Picsart 24 05 19 00 26 21 981

ചാരമായെന്ന് കരുതിയ സ്ഥലത്ത് നിന്ന് കത്തിപടർന്ന RCB!! ഇതാണ് തിരിച്ചുവരവ്!!

RCB അവരുടെ ആദ്യ കിരീടത്തിൽ എത്തുമോ ഇല്ലയോ എന്ന ചർച്ചകൾ ഒക്കെ ആരംഭിക്കേണ്ട സമയമാണ്. പക്ഷെ അവർ കിരീടം നേടുമോ ഇല്ലയോ എന്ന ചർച്ചകൾക്കും മുകളിൽ ആകണം അവരുടെ പ്ലേ ഓഫിലേക്കുള്ള യാത്രയെ കുറിച്ചുള്ള ചർച്ചകൾ. സീസണിൽ ആദ്യ 8 മത്സരങ്ങൾ കഴിഞ്ഞപ്പോൾ വെറും ഒരു മത്സരം മാത്രം ജയിച്ച് ടേബിളിന്റെ ഏറ്റവും അവസാനത്ത് ഉണ്ടായിരുന്ന ടീം. ആർ സി ബി എലിമിനേറ്റ് ആയി എന്ന് ഏവരും കരുതിയിരുന്ന സ്ഥിതി. അവിടെ നിന്നാണ് അവർ പൊരുതി വന്നിരിക്കുന്നത്. സമാനതകൾ ഇല്ലാത്ത തിരിച്ചുവരവ്.

ഏപ്രിൽ 21ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് വെറും ഒരു റൺസിന് പരാജയപ്പെട്ടപ്പോൾ എല്ലാവരും എഴുതി തള്ളിയതാണ്‌. അന്ന് അവരുടെ തുടർച്ചയായ ആറാം പരാജയമായിരുന്നു. ഇനി കളി അഭിമാനത്തിനു വേണ്ടിയാണെന്നാണ് കോഹ്ലി പോലും ആ സമയത്ത് പറഞ്ഞിരുന്നത്.

അന്ന് മുതൽ കണ്ടത് പുതിയ ആർ സി ബിയെ ആയിരുന്നു. ഒന്നിനു പിറകെ ഒന്നായി തുടർച്ചയായി ആറ് വിജയങ്ങൾ. അതിൽ പലതും മികച്ച മാർജിനിൽ തന്നെ. ഇത് അവരുടെ റൺ റേറ്റ് ഉയർത്താൻ അവരെ സഹായിച്ചു. ആർ സി ബി ഒരു ടീമായി വളരുന്നത് ഒരോ മത്സരം കഴിയും തോറും കാണാൻ ആയി. അവർ വിജയിക്കുന്നതിനൊപ്പം അവർക്ക് അനുകൂലമായി ചുറ്റും കാര്യങ്ങൾ പോകാനും തുടങ്ങി.

ഇന്ന് അവർ സ്വന്തം കാണികൾക്ക് മുന്നിൽ ചെന്നൈയെ നേരിടുമ്പോൾ അവർക്ക് വിജയിച്ചാൽ മാത്രം പോരായിരുന്നു.18 റൺസിന്റെ മാർജിനിൽ ജയിക്കണമായിരുന്നു.ആർ സി ബിയുടെ ഒരോ താരവും 100ൽ 100 കൊടുത്ത മത്സരമായിരുന്നു ഇത്. ഫാഫ് ഡു പ്ലസിസ് സാന്റ്നറെ പുറത്താക്കാൻ എടുത്ത് ആ ക്യാച്ച്, കോഹ്ലിയുടെ ശരീരഭാഷ ഇതെല്ലാം ഈ ടീമിന്റെ ടീമിനായുള്ള കളിയാണ് കാണിച്ചു തന്നത്.

അവസാനം ചെന്നൈയിനെ അവർക്ക് വേണ്ട മാർജിനിൽ തോൽപ്പിച്ച് ആർ സി ബി പ്ലേ ഓഫ് ഉറപ്പിച്ചു. നാലാം സ്ഥാനത്ത് ആർ സി ബിയുടെ പേരിനു നേരെ ക്വാളിഫെയ്ഡ് എന്ന് എഴുതി ചേർത്തു. പ്ലേ ഒഫിലേക്ക് എത്തുമ്പോൾ ആർ സി ബിയേക്കാൾ നല്ല മൊമന്റത്തിൽ ഒരു ടീമും ഇല്ല എന്നതാണ് സത്യം. കഴിഞ്ഞ മാസം വനിത പ്രീമിയർ ലീഗിലൂടെ ആർ സി ബി തങ്ങളുടെ ആദ്യ കിരീടം നേടിയിരുന്നു. ഇനി പുരുഷ ടീം കൂടെ കിരീടം എന്ന സ്വപ്നത്തിലേക്ക് എത്തുമോ എന്നറിയാനുള്ള കാത്തിരിപ്പാണ്.

Exit mobile version