ഗില്ലിനും ബട്‍ലര്‍ക്കും ഫിഫ്റ്റി, ഗുജറാത്തിന് 209 റൺസ്

ഐപിഎലില്‍ രാജസ്ഥാന്‍ റോയൽസിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 209 റൺസ് നേടി ഗുജറാത്ത് ടൈറ്റന്‍സ്. ശുഭ്മന്‍ ഗില്ലിന്റെ തകര്‍പ്പന്‍ അര്‍ദ്ധ ശതകത്തിനൊപ്പം സായി സുദര്‍ശനും ജോസ് ബട്‍ലറും മികച്ച രീതിയിൽ ബാറ്റ് വീശിയപ്പോള്‍  4 വിക്കറ്റ് നഷ്ടത്തിലാണ് ഗുജറാത്ത് ഈ സ്കോര്‍ നേിടയത്. ജോസ് ബട്‍ലര്‍ ഇന്നിംഗ്സിലെ അവസാന പന്തിൽ തന്റെ അര്‍ദ്ധ ശതകം തികച്ചു.

മികച്ച തുടക്കം ഗുജറാത്തിന് നൽകിയ ഗിൽ  – സുദര്‍ശന്‍ കൂട്ടുകെട്ട് പവര്‍പ്ലേ അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 53 റൺസാണ് നേടിയത്.

ഓപ്പണിംഗ് വിക്കറ്റിൽ ശുഭ്മന്‍ ഗിൽ – സായി സുദര്‍ശന്‍ കൂട്ടുകെട്ട് 93
റൺസ് നേടിയപ്പോള്‍ 39 റൺസ് നേടിയ സായി സുദര്‍ശനെ ആണ് ഗുജറാത്തിന് ആദ്യം നഷ്ടമായത്. ജോസ് ബട്‍ലറുമായി ചേര്‍ന്ന് 74 റൺസ് ഗിൽ രണ്ടാം വിക്കറ്റിൽ നേടിയെങ്കിലും 50 പന്തിൽ 84 റൺസ് നേടിയ താരത്തെ ഗുജറാത്തിന് നഷ്ടമായി. ഇരു വിക്കറ്റുകളും മഹീഷ തീക്ഷണയാണ് നേടിയത്.

ഗിൽ പുറത്തായ ശേഷം ജോസ് ബട്‍ലറുടെ മികവുറ്റ ബാറ്റിംഗ് ഗുജറാത്തിനെ 200 കടക്കുവാന്‍ സഹായിച്ചു. 26 പന്തിൽ നിന്ന് 50 റൺസാണ് ബട്‍ലര്‍ നേടിയത്.

ആര്‍സിബിയുടെ ജയമൊരുക്കി ക്രുണാലും കോഹ്‍ലിയും

ഡൽഹിയ്ക്കെതിരെ 6 വിക്കറ്റ് വിജയം നേടി ആര്‍സിബി. 163 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ആര്‍സിബി ഒരു ഘട്ടത്തിൽ 26/3 എന്ന നിലയിലായിരുന്നുവെങ്കിലും വിരാട് കോഹ്‍ലി – ക്രുണാൽ പാണ്ഡ്യ കൂട്ടുകെട്ട് 119 റൺസുമായി ആര്‍സിബിയുടെ വിജയം സാധ്യമാക്കുകയായിരുന്നു. 18.3 ഓവറിലായിരുന്നു ആര്‍സിബിയുടെ 6 വിക്കറ്റ് വിജയം.

ജേക്കബ് ബെത്തലിനെയും ദേവ്ദത്ത് പടിക്കലിനെയും ഒരേ ഓവറിൽ പുറത്താക്കി അക്സര്‍ പട്ടേൽ ബെംഗളൂരുവിന് ഇരട്ട പ്രഹരം ഏല്പിക്കുകയായിരുന്നു. ക്യാപ്റ്റന്‍ രജത് പടിദാറിനെയും ആര്‍സിബിയ്ക്ക് നഷ്ടമായപ്പോള്‍ ടീം 26/3 എന്ന നിലയിലായിരുന്നു.

