ഇന്ന് രാജസ്ഥാൻ റോയൽസ് തോറ്റതാണെന്ന് പറയാൻ ആകില്ല. തേർഡ് അമ്പയർ തോൽപ്പിച്ചതാണെന്ന് പറയണം. വിജയത്തിലേക്ക് രാജസ്ഥാൻ റോയൽസ് അടുക്കവെ ഒരു വിവാദ തീരുമാനം ആണ് സഞ്ജുവിന്റെ ടീമിന്റെ താളം തെറ്റിച്ചത്. ഇന്ന് 15.3 ഓവറിൽ 162-3 എന്ന ശക്തമായ നിലയിൽ ആയിരുന്നു രാജസ്ഥാൻ റോയൽസ്. സഞ്ജു സാംസൺ ടീമിനെ മുന്നിൽ നിന്നു നയിക്കുമ്പോൾ ആണ് തേർഡ് അമ്പയറിന്റെ വിവാദ തീരുമാനം കളിയുടെ ഗതി മാറ്റിയത്.
സഞ്ജു മുകേഷ് കുമാറിന്റെ പന്തിൽ സിക്സ് അടിക്കവെ ലൈനിൽ വെച്ച് ഷായ് ഹോപ് ക്യാച്ച് ചെയ്ത് ഔട്ട് ആവുക ആയിരുന്നു. ആ പന്ത് ക്യാച്ച് ചെയ്യവെ ഷായ് ഹോപിന്റെ കാല് ബൗണ്ടറി ലൈനിൽ തട്ടിയിരുന്നു. എന്നാൽ അധികം പരിശോധന നടത്താൻ തേർഡ് അമ്പയർ തയ്യാറായില്ല.
ആ ക്യാചിന്റെ റീപ്ലേയിൽ ഷായ് ഹോപിന്റെ കാല് ബൗണ്ടറി ലൈനിന് തൊട്ടു തൊട്ടില്ല എന്ന രീതിയിൽ ആയിരുന്നു. ഒരൊറ്റ തവണ റീപ്ലേ കണ്ട് വളരെ പെട്ടെന്ന് തന്നെ അമ്പയർ ഔട്ട് എന്ന് വിധിച്ചു. ഒന്ന് സൂം ചെയ്ത് നോക്കി പരിശോധിക്കാൻ പോലും അമ്പയർ തയ്യാറായില്ല. ഇത് സഞ്ജുവിനെ രോഷാകുലനാക്കി.
സഞ്ജു ഗ്രൗണ്ട് വിട്ടു പോകാൻ തയ്യാറായില്ല. സഞ്ജു അമ്പയറോട് റിവ്യൂ ആവശ്യപ്പെട്ടു എങ്കിലും അതിന് സമയം ഉണ്ടായിരുന്നില്ല. തുടർന്ന് നിരാശയോടെ ആണ് സഞ്ജു ഗ്രൗണ്ട് വിട്ടത്. 46 പന്തിൽ നിന്ന് 86 റൺസ് സഞ്ജു എടുത്തിരുന്നു. ഈ വിക്കറ്റ് പോകുന്നത് വരെ വിജയ പാതയിൽ ആയിരുന്ന രാജസ്ഥാൻ റോയൽസ് പിന്നീട് തകർന്നു. ആ തെറ്റായ വിധി അത്രത്തോളം രാജസ്ഥാനെ ബാധിച്ചിരുന്നു.