സൺറൈസേഴ്സിനെതിരെ തങ്ങളുടെ ഈ സീസണിലെ അവസാന ഐപിഎൽ മത്സരത്തിൽ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനവുമായി പഞ്ചാബ് കിംഗ്സ്. ടോപ് ഓര്‍ഡറിന്റെ മിന്നും ബാറ്റിംഗ് പ്രകടനം ആണ് പഞ്ചാബിനെ 214/5 എന്ന സ്കോറിലേക്ക് എത്തിച്ചത്. ഒരു ഘട്ടത്തിൽ 230ന് മേലെ സ്കോറിലേക്ക് പഞ്ചാബ് എത്തുമെന്ന് കരുതിയെങ്കിലും വിക്കറ്റുകളുമായി സൺറൈസേഴ്സ് കുതിപ്പിന് തടയിട്ടു.
പവര്‍പ്ലേ അവസാനിക്കുമ്പോള്‍ പഞ്ചാബ് ഓപ്പണര്‍മാരായ അഥര്‍വ തായ്ഡേയും പ്രഭ്സിമ്രാന്‍ സിംഗും ചേര്‍ന്ന് 61 റൺസാണ് നേടിയത്. ഒന്നാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 97 റൺസാണ് നേടിയത്. തായ്ഡേയെ പുറത്താക്കി ടി നടരാജന്‍ ആണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. പത്തോവര്‍ അവസാനിക്കുമ്പോള്‍ പഞ്ചാബ് 99/1 എന്ന നിലയിലായിരുന്നു.
രണ്ടാം വിക്കറ്റിൽ 54 റൺസുമായി പ്രഭ്സിമ്രാന്‍ – റോസ്സോവ് കൂട്ടുകെട്ട് തകര്‍ത്തടിക്കുമ്പോളാണ് വിജയകാന്ത് വിയാസകാന്ത് ഈ കൂട്ടുകെട്ട് തകര്‍ത്തത്. 45 പന്തിൽ 71 റൺസ് നേടിയ പ്രഭ്സിമ്രാന്‍ സിംഗ് ആണ് രണ്ടാം വിക്കറ്റിന്റെ രൂപത്തിൽ പവലിയനിലേക്ക് മടങ്ങിയത്.
22 റൺസ് മൂന്നാം വിക്കറ്റിൽ റോസ്സോവ് – ശശാങ്ക് കൂട്ടുകെട്ട് നേടിയെങ്കിലും 2 റൺസ് നേടിയ ശശാങ്കിന്റെ വിക്കറ്റ് റണ്ണൗട്ട് രൂപത്തിൽ പഞ്ചാബിന് നഷ്ടമായി. 16 ഓവറിൽ 174/3 എന്ന നിലയിലായിരുന്നു പഞ്ചാബ് ആ ഘട്ടത്തിൽ. 24 പന്തിൽ 49 റൺസ് നേടിയ റോസ്സോവും പുറത്തായപ്പോള്‍ പഞ്ചാബിന് നാലാം വിക്കറ്റ് നഷ്ടമായി.
വെടിക്കെട്ട് വീരന്‍ അശുതോഷ് ശര്‍മ്മയെ പുറത്താക്കി നടരാജന്റെ തന്റെ രണ്ടാം വിക്കറ്റ് നേടിയപ്പോള്‍ പഞ്ചാബിന്റെ പകുതി വിക്കറ്റുകള്‍ നഷ്ടമായി. 15 പന്തിൽ 32 റൺസ് നേടി ജിതേഷ് ശര്‍മ്മയാണ് ടീമിനെ 200 റൺസ് കടക്കുവാന്‍ സഹായിച്ചത്.
ആറാം വിക്കറ്റിൽ 11 പന്തിൽ 27 റൺസ് പഞ്ചാബ് നേടിയപ്പോള്‍ ജിതേഷ് ആയിരുന്നു ഇതിലെ ഭൂരിഭാഗം സ്കോറിംഗും. അവസാന ഓവറിലെ അവസാന രണ്ട് പന്തുകള്‍ സിക്സര്‍ പറത്തിയാണ് താരം 214/5 എന്ന സ്കോറിലേക്ക് പഞ്ചാബിനെ എത്തിച്ചത്.