പ്ലേ ഓഫ് ഉറപ്പിക്കാൻ ഇറങ്ങിയ ഇരു ടീമുകളുടെ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ 168 റൺസ് എടുത്ത് മുംബൈ ഇന്ത്യൻസ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മുംബൈ ഇന്ത്യൻസിന് ക്യാപ്റ്റൻ രോഹിത് ശർമയും ഡി കോക്കും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ 6 ഓവറിൽ 57 റൺസ് എടുത്ത ആദ്യ വിക്കറ്റ് കൂട്ടുകെട്ടിനു ശേഷം റൺ നിരക്ക് ഉയർത്താൻ മുംബൈക്കായില്ല. മധ്യ നിരയിൽ 2 റൺസ് എടുത്ത് കട്ടിങ് പുറത്തായപ്പോൾ സൂര്യകുമാർ യാദവ് 26 റൺസുമെടുത്തു.
തുടർന്ന് അവസാന ഓവറുകളിൽ ക്രൂണാൾ പാണ്ട്യയും ഹർദിക് പാണ്ട്യയും നടത്തിയ വെടികെട്ടാണ് മുംബൈക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ക്രൂണാൾ പാണ്ട്യ 26 പന്തിൽ 37 റൺസ് എടുത്ത് പുറത്താവാതെ നിന്നു. ഹർദിക് പാണ്ട്യ 14 പന്തിൽ 32 റൺസ് എടുത്ത് പുറത്തായി. ഡൽഹി നിരയിൽ മുംബൈ മധ്യ നിരയെ വരിഞ്ഞു കെട്ടിയത് അക്സർ പട്ടേലിന്റെ സ്പിൻ ബൗളിംഗ് ആയിരുന്നു. നാല് ഓവർ എറിഞ്ഞ പട്ടേൽ വെറും 17 റൺസ് മാത്രമാണ് വഴങ്ങിയത്. ഡൽഹിക്ക് വേണ്ടി റബാഡ രണ്ടു വിക്കറ്റ് വീഴ്ത്തി.