ചേസിംഗിന്റെ ഉത്തരവാദിത്വം മുഴുവന്‍ ഒറ്റയ്ക്ക് മുംബൈ ഇന്ത്യന്‍സിന്റെ നായകന് കീറണ്‍ പൊള്ളാര്‍ഡ് സ്വയം ഏറ്റെടുത്തപ്പോള്‍ ആവേശം അവസാന ഓവര്‍ വരെ അലതല്ലിയ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ഒറ്റയ്ക്ക് ജയത്തിലേക്ക് നയിച്ച് വിന്‍ഡീസ് താരം. രണ്ടോവറില്‍ 32 റണ്‍സെന്ന ഘട്ടത്തില്‍ സാം കറനെ രണ്ട് സിക്സും ഒരു ബൗണ്ടറിയും അടക്കം നേടി ലക്ഷ്യം അവസാന ഓവറില്‍ 15 ആക്കി മാറ്റുവാന്‍ പൊള്ളാര്‍ഡിനു സാധിച്ചിരുന്നു. ടീമിനെ വിജയത്തിലേക്ക് സ്വയം എത്തിക്കാനാകാതെ പൊള്ളാര്‍ഡ് പുറത്തായപ്പോള്‍ ലക്ഷ്യം നാല് പന്തില്‍ നാലായിരുന്നു. അവസാന പന്തില്‍ അല്‍സാരി ജോസഫ് ടീമിനെ 3 വിക്കറ്റ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
താന്‍ നേരിട്ട ആദ്യ പന്തുകളില്‍ ഒരു സിക്സും ബൗണ്ടറിയും സിദ്ധേഷ് ലാഡ് നേടിയെങ്കിലും താരം 15 റണ്‍സ് നേടി പുറത്താകുകയായിരുന്നു. സൂര്യകുമാര്‍ യാദവിന്റെയും ക്വിന്റണ്‍ ഡി കോക്കിന്റെയും ക്യാച്ചുകള്‍ കൈവിട്ട് പഞ്ചാബ് മുംബൈയ്ക്ക് അവസരം നല്‍കിയെങ്കിലും ഇവര്‍ക്കാര്‍ക്കും തന്നെ തങ്ങളുടെ ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോകാനായില്ല. സൂര്യകുമാര്‍ യാദവ് (21) മികച്ച ഫോമിലാണെന്ന് തോന്നിപ്പിച്ചുവെങ്കിലും താരം സാം കറനു വിക്കറ്റ് നല്കി മടങ്ങിയപ്പോള്‍ തൊട്ടടുത്ത ഓവറില്‍ ഡേവിഡ് മില്ലര്‍ മികച്ച ക്യാച്ചിലൂടെ ഡി കോക്കിനെ(24) പുറത്താക്കി. അശ്വിനായിരുന്നു വിക്കറ്റ്.
ചേസിംഗില്‍ മുംബൈ താരങ്ങള്‍ക്ക് അത്ര മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും സ്വയം ഉത്തരവാദിത്വം ഏറ്റെടുത്ത് നാലാമനായി ബാറ്റ് ചെയ്യാനായി എത്തിയ കീറണ്‍ പൊള്ളാര്‍ഡ് കരുത്താര്‍ന്ന ബാറ്റിംഗ് പ്രകടനം പുറത്തെടുത്തപ്പോള്‍ മുംബൈയ്ക്ക് പ്രതീക്ഷയുണ്ടായിരുന്നു. 62/3 എന്ന നിലയില്‍ നിന്ന് മുംബൈയ്ക്ക് 4ാം വിക്കറ്റ് സ്കോര്‍ 94ല്‍ നഷ്ടപ്പെടുമ്പോള്‍ 7 റണ്‍സ് മാത്രമാണ് ഇഷാന് കിഷന് നേടിയത്. ബഹുഭൂരിഭാഗം സ്കോറിംഗ് നടത്തി മുംബൈയുടെ സാധ്യതകളെ നിലനിര്‍ത്തുവാന്‍ പൊള്ളാര്‍ഡിനു സാധിച്ചിരുന്നു.