അവിടെ നിന്ന് വിരാട് കോഹ്‍ലിയും ക്രുണാൽ പാണ്ഡ്യയും കരുതലോടെയാണ് ആര്‍സിബിയെ മുന്നോട്ട് നയിച്ചത്. 10 ഓവര്‍ പിന്നിടുമ്പോള്‍ ടീം 64/3 എന്ന നിലയിലായിരുന്നു. ക്രുണാൽ പാണ്ഡ്യ 47 പന്തിൽ നിന്ന് 73 റൺസ് നേടിയപ്പോള്‍ കോഹ്‍ലി 51 റൺസുമായി പുറത്തായി.

കോഹ്‍ലി പുറത്തായ ശേഷം 5 പന്തിൽ 19 റൺസ് നേടി ടിം ഡേവിഡ് ആര്‍സിബിയുടെ വിജയം വേഗത്തിലാക്കി. 4 വിക്കറ്റ് നഷ്ടത്തിൽ 18.3 ഓവറിലാണ് ആര്‍സിബിയുടെ വിജയം.

ഡൽഹിയെ 162 റൺസിലൊതുക്കി ആര്‍സിബി

ഐപിഎലില്‍ ഡൽഹി ക്യാപിറ്റൽസിനെ 162 റൺസിലൊതുക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ആദ്യം ബാറ്റ് ചെയ്ത ഡൽഹി ഒരു ഘട്ടത്തിൽ 150 കടക്കില്ലെന്നാണ് കരുതിയതെങ്കിലും ഏഴാം വിക്കറ്റിൽ ട്രിസ്റ്റന്‍ സ്റ്റബ്സും വിപ്‍രാജ് നിഗവും ചേര്‍ന്ന് നേടിയ 38 റൺസാണ് ഡൽഹിയുടെ സ്കോര്‍ 162 റൺസിലെത്തിച്ചത്.

അഭിഷേക് പോറെൽ പതിവ് പോലെ മികച്ച തുടക്കം ഡൽഹിയ്ക്ക് നൽകിയെങ്കിലും മറുവശത്ത് ഫാഫ് ഡു പ്ലെസി റൺസ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടി. 3.4 ഓവറിൽ അഭിഷേക് പോറെൽ പുറത്താവുമ്പോള്‍ 33 റൺസാണ് ഡൽഹി നേടിയത്. 11 പന്തിൽ 28 റൺസാണ് പോറെൽ നേടിയത്. താരത്തെ ഹാസൽവുഡ് പുറത്താക്കിയപ്പോള്‍ കരുൺ നായരെയും ഡൽഹിയ്ക്ക് വേഗത്തിൽ നഷ്ടമായി.

6 ഓവര്‍ പിന്നിടുമ്പോള്‍ 52 റൺസാണ് ഡൽഹി 2 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. 22 റൺസ് നേടിയ ഫാഫിനെ നഷ്ടമാകുമ്പോള്‍ 72 റൺസാണ് ഡൽഹി നേടിയത്. രാഹുലിന് കൂട്ടായി അക്സര്‍ പട്ടേൽ എത്തിയപ്പോള്‍ ഡൽഹി 100 കടന്നു.

ഡൽഹിയുടെ അവസാന പ്രതീക്ഷയായ കെഎൽ രാഹുലിനെയും അശുതോഷ് ശര്‍മ്മയെയും ഒരേ ഓവറിൽ പുറത്താക്കി ഭുവനേശ്വര്‍ കുമാര്‍ സമ്മര്‍ദ്ദം ഇരട്ടിയാക്കി. 39 പന്തിൽ 41 റൺസാണ് കെഎൽ രാഹുല്‍ നേടിയത്.

ഏഴാം വിക്കറ്റിൽ ട്രിസ്റ്റന്‍ സ്റ്റബ്സും വിപ്‍രാജ് നിഗവും ചേര്‍ന്ന് നേടിയ 38 റൺസാണ് ഡൽഹിയുടെ സ്കോര്‍ 162 റൺസിലെത്തിച്ചത്.. 12 റൺസ് നേടിയ വിപ്‍രാജ് നിഗം റണ്ണൗട്ടായപ്പോള്‍ അതേ ഓവറിൽ 18 പന്തിൽ 34 റൺസ് നേടിയ ട്രിസ്റ്റ്യന്‍ സ്റ്റബ്സിനെ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കി.

