അവസാന അഞ്ചോവറിൽ 72 റൺസ് എന്ന ലക്ഷ്യം നേടി പഞ്ചാബ് കിംഗ്സ്. മത്സരത്തിന്റെ തുടക്കത്തിലും അവസാനത്തിലും പഞ്ചാബ് ബൗളര്‍മാര്‍ കസറിയപ്പോള്‍ ലക്ഷ്യം അവസാന പന്തിൽ 3 റൺസ് എന്ന നിലയിലേക്ക് ആയി. 201 റൺസ് ചേസ് ചെയ്തിറങ്ങിയ ടീം അവസാന പന്തിൽ 4 വിക്കറ്റ് വിജയം നേടുകയായിരുന്നു.
ശിഖര്‍ ധവാനും പ്രഭ്സിമ്രാന്‍ സിംഗും ചേര്‍ന്ന് മിന്നും തുടക്കം നൽകിയപ്പോള്‍ 50 റൺസാണ് 4.2 ഓവറിൽ പഞ്ചാബ് കിംഗ്സ് നേടിയത്. 15 പന്തിൽ 28 റൺസ് നേടിയ ശിഖര്‍ ധവാനെ പുറത്താക്കി തുഷാര്‍ ദേശ്പാണ്ടേ ആണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. പ്രഭ്സിമ്രാന്‍ സിംഗും അഥര്‍വ ടൈഡേയും 31 റൺസ് രണ്ടാം വിക്കറ്റിൽ നേടിയപ്പോള്‍ രവീന്ദ്ര ജഡേജ പ്രഭ്സിമ്രാനെ പുറത്താക്കി.
24 പന്തിൽ 42 റൺസാണ് പ്രഭ്സിമ്രാന്‍ നേടിയത്. അഥര്‍വ ടൈഡേയുടെ വിക്കറ്റും ജഡേജ നേടിയപ്പോള്‍ 10.2 ഓവറിൽ 94/3 എന്ന നിലയിലായിരുന്നു പഞ്ചാബ്. പിന്നീടുള്ള ഓവറുകളിൽ ലിയാം ലിവിംഗ്സ്റ്റണിനും സാം കറനും സ്കോറിംഗ് വേഗത്തിലാക്കുവാന്‍ സാധിക്കാതെ പോയപ്പോള്‍ പഞ്ചാബിന്റെ വിജയ ലക്ഷ്യം 30 പന്തിൽ 72 റൺസ് ആയി മാറി.
തുഷാര്‍ ദേശ്പാണ്ടേയ്ക്ക് ധോണി ബൗളിംഗ് ദൗത്യം നൽകിയപ്പോള്‍ താരത്തെ മൂന്ന് സിക്സുകള്‍ പായിച്ച് ലിവിംഗ്സ്റ്റൺ ഉഗ്രരൂപം പൂണ്ടു. എന്നാൽ ഓവറിലെ അഞ്ചാം പന്തിൽ ലിവിംഗ്സ്റ്റണിന്റെ വിക്കറ്റ് ദേശ്പാണ്ടേ വീഴ്ത്തിയത് ആശ്വാസമായി മാറി. 24 പന്തിൽ നിന്ന് 40 റൺസാണ് ലിവിംഗ്സ്റ്റൺ നേടിയത്. ഓവറിൽ നിന്ന് 24 റൺസ് പിറന്നു.
ലിയാം ലിവിംഗ്സ്റ്റണിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും പഞ്ചാബിന്റെ ലക്ഷ്യം 24 പന്തിൽ 48 റൺസ് എന്ന നിലയിലേക്ക് മാറിയപ്പോള്‍ രവീന്ദ്ര ജഡേജ എറിഞ്ഞ ഓവറിൽ നിന്ന് ജിതേഷ് ശര്‍മ്മയും സാം കറനും ഓരോ സിക്സ് നേടി. ഓവറിൽ നിന്ന് പിറന്ന 17 റൺസ് പഞ്ചാബിന്റെ ലക്ഷ്യം 18 പന്തിൽ 31 റൺസായി മാറി.
ധോണി തന്റെ വജ്രായുധത്തിന് അടുത്ത ഓവര്‍ എറിയുവാന്‍ പന്ത് കൈമാറിയപ്പോള്‍ താരം സാം കറനെ ക്ലീന്‍ ബൗള്‍ഡാക്കി. 20 പന്തിൽ 29 റൺസാണ് സാം കറന്‍ നേടിയത്. തൊട്ടടുത്ത പന്തിൽ റാസ ഒരു ബൗണ്ടറി നേടി. ഓവറിൽ നിന്ന് 18 റൺസ് വന്നപ്പോള്‍ അവസാന ഓവറിൽ 9 റൺസായിരുന്നു പഞ്ചാബ് നേടേണ്ടിയിരുന്നത്.