അഞ്ചാം വിക്കറ്റില്‍ 41 റണ്‍സ് അതിവേഗത്തില്‍ നേടി പൊള്ളാര്‍ഡ്-ഹാര്‍ദ്ദിക് പാണ്ഡ്യ കൂട്ടുകെട്ട് മത്സരത്തിലേക്ക് മുംബൈയെ ശക്തമായി തിരിച്ചുകൊണ്ടുവരികയായിരുന്നുവെങ്കിലും മുഹമ്മദ് ഷമിയുടെ 16ാം ഓവര്‍ വീണ്ടും പഞ്ചാബിനു അനുകൂലമാക്കി കാര്യങ്ങള്‍ മാറ്റി. പാണ്ഡ്യ സഹോദരന്മാരെ രണ്ട് പേരെയും അതേ ഓവറില്‍ പുറത്താക്കി ഷമി മുംബൈയെ 140/6 എന്ന നിലയിലേക്ക് വീഴ്ത്തി. ഹാര്‍ദ്ദിക് 19 റണ്‍സ് നേടിയപ്പോള്‍ ഒരു റണ്‍സ് നേടിയാണ് ക്രുണാല്‍ പുറത്തായത്.
അവസാന നാലോവറില്‍ 54 റണ്‍സ് വേണ്ടിയിരുന്ന മുംബൈയുടെ പ്രതീക്ഷ മുഴുവന്‍ കീറണ്‍ പൊള്ളാര്‍ഡായിരുന്നു. സാം കറന്റെ ഓവറിലെ ആദ്യ പന്ത് തന്നെ സിക്സ് പൊള്ളാര്‍ഡ് നേടിയെങ്കിലും ഓവറില്‍ നിന്ന് പിന്നീടുള്ള നാല് പന്തില്‍ രണ്ട് റണ്‍സ് മാത്രമേ നേടാനായുള്ളുവെങ്കിലും അവസാന പന്ത് സിക്സര്‍ പറത്തി പൊള്ളാര്‍ഡ് ഓവറില്‍ നിന്നുള്ള നേട്ടം 14 റണ്‍സാക്കി മാറ്റി. വെറു 22 പന്തില്‍ നിന്നാണ് ആ സിക്സോടു കൂടി പൊള്ളാര്‍ഡ് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയത്.
ഷമിയുടെ ഓവറില്‍ നിന്ന് 8 റണ്‍സ് പൊള്ളാര്‍ഡും അല്‍സാരി ജോസഫും നേടിയപ്പോള്‍ അതില്‍ ഒരു ബൗണ്ടറി അല്‍സാരി ജോസഫാണ് നേടിയത്. ഷമിയുടെ കഴിഞ്ഞ ഓവറിലും ജോസഫ് ഒരു ബൗണ്ടറി നേടി. ഇതോടെ അവസാന രണ്ടോവറില്‍ മുംബൈയ്ക്ക് 4 വിക്കറ്റ് കൈവശമുള്ളപ്പോള്‍ 32 റണ്‍സായിരുന്നു വേണ്ടിയിരുന്നത്.
സാം കറന്റെ ഓവറില്‍ നിന്ന് 17 റണ്‍സ് നേടി അവസാന ഓവറില്‍ ലക്ഷ്യം 15 ആക്കി മാറ്റിയ മുംബൈയ്ക്ക് വേണ്ടി പൊള്ളാര്‍ഡ് അങ്കിത് രാജ്പുത് എറിഞ്ഞ ഓവറില്‍ പൊള്ളാര്‍ഡ് ആദ്യ പന്ത് നോബോളില്‍ സിക്സ് അടിയ്ക്കുകയും രണ്ടാമത്തെ പന്ത് ബൗണ്ടറിയും നേടി ലക്ഷ്യം വെറും 5 പന്തില്‍ നാലാക്കി മാറ്റി. എന്നാല്‍ അടുത്ത പന്തില്‍ പൊള്ളാര്‍ഡ് പുറത്തായതോടെ മുംബൈ ക്യാമ്പില്‍ പരിഭ്രാന്തി പരന്നു. 31 പന്തില്‍ നിന്ന് 83 റണ്‍സാണ് പൊള്ളാര്‍ഡ് നേടിയത്. 6 സിക്സുകളും 3 ഫോറുമാണ് പൊള്ളാര്‍ഡ് നേടിയത്. തുടര്‍ന്ന് പതറാതെ അല്‍സാരി ജോസഫ് അവസാന പന്തില്‍ രണ്ട് റണ്‍സ് നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചു.