ചെന്നൈയിലെ ആദ്യ പിച്ചില്‍ ബാറ്റിംഗ് ദുഷ്കരമായ രീതിയില്‍ ചെപ്പോക്കിലെ രണ്ടാം മത്സരത്തിലും ബാറ്റിംഗ് പ്രയാസകരമായിരുന്നു. ധോണിയും റെയ്‍നയും ഇന്നിംഗ്സിനു നങ്കൂരമിടുകയും അവസാന ഓവറുകളില്‍ ധോണിയും ബ്രാവോയും അടിച്ച് കളിയ്ക്കുകയും ചെയ്തപ്പോള്‍ പ്രയാസമേറിയ പിച്ചിലും 175/5 എന്ന മികച്ച സ്കോര്‍ നേടുവാന്‍ ചെന്നൈയ്ക്ക് സാധിച്ചു. ചെന്നൈ ബൗളര്‍മാര്‍ക്ക് മത്സരം എറിഞ്ഞു പിടിക്കുവാനുള്ള ആത്മവിശ്വാസം നല്‍കുന്ന സ്കോറിലേക്ക് ടീമിനെ എത്തിയ്ക്കുവാന്‍ ധോണിയ്ക്ക് കഴിഞ്ഞുവെന്നത് ഏറ്റവും ശ്രദ്ധേയമായ കാര്യമാണ്.
27/3 എന്ന നിലയില്‍ തകര്‍ന്ന ടീമിന്റെ രക്ഷയ്ക്കെത്തിയത് സുരേഷ് റെയ്‍ന-എംഎസ് ധോണി കൂട്ടുകെട്ടായിരുന്നു. അമ്പാട്ടി റായിഡുവിനെ(1) ജോഫ്ര ആര്‍ച്ചര്‍ പുറത്താക്കിയപ്പോള്‍ ഷെയിന്‍ വാട്സണെ(13) പുറത്താക്കിയത് ബെന്‍ സ്റ്റോക്സ് ആയിരുന്നു. കേധാര്‍ ജാഥവിനെ(8) ധവാല്‍ കുല്‍ക്കര്‍ണ്ണിയും പുറത്താക്കിയതോടെ ചെന്നൈയുടെ നില പരുങ്ങലിലായി.
അവിടെ നിന്ന് 61 റണ്‍സ് കൂട്ടുകെട്ട് നേടി റെയ്‍നയും-എംഎസ് ധോണിയും ടീമിനെ 88/4 എന്ന സ്കോറിലേക്ക് നയിച്ചു. 36 റണ്‍സ് നേടിയ റെയ്‍നയെ ജയ്ദേവ് ഉനഡ്കട് ആണ് പുറത്താക്കിയത്. അവസാന ഓവറുകളില്‍ വലിയ ഷോട്ടുകള്‍ കളിച്ച് ധോണിയും ബ്രാവോയും സ്കോറിംഗ് വേഗത കൂട്ടി. 16 പന്തില്‍ 27 റണ്‍സ് നേടി ബ്രാവോ ജോഫ്ര ആര്‍ച്ചര്‍ക്ക് വിക്കറ്റ് നല്‍കി മടങ്ങിയപ്പോള്‍ 56 റണ്‍സാണ് ധോണി-ബ്രാവോ കൂട്ടുകെട്ട് നേടിയത്.
ജയ്ദേവ് ഉനഡ്കട് എറിഞ്ഞ അവസാന ഓവറില്‍ മാത്രം ചെന്നൈ നാല് സിക്സാണ് നേടിയത്. ഇതില്‍ മൂന്നെണ്ണം ധോണിയുടെ വകയും. 28 റണ്‍സാണ് ധോണിയും ജഡേജയും ചേര്‍ന്ന് അവസാന ഓവറില്‍ നേടിയത്. അവസാന മൂന്നോവറില്‍ നിന്ന് 60 റണ്‍സ് നേടാനും ചെന്നൈയ്ക്കായി. ധോണി 46 പന്തില്‍ നിന്ന് 75 റണ്‍സ് നേടി പുറത്താകാതെ നിന്നു. രാജസ്ഥാന്‍ നിരയില്‍ എടുത്ത് പറയേണ്ട ബൗളിംഗ് പ്രകടനം ജോഫ്ര ആര്‍ച്ചറുടെതായിരുന്നു. നാലോറവില്‍ 17 റണ്‍സ് വഴങ്ങിയാണ് താരം 2 വിക്കറ്റ് നേടിയത്.