തിളങ്ങി ഓപ്പണര്‍മാര്‍!!! പഞ്ചാബിന് 201 റൺസ്

കൊൽക്കത്തയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച പഞ്ചാബിന്റെ തീരുമാനം ശരിവയ്ക്കുന്ന ബാറ്റിംഗ് പ്രകടനവുമായി പഞ്ചാബ് ഓപ്പണര്‍മാര്‍. ഇന്ന് കൊൽക്കത്തയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഓപ്പണര്‍മാരായ പ്രിയാന്‍ഷ് ആര്യയുടെയും പ്രഭ്സിമ്രാന്‍ സിംഗിന്റെയും ബാറ്റിംഗ് മികവിന്റെ ബലത്തിൽ 4 വിക്കറ്റ് നഷ്ടത്തിൽ 201 റൺസാണ് നേടിയത്.

പഞ്ചാബിന് വേണ്ടി പ്രിയാന്‍ഷ് ആര്യ മികച്ച തുടക്കമാണ് നൽകിയത്. പ്രഭ്സിമ്രാന്‍ സിംഗിനൊപ്പം പ്രിയാന്‍ഷ് മികച്ച രീതിയിൽ ബാറ്റ് വീശിയപ്പോള്‍ പവര്‍പ്ലേയിൽ ഈ കൂട്ടുകെട്ട് 56 റൺസാണ് നേടിയത്. പത്തോവര്‍ പിന്നിടുമ്പോള്‍ 90 റൺസ് നേടിയ പഞ്ചാബിനായി പ്രിയാന്‍ഷ് ആര്യ 27 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി.

എന്നാൽ അധികം വൈകാതെ 35 പന്തിൽ 69 റൺസ് നേടിയ പ്രിയാന്‍ഷ് ആര്യയെ പഞ്ചാബിന് നഷ്ടമായി. 120 റൺസാണ് ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ട് 72 പന്തിൽ നിന്ന് നേടിയത്.തൊട്ടടുത്ത ഓവറിൽ 38 പന്തിൽ നിന്ന് പ്രഭ്സിമ്രാന്‍ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി.

അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ ശേഷം കൂടുതൽ ആക്രമിച്ച് കളിച്ച പ്രഭ്സിമ്രാന്‍ ശ്രേയസ്സ് അയ്യരുമായി ചേര്‍ന്ന് 40 റൺസ് രണ്ടാം വിക്കറ്റിൽ നേടിയ ശേഷം പുറത്താകുകയായിരുന്നു. 49 പന്തിൽ 83 റൺസ് നേടിയ താരത്തെ വൈഭവ് അറോറയാണ് പുറത്താക്കിയത്.

ഓപ്പണര്‍മാര്‍ ഇരുവരും പുറത്തായ ശേഷം പഞ്ചാബിനെ വരുതിയലാക്കുവാന്‍ കൊൽക്കത്തയ്ക്ക് സാധിച്ചു. മാക്സ്വെല്ലിനെ വരുൺ ചക്രവര്‍ത്തി പുറത്താക്കിയപ്പോള്‍ പഞ്ചാബിന് മൂന്നാം വിക്കറ്റ് നഷ്ടമായി.

ശ്രേയസ്സ് അയ്യര്‍ 16 പന്തിൽ 25 റൺസും ജോഷ് ഇംഗ്ലിസ് 6 പന്തിൽ 11 റൺസും നേടി അഞ്ചാം വിക്കറ്റിൽ 9 പന്തിൽ നിന്ന് 17 റൺസ് നേടി പഞ്ചാബിനെ 200 കടത്തി.

ചെന്നൈയ്ക്ക് 154 റൺസ്, തിളങ്ങിയത് ബ്രെവിസും ആയുഷും മാത്രം

ഐപിഎലില്‍ ഇന്ന് സൺറൈസേഴ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്സിന് 154 റൺസ്. ടോപ് ഓര്‍ഡറിൽ ആയുഷ് മാത്രേയും മധ്യ നിരയിൽ ഡെവാള്‍ഡ് ബ്രെവിസും മാത്രമാണ് ചെന്നൈ നിരയിൽ തിളങ്ങിയത്. 19.5 ഓവറിൽ ടീം ഓള്‍ഔട്ട് ആകുകയായിരുന്നു.

ആദ്യ പന്തിൽ ഷെയ്ഖ് റഷീദിനെ നഷ്ടമായ ചെന്നൈയ്ക്ക് പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ സാം കറനെയും ആയുഷ് മാത്രേയെയും നഷ്ടമായി. മാത്രേ 19 പന്തിൽ 30 റൺസ് നേടി പുറത്തായപ്പോള്‍ 21 റൺസ് നേടിയ രവീന്ദ്ര ജഡേജയുടെ വിക്കറ്റാണ് ചെന്നൈയ്ക്ക് അടുത്തതായി നഷ്ടമായത്.

25 പന്തിൽ42 റൺസുമായി ഡെവാള്‍ഡ് ബ്രെവിസ് പൊരുതി നോക്കിയെങ്കിലും താരത്തെ ഹര്‍ഷൽ പട്ടേൽ പുറത്താക്കി.  മികച്ചൊരു ക്യാച്ചിലൂടെ കമിന്‍ഡു മെന്‍ഡിസിന്റെ ഫീൽഡിംഗ് പ്രകടനം ഇല്ലായിരുന്നുവെങ്കിൽ ബ്രെവിസ് അപകടകാരിയായി മാറുമായിരുന്നു.

ദീപക് ഹൂഡ അവസാന ഓവറുകളിൽ നേടിയ നിര്‍ണ്ണായക റൺസ് ചെന്നൈയുടെ സ്കോറിംഗ് 150 കടത്തുകയായിരുന്നു. താരം 21 പന്തിൽ 22 റൺസാണ് നേടിയത്.  സൺറൈസേഴ്സിന് വേണ്ടി ഹര്‍ഷൽ പട്ടേൽ 4 വിക്കറ്റ് നേടി. പാറ്റ് കമ്മിന്‍സ്, ജയ്ദേവ് ഉനഡ്കട് എന്നിവര്‍ രണ്ട് വിക്കറ്റും നേടി.

 

വീണ്ടും ഹിറ്റ്മാന്‍!!! 7 വിക്കറ്റ് വിജയം നേടി മുംബൈ

രോഹിത് ശര്‍മ്മയുടെ അര്‍ദ്ധ ശതക മികവിൽ സൺറൈസേഴ്സിനെ പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ്. ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് വലിയ തകര്‍ച്ചയിൽ നിന്ന് 143 റൺസിലേക്ക് എത്തിയെങ്കിലും ഈ ലക്ഷ്യം മുംബൈയ്ക്ക് ഒരു വെല്ലുവിളിയായി മാറിയില്ല. 15.4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിലാണ് ഈ ലക്ഷ്യം മുംബൈ മറികടന്നത്.

റയാന്‍ റിക്കൽട്ടണിനെ വേഗത്തിൽ നഷ്ടമായെങ്കിലും തന്റെ മികച്ച ഫോം തുടര്‍ന്ന രോഹിത് മുംബൈയെ മുന്നോട്ട് നയിക്കുകയായിരുന്നു. താരത്തിന് കൂട്ടായി എത്തിയ വിൽ ജാക്സും റൺസ് കണ്ടെത്തിയപ്പോള്‍ മുംബൈയ്ക്കായി ഈ കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ 64 റൺസാണ് നേടിയത്.

22 റൺസ് നേടിയ വിൽ ജാക്സിനെ പുറത്താക്കി സീഷന്‍ അന്‍സാരി ഈ കൂട്ടുകെട്ട് തകര്‍ത്തു. അതേ സമയം 35 പന്തിൽ നിന്ന് രോഹിത് ശര്‍മ്മ തന്റെ സീസണിലെ രണ്ടാം ഐപിഎൽ ഫിഫ്റ്റി നേടി.

രോഹിത്തും സൂര്യകുമാര്‍ യാദവും മൂന്നാം വിക്കറ്റിൽ 56 റൺസ് നേടി മുംബൈയെ വിജയത്തിനരികിലേക്ക് എത്തിച്ചു. 46 പന്തിൽ 70 റൺസ് നേടിയ രോഹിത്തിനെ ഇഷാന്‍ മലിംഗയാണ് പുറത്താക്കിയത്.

19 പന്തിൽ 40 റൺസ് നേടി സൂര്യകുമാര്‍ യാദവ് മുംബൈയെ വിജയത്തിലേക്ക് നയിക്കുമ്പോള്‍ 15.4 ഓവര്‍ മാത്രമാണ് മുംബൈ ഇന്നിംഗ്സിൽ പന്തെറിയപ്പെട്ടത്.

സൺറൈസേഴ്സ് സ്കോറിന് മാന്യത നൽകി ക്ലാസ്സന്‍ – അഭിനവ് മനോഹര്‍ കൂട്ടുകെട്ട്

ഹെയിൻറിച്ച് ക്ലാസ്സന്റെ അര്‍ദ്ധ ശതകത്തിലൂടെ വലിയ നാണക്കേടിൽ നിന്ന് കരകയറി സൺറൈസേഴ്സ് ഹൈദ്രബാദ്. ആറാം വിക്കറ്റിൽ ക്ലാസ്സന്‍ – അഭിനവ് മനോഹര്‍ കൂട്ടുകെട്ട് നേടിയ 99 റൺസാണ് സൺറൈസേഴ്സ് സ്കോറിന് മാന്യത പകര്‍ന്നത്.  8 വിക്കറ്റ് നഷ്ടത്തിൽ 143 റൺസാണ് സൺറേസേഴ്സ് നേടിയത്.

സൺറൈസേഴ്സ് ഓപ്പണര്‍മാരെ ട്രെന്റ് ബോള്‍ട്ട് പുറത്താക്കിയപ്പോള്‍ ഇഷാന്‍ കിഷനെയും നിതീഷ് കുമാര്‍ റെഡ്ഡിയെയും ദീപക് ചഹാര്‍ ആണ് പുറത്താക്കിയത്. അനികേത് വര്‍മ്മയുമായി ചേര്‍ന്ന് ക്ലാസ്സന്‍ 22 റൺസ് നേടിയെങ്കിലും 12 റൺസ് നേടിയ അനികേതിനെ ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്താക്കിയപ്പോള്‍ സൺറൈസേഴ്സിന് 5ാം വിക്കറ്റ് നഷ്ടമായി.

13/4 എന്ന നിലയിലേക്കും പിന്നീട് 35/5 എന്ന നിലയിലേക്കും വീണ സൺറൈസേഴ്സിനെ ഹെയിൻറിച്ച് ക്ലാസ്സനും അഭിനവ് മനോഹരും ചേര്‍ന്ന് നൂറ് കടത്തുകയായിരുന്നു. ക്ലാസ്സന്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ സ്കോറിംഗ് നടത്തിയപ്പോള്‍ അഭിനവ് മനോഹര്‍ കരുതലോടെയാണ് മറുവശത്ത് ബാറ്റ് വീശിയത്.

44 പന്തിൽ 71 റൺസ് നേടിയ ക്ലാസ്സനെ ബുംറ 19ാം ഓവറിലാണ് പുറത്താക്കിയത്. 43 റൺസ് നേടിയ അഭിനവ് മനോഹര്‍ അവസാന ഓവറിൽ ബോള്‍ട്ടിന് വിക്കറ്റ് നൽകി മടങ്ങിയെങ്കിലും സൺറൈസേഴ്സ് പൊരുതി നോക്കാവുന്ന സ്കോറിലേക്ക് എത്തിയെന്ന് ഉറപ്പാക്കുവാന്‍ ഇരുവര്‍ക്കുമായി.

അവസാന ഓവറിൽ പാറ്റ് കമ്മിന്‍സിനെ കൂടി പുറത്താക്കി ട്രെന്റ് ബോള്‍ട്ട് മത്സരത്തിലെ തന്റെ നാലാം വിക്കറ്റ് നേടി.

ആധികാരിക വിജയവുമായി ഡൽഹി!!! രാഹുലിനും അഭിഷേകിനും ഫിഫ്റ്റി

ഐപിഎലില്‍ മികച്ച വിജയം നേടി ഡൽഹി ക്യാപിറ്റൽസ്. ഇന്ന് മികച്ച തുടക്കം കുറിച്ച ലക്നൗവിനെ 159 റൺസിലൊതുക്കിയ ശേഷം 160 റൺസ് വിജയ ലക്ഷ്യം 17.5 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിലാണ് ഡൽഹി സ്വന്തമാക്കിയത്.

15 റൺസ് നേടി കരുൺ നായരെ നഷ്ടമാകുമ്പോള്‍ ഡൽഹിയുടെ സ്കോര്‍ ബോര്‍ഡിൽ 36 റൺസാണ് ഉണ്ടായിരുന്നത്. പിന്നീട് അഭിഷേക് പോറെൽ – കെഎൽ രാഹുല്‍ കൂട്ടുകെട്ട് നിര്‍ണ്ണായക ബാറ്റിംഗ് രണ്ടാം വിക്കറ്റിൽ നേടി.

പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 54 റൺസ് നേടിയ ഡൽഹി പത്തോവര്‍ പിന്നിടുമ്പോള്‍ 80 റൺസായിരുന്നു നേടിയത്. പോറെൽ 33 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ചുവെങ്കിലും എന്നാൽ 51 റൺസ് നേടിയ പോറെലിനെ പുറത്താക്കി മാര്‍ക്രം മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് നേടി.  69 റൺസാണ് രണ്ടാം വിക്കറ്റിൽ പോറെലും രാഹുലും ചേര്‍ന്ന് നേടിയത്.

അക്സര്‍ പട്ടേൽ ക്രീസിലെത്തി രവി ബിഷ്ണോയിയെ ഒരു ഓവറിൽ രണ്ട് സിക്സ് പായിച്ചപ്പോള്‍ അവസാന ഓവറിൽ 39 റൺസ് ആയി ലക്ഷ്യം കുറഞ്ഞു. അക്സറും രാഹുലും ചേര്‍ന്ന് 56 റൺസാണ് മൂന്നാം വിക്കറ്റിൽ നേടിയത്.

ഇതിനിടെ അക്സറിന്റെ ക്യാച്ച് കൈവിട്ടും ലക്നൗ കാര്യങ്ങള്‍ ഡൽഹിയ്ക്ക് എളുപ്പമാക്കി. രാഹുല്‍ 57 റൺസും അക്സര്‍ 34 റൺസും നേടിയാണ് പുറത്താകാതെ നിന്ന് ഡൽഹിയുടെ വിജയം സാധ്യമാക്കിയത്.

 

ലക്നൗ കുതിപ്പിന് തടയിട്ട് ഡൽഹിയുടെ മികച്ച തിരിച്ചുവരവ്

ഐപിഎലില്‍ ഒരു ഘട്ടത്തിൽ 200ന് മേലെയുള്ള സ്കോറിലേക്ക് ലക്നൗ കുതിയ്ക്കുമെന്ന് കരുതിയെങ്കിലും അവിടെ നിന്ന് വിക്കറ്റുകളുമായി എതിരാളികളെ 159 റൺസിൽ ഒതുക്കി ഡൽഹി ക്യാപിറ്റൽസ്. മത്സരത്തിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് ലക്നൗ ഈ സ്കോര്‍ നേടിയത്. ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് പത്തോവറിൽ 87 റൺസ് നേടിയെങ്കിലും വിക്കറ്റുകള്‍ തുടരെ നഷ്ടമായത് ടീമിന് തിരിച്ചടിയായി.

