കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കണിശതയാര്‍ന്ന ബൗളിംഗിനു മുന്നില്‍ പതറി ജോസ് ബട്‍ലര്‍ ഉള്‍പ്പെടുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ടോപ് ഓര്‍ഡര്‍ താരങ്ങള്‍. ആദ്യ പത്തോവറില്‍ നിന്ന് 56 റണ്‍സ് മാത്രമാണ് ടീമിനു നേടാനായത്. പിന്നീട് 20 ഓവര്‍ പിന്നിടുമ്പോള്‍ സ്റ്റീവ് സ്മിത്ത് നേടിയ 73 റണ്‍സിന്റെ ബലത്തില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ 139 റണ്‍സിലൊതുങ്ങി. സ്മിത്ത് 59 പന്തില്‍ നിന്ന് 73 റണ്‍സ് നേടി പുറത്താകാതെ നിന്നു. 7 ബൗണ്ടറിയും ഒരു സിക്സുമാണ് സ്മിത്തിന്റെ നേട്ടം. കൊല്‍ക്കത്തയ്ക്കായി ഹാരി ഗുര്‍ണേ രണ്ടും പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും നേടി.
നായകന്‍ അജിങ്ക്യ രഹാനെയെ രണ്ടാം ഓവറില്‍ നഷ്ടമായ ശേഷം 72 റണ്‍സ് കൂട്ടുകെട്ട് രണ്ടാം വിക്കറ്റില്‍ ജോസ് ബട്‍ലറും-സ്റ്റീവന്‍ സ്മിത്തും നേടിയെങ്കിലും കൂട്ടുകെട്ടിനു ഒരു ഘട്ടത്തിലും ബൗളര്‍മാര്‍ക്ക് മേല്‍ ആധിപത്യം പുലര്‍ത്താനായിരുന്നില്ല. 12ാം ഓവറില്‍ ജോസ് ബട്‍ലറെ നഷ്ടമായതോടെ വലിയ സ്കോറെന്ന രാജസ്ഥാന്റെ പ്രതീക്ഷയ്ക്ക് കനത്ത തിരിച്ചടിയായി കാര്യങ്ങള്‍.
34 പന്തില്‍ നിന്ന് 37 റണ്‍സാണ് ജോസ് ബട്‍ലര്‍ നേടിയത്. രാഹുല്‍ ത്രിപാഠിയും സ്കോറര്‍മാരെ അധികം ബുദ്ധിമുട്ടിക്കാതെ മടങ്ങിയപ്പോള്‍ 16 ഓവറില്‍ നിന്ന് 106 റണ്‍സാണ് രാജസ്ഥാന്‍ നേടിയത്. അവസാന നാലോവറില്‍ നിന്ന് 33 റണ്‍സാണ് രാജസ്ഥാന്‍ റോയല്‍സ് നേടിയത്.