ഗുജറാത്തിനെതിരെ അനായാസമെന്ന് തോന്നിപ്പിച്ച ചേസിംഗിന്റെ അവസാന ഘട്ടത്തിൽ കാലിടറി ലക്നൗ സൂപ്പര്‍ ജയന്റ്. അവസാന നാലോവറിൽ 27 റൺസ് മാത്രം വേണ്ട നിലയിൽ നിന്ന് 7 റൺസ് തോൽവിയാണ് ലക്നൗ വഴങ്ങിയത്. 136 റൺസ് ചേസ് ചെയ്തിറങ്ങിയ ടീമിനെ 7 വിക്കറ്റ് നഷ്ടത്തിൽ 128 റൺസേ നേടാനായുള്ളു.
66 റൺസ് നേടിയെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാനാകാതെ അവസാന ഘട്ടത്തിൽ ഇന്നിംഗ്സിന് വേഗത നൽകുവാനും സാധിക്കാതെ പോയ രാഹുലിന്റെ പ്രകടനം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നായി മാറും.
കൈൽ മയേഴ്സുമായി ചേര്‍ന്ന് ഒന്നാം വിക്കറ്റിൽ 55 റൺസ് നേടിയ രാഹുല്‍ തുടക്കത്തിൽ വേഗത്തിൽ സ്കോറിംഗ് ചെയ്തുവെങ്കിലും ഇന്നിംഗ്സ് പുരോഗമിക്കുമ്പോള്‍ റൺസ് അതിവേഗം സ്കോര്‍ ചെയ്യുന്നതിൽ ബുദ്ധിമുട്ടുകയായിരുന്നു.
പവര്‍പ്ലേ കഴിഞ്ഞ് തൊട്ടടുത്ത ഓവറിൽ റഷീദ് ഖാന്‍ ആണ് 24 റൺസ് നേടിയ മയേഴ്സിനെ പുറത്താക്കിയത്. ക്രുണാലിന്റെ വ്യക്തിഗത സ്കോര്‍ 6 റൺസിൽ നിൽക്കുമ്പോള്‍ അഭിനവ് മനോഹര്‍ റഷീദ് ഖാന്റെ ബൗളിംഗിൽ താരത്തെ കൈവിടുകയായിരുന്നു. ഇതിന് ശേഷം അര്‍ദ്ധ ശതക കൂട്ടുകെട്ടാണ് ക്രുണാലും രാഹുലും ചേര്‍ന്ന് നേടിയത്. തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ ശേഷം രാഹുല്‍ നൽകിയ അവസരം വിജയ് ശങ്കര്‍ കൈവിട്ടതും ഗുജറാത്തിന് തിരിച്ചടിയായി. ജയന്ത് യാദവ് ആയിരുന്നു ബൗളര്‍.
തൊട്ടടുത്ത ഓവറിൽ നൂര്‍ അഹമ്മദിന്റെ പന്തിൽ ക്രുണാലിനെ സാഹ സ്റ്റംപ് ചെയ്യുമ്പോള്‍ 23 റൺസായിരുന്നു ക്രുണാലിന്റെ സംഭാവന. ജയം 30 റൺസ് അകലെയായിരുന്നു ലക്നൗവിന്. തന്റെ ക്യാച്ച് കൈവിട്ട ശേഷം 17 റൺസ് കൂടിയാണ് താരം കൂട്ടിചേര്‍ത്തത്. രണ്ടാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 51 റൺസാണ് നേടിയത്.
16 ഓവര്‍ പിന്നിട്ടപ്പോള്‍ ലക്നൗ 109/2 എന്ന നിലയിലായിരുന്നു. അവസാന നാലോവറിൽ 27 റൺസായിരുന്നു ടീം നേടേണ്ടിയിരുന്നത്. കൈവശം 8 വിക്കറ്റ് ഉണ്ടായിരുന്നു. നൂര്‍ അഹമ്മദ് എറിഞ്ഞ 17ാം ഓവറിൽ പൂരന്റെ വിക്കറ്റ് താരം നേടി. ആദ്യ അഞ്ച് പന്തിൽ 1 റൺസ് മാത്രം വിട്ട് നൽകിയപ്പോള്‍ ആയുഷ് ബദോനി ഫൈന്‍ ലെഗിൽ മൂന്ന് റൺസാണ് അവസാന പന്തിൽ നേടിയത്. എന്നാൽ ഓവറിൽ നിന്ന് വെറും 4 റൺസ് മാത്രമാണ് പിറന്നത്.
മോഹിത് ശര്‍മ്മ എറിഞ്ഞ 18ാം ഓവറിലും വലിയ ഷോട്ടുകളുതിര്‍ക്കുവാന്‍ ലക്നൗ ബാറ്റര്‍മാര്‍ക്ക് സാധിക്കാതെ പോയപ്പോള്‍ 6 റൺസ് കൂടിയാണ് ടീമിന് നേടാനായത്. ഇതോടെ ലക്ഷ്യം 12 പന്തിൽ 17 റൺസ് എന്ന നിലയിലായി. മൊഹമ്മദ് ഷമി എറിഞ്ഞ ഓവറിൽ നിന്ന് അഞ്ച് റൺസ് മാത്രം പിറന്നപ്പോള്‍ ലക്നൗവിന് അവസാന ഓവറിൽ 12 റൺസ് നേടേണ്ട സാഹചര്യം വന്നു.
അവസാന ഓവറിലെ ആദ്യ പന്തിൽ രാഹുല്‍ ഡബിള്‍ നേടിയെങ്കിലും തൊട്ടടുത്ത പന്തിൽ താരം മോഹിത് ശര്‍മ്മയ്ക്ക് വിക്കറ്റ് നൽകി മടങ്ങി. 61 പന്തിൽ നിന്ന് 68 റൺസാണ് താരം നേടിയത്. തൊട്ടടുത്ത പന്തിൽ മോഹിത് മാര്‍ക്കസ് സ്റ്റോയിനിസിനെയും പുറത്താക്കിയപ്പോള്‍ കാര്യങ്ങള്‍ ലക്നൗവിന് പ്രയാസമായി മാറി.
തൊട്ടടുത്ത പന്തിൽ മോഹിത് മാര്‍ക്കസ് സ്റ്റോയിനിസിനെയും പുറത്താക്കിയപ്പോള്‍ കാര്യങ്ങള്‍ ലക്നൗവിന് പ്രയാസമായി മാറി. അടുത്ത പന്തിൽ ആയുഷ് ബദോനിയും റണ്ണൗട്ടായപ്പോള്‍ 2 പന്തിൽ 9 റൺസെന്ന ശ്രമകരമായ ലക്ഷ്യം നേടേണ്ട നിലയിലായി ലക്നൗ.
തൊട്ടടുത്ത പന്തിൽ ദീപക് ഹുഡയും റണ്ണൗട്ടായതോടെ അവസാന പന്തിൽ 8 റൺസ് ജയത്തിനായി നേടുകയെന്ന അപ്രാപ്യമായ സ്ഥിതിയിലേക്ക് ലക്നൗ വീണു.