പഞ്ചാബിനു ഇനിയും മെച്ചപ്പെടാനാകുമെന്നതാണ് താന്‍ ഏറ്റവും വലിയ പോസിറ്റീവ് കാര്യമായി കാണുന്നത്

Sports Correspondent

കിംഗ്സ് ഇലവന്‍ പഞ്ചാബിനു കുറെ ഏറെ മത്സരങ്ങള്‍ കടുത്ത പോരാട്ടങ്ങള്‍ക്ക് ശേഷം മാത്രം ജയിക്കാനായിട്ടുള്ളതാണെങ്കിലും തനിക്ക് ഈ പ്രകടനങ്ങളില്‍ നിന്ന് ഏറ്റവും പോസിറ്റീവ് ആയി കാണുവാനാകുന്നത് ടീമിനു ഇനിയും ഏറെ മെച്ചപ്പെടാനാകുമെന്നതാണെന്ന് അഭിപ്രായപ്പെട്ട് കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ നായകന്‍ രവിചന്ദ്രന്‍ അശ്വിന്‍.

ഈ വര്‍ഷവും പതിവു പോലെ കാണികളുടെ അകമഴിഞ്ഞ പിന്തുണ തങ്ങള്‍ക്ക് ലഭിയ്ക്കുന്നുണ്ടെന്നും ആ ആവേശം തങ്ങളെ കൂടുതല്‍ മത്സരം വിജയിപ്പിക്കുവാനും സാധിക്കട്ടേയെന്നും പഞ്ചാബ് നായകന്‍ പ്രത്യാശ പ്രകടിപ്പിച്ചു. മുജീബിന്റെ ബൗളിംഗ് പ്രകടനത്തെയും അശ്വിന്‍ പ്രത്യേകം പരാമര്‍ശിക്കുവാന്‍ മറന്നില്ല. മുജീബിന്റെ ബൗളിംഗ് കണക്കുകള്‍ ഈ വര്‍ഷത്തില്‍ അത്ര മികച്ചതായി തോന്നില്ലെങ്കിലും മുജീബ് മികച്ച രീതിയില്‍ പന്തെറിഞ്ഞുവെന്നാണ് അശ്വിന്‍ അഭിപ്രായപ്പെട്ടത്.

അഫ്ഗാനിസ്ഥാനു വേണ്ടി ന്യൂബോള്‍ ബൗളിംഗ് ഓപ്പണ്‍ ചെയ്യുന്ന വ്യക്തിയാണ് മുജീബ് അതിനാല്‍ തന്നെ താരത്തിനെ ബൈര്‍സ്റ്റോയ്ക്കെതിരെ ഉപയോഗിക്കുക എന്നത് തന്നെയായിരുന്നു ടീമിന്റെ പദ്ധതിയെന്നും മുജീബ് അതില്‍ വിജയിച്ചുവെന്നും അശ്വിന്‍ പറഞ്ഞു.