ഏഷ്യ കപ്പ് മാറ്റിവെച്ച് ഒരു കാരണവശാലും ഇന്ത്യൻ പ്രീമിയർ ലീഗ് നടത്താൻ അനുവദിക്കില്ലെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ഇത്തരത്തിലുള്ള ഏതൊരു ശ്രമത്തെയും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് എതിർക്കുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സി.ഇ.ഓ വാസിം ഖാൻ പറഞ്ഞു. നേരത്തെ പാകിസ്ഥാനിൽ നടക്കേണ്ട ഏഷ്യ കപ്പ് ഇന്ത്യ പാകിസ്ഥാനിൽ കളിക്കില്ലെന്ന് അറിയിച്ചതോടെ യു.എ.ഇയിലേക്ക് മാറ്റിയിരുന്നു.
നിലവിൽ കൊറോണ വൈറസ് ബാധ മൂലം അനിശ്ചിതമായി നീട്ടിവെച്ച ഇന്ത്യൻ പ്രീമിയർ ലീഗ് സെപ്റ്റംബറിൽ നടത്താനുള്ള ശ്രമങ്ങളും ബി.സി.സി.ഐ ആലോചിച്ചിരുന്നു. എന്നാൽ സെപ്റ്റംബറിൽ നടക്കേണ്ട ഏഷ്യ കപ്പ് കൊറോണ വൈറസ് ബാധ പടരുന്നത് വരുതിയിലായാൽ ആ സമയത്ത് നടത്താൻ തന്നെയാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ശ്രമം.
ഏഷ്യ കപ്പ് നവംബർ – ഡിസംബർ മാസത്തേക്ക് മാറ്റിവെക്കാനുള്ള ശ്രമവും നടക്കില്ലെന്ന് പാകിസ്ഥാൻ വ്യക്തമാക്കി. ഈ സമയത്ത് പാകിസ്ഥാന് സിംബാബ്‌വെയുമായും ന്യൂസിലാൻഡുമായും പാരമ്പരയുണ്ടെന്നും അതുകൊണ്ട് ഈ സമയത്ത് ഏഷ്യ കപ്പ് നടത്താൻ കഴിയില്ലെന്നും പാകിസ്ഥാൻ വ്യക്തമാക്കി.