ജിതേഷ് ശര്‍മ്മ ഒഴികെ മറ്റാര്‍ക്കും ഡൽഹി ബൗളര്‍മാര്‍ക്കെതിരെ പിടിച്ച നിൽക്കുവാന്‍ സാധിക്കാതെ പോയപ്പോള്‍ ഇന്നത്തെ നിര്‍ണ്ണായകമായ ഐപിഎൽ മത്സരത്തിൽ പഞ്ചാബിന് തോൽവി. ജോണി ബൈര്‍സ്റ്റോ പതിവ് പോലെ വെടിക്കെട്ട് തുടക്കം നൽകിയെങ്കിലും ബാക്കി താരങ്ങള്‍ റൺസ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയപ്പോള്‍ പഞ്ചാബ് കിംഗ്സിന് ബാറ്റിംഗ് തകര്‍ച്ച നേരിട്ടു. പിന്നീട് ജിതേഷ് ശര്‍മ്മയുടെ ബാറ്റിംഗ് മികവാണ് ടീമിന്റെ തോൽവി ഭാരം കുറച്ചത്. 160 റൺസ് ലക്ഷ്യം തേടിയിറങ്ങിയ പഞ്ചാബിന് 142 റൺസ് മാത്രമേ നേടാനായുള്ളു.
ജയത്തോടെ ഡൽഹി ക്യാപിറ്റൽസ് പ്ലേ ഓഫ് പരിധിയിലേക്ക് പോയിന്റ് പട്ടികയിൽ എത്തി. 14 പോയിന്റുള്ള ടീം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ പിന്തള്ളിയാണ് മുന്നിലെത്തിയിരിക്കുന്നത്.
ജിതേഷ് ശര്‍മ്മ 44 റൺസ് നേടി പഞ്ചാബിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ജോണി ബൈര്‍സ്റ്റഓ(28), ശിഖര്‍ ധവാന്‍(19), രാഹുല്‍ ചഹാര്‍(25*) എന്നിവര്‍ മാത്രമാണ് രണ്ടക്ക സ്കോര്‍ നേടിയ താരങ്ങള്‍. അവസാന മൂന്നോവറിൽ 39 റൺസായിരുന്നു പഞ്ചാബിന് വേണ്ടിയിരുന്നത്. എട്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ ജിതേഷ് ശര്‍മ്മയും രാഹുല്‍ ചഹാറും പൊരുതി നിന്നാണ് ഈ നിലയിലേക്ക് മത്സരം കൊണ്ടെത്തിച്ചത്.
44 റൺസ് നേടിയ ജിതേഷ് ശര്‍മ്മയെ താക്കൂര്‍ പുറത്താക്കി തന്റെ മൂന്നാം വിക്കറ്റ് നേടിയപ്പോള്‍ പഞ്ചാബിന്റെ പ്രതീക്ഷകള്‍ അവസാനിച്ചു. അതേ ഓവറിൽ റബാഡയെ പുറത്താക്കി താക്കൂര്‍ തന്റെ നാലാം വിക്കറ്റും നേടി.
ജയത്തോടെ ഡൽഹിയുടെ പ്ലേ ഓഫ് സാധ്യതകള്‍ കരുത്താര്‍ജ്ജിച്ചപ്പോള്‍ പഞ്ചാബിന് കാര്യങ്ങള്‍ കൈവിടുന്ന സ്ഥിതിയാണുള്ളത്.