രാജസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്ത് 197 റൺസ് നേടി പഞ്ചാബ് കിംഗ്സ്. 4 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോറിലേക്ക് പഞ്ചാബ് എത്തിയത്. ഗുവഹാത്തിയിൽ ടോസ് നേടി സഞ്ജു സാംസൺ ബൗളിംഗ് തിരഞ്ഞെടുത്തുവെങ്കിലും മിന്നും തുടക്കമാണ് പഞ്ചാബ് കിംഗ്സ് ഓപ്പണര്‍മാര്‍ നൽകിയത്. പ്രഭ്സിമ്രാന് സിംഗും ശിഖര്‍ ധവാനും ചേര്‍ന്ന് 90 റൺസാണ് ഒന്നാം വിക്കറ്റിൽ നേടിയത്.
28 പന്തിൽ നിന്നാണ് പ്രഭ്സിമ്രാന് സിംഗ് അര്‍ദ്ധ ശതകം നേടിയത്. 34 പന്തിൽ 60 റൺസ് നേടിയ പ്രഭ്സിമ്രാന്റെ വിക്കറ്റ് ജേസൺ ഹോള്‍ഡറാണ് നേടിയത്.
ശിഖര്‍ ധവാന്റെ ഒരു ഡ്രൈവ് നോൺ സ്ട്രൈക്കര്‍ എന്‍ഡിലുള്ള ഭാനുക രാജപക്സയുടെ ദേഹത്ത് കൊണ്ട് താരം റിട്ടേര്‍ഡ് ഹര്‍ട്ടായപ്പോള്‍ പകരമെത്തിയ ജിതേഷ് ശര്‍മ്മ ശിഖര്‍ ധവാന് മികച്ച പിന്തുണയാണ് നൽകിയത്.
ശിഖര്‍ ധവാന് 56 പന്തിൽ നിന്ന് പുറത്താകാതെ 86 റൺസ് നേടിയപ്പോള്‍ ജിതേഷ് ശര്‍മ്മ 16 പന്തിൽ 27 റൺസ് നേടി. ചഹാലിനാണ് ജിതേഷ് ശര്‍മ്മയുടെ വിക്കറ്റ്. രാജസ്ഥാന് വേണ്ടി 29 റൺസ് വിട്ട് നൽകി 2 വിക്കറ്റ് നേടിയ ജേസൺ ഹോള്‍ഡറും 25 റൺസ് മാത്രം വിട്ട് നൽകി 1 വിക്കറ്റ് നേടിയ അശ്വിനുമാണ് ബൗളിംഗിൽ തിളങ്ങിയത്. ചഹാലും കെഎം ആസിഫും കണക്കറ്റ് പ്രഹരം ഏറ്റുവാങ്ങുകയായിരുന്നു.