ്ങി ഏറെ വൈകാതെ 27 പന്തില്‍ നിന്ന് 42 റണ്‍സ് നേടിയ ലോകേഷ് രാഹുലും മടങ്ങിയതോടെ പഞ്ചാബിന്റെ ചേസിംഗ് പ്രതിസന്ധിയിലാകുകയായിരുന്നു.
10.1 ഓവറില്‍ 105 റണ്‍സ് നേടിയെങ്കിലും താരങ്ങളാരും വലിയ ഇന്നിംഗ്സിലേക്ക് തങ്ങളുടെ ബാറ്റിംഗ് പ്രകടനത്തെ മാറ്റാനാകാതെ പോയതാണ് പഞ്ചാബിനു തിരിച്ചടിയായത്. എന്നാല്‍ നാലാം വിക്കറ്റില്‍ മത്സരം തിരികെ പഞ്ചാബിന്റെ പക്ഷത്തേക്ക് നിക്കോളസ് പൂരന്‍ തിരിയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. സിക്സുകളിലൂടെ ബാംഗ്ലൂര്‍ ബൗളര്‍മാരെ കണക്കറ്റ് പ്രഹരിച്ച് ലക്ഷ്യം 24 പന്തില്‍ 47 ആക്കി മാറ്റുവാന്‍ വിന്‍ഡീസ് യുവതാരത്തിനു സാധിച്ചിരുന്നു.
17ാം ഓവര്‍ എറിഞ്ഞ ടിം സൗത്തിയെ ആദ്യ രണ്ട് പന്തുകളില്‍ ബൗണ്ടറി നേടി മില്ലറും ഒപ്പം കൂടിയപ്പോള്‍ പഞ്ചാബ് വിജയ പ്രതീക്ഷ പുലര്‍ത്തുകയും ആര്‍സിബി ക്യാമ്പില്‍ പരിഭ്രാന്തി പരക്കുകയുമായിരുന്നു. 44 റണ്‍സില്‍ നിക്കോളസ് പൂരന്റെ ക്യാച്ച് മാര്‍ക്കസ് സ്റ്റോയിനിസ് കൈവിട്ടതും പഞ്ചാബിന്റെ പ്രതീക്ഷകള്‍ക്ക് കരുത്തേകി. ലക്ഷ്യം അവസാന രണ്ടോവറില്‍ 30 ആയിരുന്നുവെങ്കിലും മില്ലറും പൂരനും ക്രീസിലുള്ളപ്പോള്‍ പഞ്ചാബ് പ്രതീക്ഷ കൈവിട്ടിരുന്നില്ല.
നവ്ദീപ് സൈനി എറിഞ്ഞ 19ാം ഓവറില്‍ ഡേവിഡ് മില്ലറുടെ വിക്കറ്റ് മികച്ചൊരു ക്യാച്ചിലൂടെ എബിഡി പൂര്‍ത്തിയാക്കി. 25 പന്തില്‍ നിന്ന് 24 റണ്‍സാണ് മില്ലറുടെ സംഭാവന. ഓവറിന്റെ അവസാന പന്തില്‍ നിക്കോളസ് പൂരനെയും സൈനി പുറത്താക്കി. മികച്ചൊരു ജഡ്ജ്മെന്റിലൂടെ എബി ഡി വില്ലിയേഴ്സ് തന്നെയാണ് ആ ക്യാച്ചും പൂര്‍ത്തിയാക്കിയത്. 28 പന്തില്‍ നിന്ന് 5 സിക്സ് സഹിതം 46 റണ്‍സായിരുന്നു പൂരന്റെ സമ്പാദ്യം.
അവസാന ഓവറില്‍ ജയിക്കുവാന്‍ 27 റണ്‍സ് വേണ്ടിയിരുന്ന പഞ്ചാബിനായി ആദ്യ പന്തില്‍ നായകന്‍ അശ്വിന്‍ സിക്സ് അടിച്ചുവെങ്കിലും വീണ്ടും സിക്സ് നേടുവാനുള്ള ശ്രമത്തിനിടെ കിംഗ്സ് നായകന്‍ അശ്വിനെ ഉമേഷ് യാദവ് പുറത്താക്കി. അടുത്ത പന്തില്‍ ഹാര്‍ഡസ് വില്‍ജോയനെയും ഉമേഷ് പുറത്താക്കിയതോടെ മത്സരം ബാംഗ്ലൂര്‍ സ്വന്തമാക്കുകയായിരുന്നു.
ബാംഗ്ലൂര്‍ ബൗളര്‍മാരില്‍ ഉമേഷ് യാദവ് നാലോവറില്‍ 36 റണ്‍സിനു 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നവ്ദീപ് സൈനി 33 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റ് നേടി.