റണ്‍ സ്കോറിംഗ് ബുദ്ധിമുട്ടായ പിച്ചില്‍ ബാറ്റ്സ്മാന്‍ നല്‍കിയ 162 റണ്‍സെന്ന സ്കോര്‍ കാത്ത് രക്ഷിച്ച് സണ്‍റൈസേഴ്സ് ബൗളര്‍മാര്‍. തുടക്കം മുതല്‍ വിക്കറ്റുകളുമായി ഡല്‍ഹിയെ പ്രതിരോധത്തിലാക്കുവാന്‍ സണ്‍റൈസേഴ്സിന് സാധിച്ചപ്പോള്‍ റഷീദ് ഖാന്‍ മൂന്ന് വിക്കറ്റും ഭുവനേശ്വര്‍ കുമാര്‍ രണ്ട് വിക്കറ്റും നേടിയപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 147/7 എന്ന സ്കോറാണ് നേടിയത്. 15 റണ്‍സാണ് വിജയമാണ് സണ്‍റൈസേഴ്സ് നേടിയത്.
ഭുവനേശ്വര്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ പൃഥ്വി ഷായെ നഷ്ടമാകുമ്പോള്‍ ഡല്‍ഹിയുടെ സ്കോര്‍ ബോര്‍ഡില്‍ 2 റണ്‍സായിരുന്നു. പിന്നീട് ശ്രേയസ്സ് അയ്യരും ശിഖര്‍ ധവാനും ചേര്‍ന്ന് 40 റണ്‍സ് നേടിയെങ്കിലും റഷീദ് ഖാന്‍ തന്റെ ആദ്യ ഓവറില്‍ തന്നെ അയ്യരെ മടക്കി. 17 റണ്‍സാണ് ശ്രേയസ്സ് അയ്യരുടെ സംഭാവന. 34 റണ്‍സ് നേടിയ ശിഖര്‍ ധവാനെയും റഷീദ് ഖാന്‍ പുറത്താക്കിയപ്പോള്‍ സണ്‍റൈസേഴ്സ് 11.3 ഓവറില്‍ 62/3 എന്ന നിലയില്‍ പ്രതിരോധത്തിലായി.
പിന്നീട് ഋഷഭ് പന്തും ഷിമ്രണ്‍ ഹെറ്റ്മ്യറും ആക്രമിച്ച് കളിച്ച് 42 റണ്‍സിന്റെ അതിവേഗത്തിലുള്ള ഒരു കൂട്ടുകെട്ട് പുറത്തെടുക്കുകയായിരുന്നു. അഭിഷേക് ശര്‍മ്മ തന്റെ നാലാം ഓവര്‍ എറിയുവാനെത്തുമ്പോള്‍ 19 റണ്‍സാണ് താരം വിട്ട് നല്‍കിയത്. ഓവറില്‍ നിന്ന് ഋഷഭ് പന്തിന്റെ ഒരു റിട്ടേണ്‍ ക്യാച്ച് കൈവിട്ട ശേഷം അഭിഷേകിനെ രണ്ട് സിക്സര്‍ പറത്തി പന്ത് തിരിച്ചടിയ്ക്കുകയായിരുന്നു.
ഖലീല്‍ അഹമ്മദിനെ രണ്ട് സിക്സര്‍ പറത്തി ഷിമ്രണ്‍ ഹെറ്റ്മ്യറും രംഗത്തെത്തിയതോടെ മത്സരത്തിലേക്ക് ഡല്‍ഹി ശക്തമായ തിരിച്ചുവരവ് നടത്തി. 15 ഓവറില്‍ 104 റണ്‍സാണ് 3 വിക്കറ്റില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നേടിയത്. എന്നാല്‍ തന്റെ ഏറ്റവും മികച്ച ബൗളര്‍ക്ക് ബൗളിംഗ് ദൗത്യം ഏല്പിച്ച ഡേവിഡ് വാര്‍ണറിന് അതിന്റെ ഫലം അടുത്ത ഓവറില്‍ തന്നെ ലഭിച്ചു. 12 പന്തില്‍ 21 റണ്‍സ് നേടിയ ഹെറ്റ്മ്യറിനെ മനീഷ് പാണ്ടേയുടെ കൈകളിലെത്തിച്ച് ഭുവനേശ്വര്‍ കുമാര്‍ സണ്‍റൈസേഴ്സിന് വളരെ വിലപ്പെട്ട വിക്കറ്റ് നല്‍കി.
24 പന്തില്‍ 49 റണ്‍സെന്ന നിലയില്‍ ഡല്‍ഹി നില്‍ക്കവേ വീണ്ടും സണ്‍റൈസേഴ്സ് നായകന്‍ റഷീദ് ഖാനെ ദൗത്യം ഏല്പിക്കുകയായിരുന്നു. 28 റണ്‍സ് നേടിയ പന്തിനെ വീഴ്ത്തി റഷീദ് ഡല്‍ഹി ക്യാപിറ്റല്‍സിന് കനത്ത പ്രഹരമേല്പിച്ചു. ഓവറില്‍ നിന്ന് വെറും അഞ്ച് റണ്‍സ് മാത്രമാണ് റഷീദ് ഖാന്‍ നേടിയത്. തന്റെ സ്പെല്ലില്‍ നിന്ന് വെറും 14 റണ്‍സ് വിട്ട് നല്‍കിയാണ് റഷീദ് ഖാന്‍ മൂന്ന് വിക്കറ്റ് നേടിയത്.
അടുത്ത ഓവര്‍ എറിഞ്ഞ ടി നടരാജന്‍ ഓവറില്‍ നിന്ന് വെറും 7 റണ്‍സ് മാത്രം വിട്ട് നല്‍കി മാര്‍ക്കസ് സ്റ്റോയിനിസിനെ വീഴ്ത്തിയപ്പോള്‍ മത്സരം ഏറെക്കുറെ സണ്‍റൈസേഴ്സിന്റെ കൈകളിലെത്തി. അവസാന രണ്ടോവറില്‍ നിന്ന് ഡല്‍ഹിയ്ക്ക് ജയത്തിനായി 37 റണ്‍സായിരുന്നു വേണ്ടിയിരുന്നത്.
സണ്‍റൈസേഴ്സിന്റെ പ്രധാന ബൗളര്‍ ഭുവി എറിഞ്ഞ 19ാം ഓവറില്‍ 9 റണ്‍സ് മാത്രം വന്നപ്പോള്‍ അവസാന ഓവറില്‍ 28 റണ്‍സായിരുന്നു ഡല്‍ഹിയ്ക്ക് വിജയത്തിനായി വേണ്ടിയിരുന്നത്. സണ്‍റൈസേഴ്സിനായി ഖലീല്‍ അഹമ്മദും നടരാജനും ഓരോ വിക്കറ്റ് വീതം നേടി.