ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ മാർച്ചിൽ ആണ് നടക്കേണ്ടത്. ബിസിസിഐ ഇതുവരെ മത്സര ക്രമങ്ങൾ പ്രഖ്യാപിച്ചിട്ടില്ല എങ്കിലും ഇന്ത്യൻ ബൗളർമാർ ഐപിഎൽ കളിക്കുന്നതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യൻ കോച്ച് രവി ശാസ്ത്രി. മെയ് – ജൂൺ മാസങ്ങളിൽ നടക്കുന്ന ലോകകപ്പിൽ കളിക്കേണ്ടതിനാൽ ഐപിഎൽ ഇന്ത്യൻ ബൗളർമാർക്ക് അധിക ജോലി ഭാരം ആയിരിക്കും എന്നാണ് രവി ശാസ്ത്രി പറയുന്നത്.
ഓസ്‌ട്രേലിയയിലും തുടർന്ന് ന്യൂസിലാൻഡിലും നടന്നു കൊണ്ടിരിക്കുന്ന ഇന്ത്യയുടെ പര്യടനത്തിന് ശേഷം ഈ മാസം പകുതിക്ക് ശേഷം മാത്രമേ ഇന്ത്യൻ ടീം നാട്ടിൽ തിരിച്ചെത്തുകയുള്ളു. അതിനു ശേഷം ഐപിഎൽ കൂടെ കളിക്കുന്നത് ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകൾക്ക് തിരിച്ചടിയാവും എന്നും ശാസ്ത്രി പറയുന്നു. ഐപിഎലിൽ പ്രധാന താരങ്ങൾക്ക് പരിക്കേറ്റാൽ മുന്നൊരുക്കത്തെ ബാധിക്കുമെന്നും ഐപിഎൽ ഫ്രാൻഞ്ചൈസികളുമായി സംസാരിച്ചു പ്രധാന താരങ്ങളെ കുറച്ചു ഐപിഎൽ മത്സരങ്ങളിൽ മാത്രം പങ്കെടുപ്പിക്കാൻ തീരുമാനം എടുക്കണം എന്നും ശാസ്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യൻ ബൗളർമാരിൽ വലിയ പ്രതീക്ഷയാണ് ഉള്ളത്, ഓസ്‌ട്രേലിയയിലും ന്യൂസിലാൻഡിലും തകർപ്പൻ പ്രകടനം കാഴ്ചവെച്ച ബുമ്ര, ഷാമി, ഭുവനേശ്വർ എന്നിവർ ഇല്ലാതെ ലോകകപ്പിന് പങ്കെടുക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ പോലും ശാസ്ത്രിക്ക് കഴിയില്ല.