എയ്ഡന്‍ മാര്‍ക്രവും മിച്ചൽ മാര്‍ഷും മികച്ച ബാറ്റിംഗ് പ്രകടനം ആണ് ലക്നൗവിനായി പുറത്തെടുത്തത്. 51 റൺസാണ് ലക്നൗ പവര്‍പ്ലേയിൽ നേടിയത്. 30 പന്തിൽ മാര്‍ക്രം തന്റെ ഫിഫ്റ്റി നേടിയപ്പോള്‍ പത്തോവര്‍ പിന്നിടുമ്പോള്‍ ലക്നൗ 87 റൺസാണ് നേടിയത്.

പത്താം ഓവറിലെ അവസാന പന്തിൽ ദുഷ്മന്ത ചമീരയാണ് എയ്ഡന്‍ മാര്‍ക്രത്തെ പുറത്താക്കി ഈ കൂട്ടുകെട്ട് തകര്‍ത്തത്. 33 പന്തിൽ 52 റൺസാണ് മാര്‍ക്രം നേടിയത്. 9 റൺസ് നേടിയ നിക്കോളസ് പൂരനെ ലക്നൗവിന് അടുത്തതായി നഷ്ടമായി. സ്റ്റാര്‍ക്കിനായിരുന്നു വിക്കറ്റ്.

14ാം ഓവറിൽ മുകേഷ് കുമാര്‍ ലക്നൗവിന് ഇരട്ട പ്രഹരം ഏല്പിച്ചു. ഒരേ ഓവറിൽ അബ്ദുള്‍ സമദിനെയും മിച്ചൽ മാര്‍ഷിനെയും താരം പുറത്താക്കി. 36 പന്തിൽ 45 റൺസായിരുന്നു മാര്‍ഷ് നേടിയത്.

99/1 എന്ന നിലയിൽ നിന്ന് 110/4 എന്ന നിലയിലേക്ക് ലക്നൗ വീണപ്പോള്‍ മികച്ച തിരിച്ചുവരവാണ് ഡൽഹി ബൗളിംഗ് നിര നടത്തിയത്. ലക്നൗ കുതിപ്പിന് തടയിട്ട് ഡൽഹിയുടെ മികച്ച തിരിച്ചുവരവ് സാധ്യമായി.

ആയിഷ് ബദോനി 21 പന്തിൽ 36 റൺസ് നേടിയാണ് ലക്നൗവിന്റെ സ്കോര്‍ 150 കടത്തിയത്. ഡേവിഡ് മില്ലര്‍ 14 റൺസുമായി പുറത്താകാതെ നിന്നു. ഡൽഹിയ്ക്ക് വേണ്ടി മുകേഷ് കുമാര്‍ 4 വിക്കറ്റ് നേടി.

ആധികാരിക വിജയവുമായി ഗില്ലും സംഘവും

ഐപിഎലില്‍ കൊൽക്കത്തയ്ക്കെതിരെ 39 റൺസിന്റെ മിന്നും വിജയം നേടി ഗുജറാത്ത് ടൈറ്റന്‍സ്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 198/3 എന്ന സ്കോര്‍ നേടിയപ്പോള്‍ കൊൽക്കത്തയ്ക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് മാത്രമേ നേടാനായുള്ളു.

റഹ്മാനുള്ള ഗുര്‍ബാസിനെ സിറാജ് ആദ്യ ഓവറിൽ പുറത്താക്കിയപ്പോള്‍ അജിങ്ക്യ രഹാനെ – സുനിൽ നരൈന്‍ കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ 41 റൺസ് നേടി. പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ റഷീദ് ഖാന്‍ നരൈനെ പുറത്താക്കി കൊൽക്കത്തയ്ക്ക് രണ്ടാം പ്രഹരം ഏല്പിച്ചു. 17 റൺസാണ് നരൈന്‍ നേടിയത്.

റൺസ് വിട്ട് നൽകാതെ ഗുജറാത്ത് ബൗളര്‍മാര്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചപ്പോള്‍ 11 ഓവറിൽ 81 റൺസാണ് കൊൽക്കത്ത നേടിയത്. തൊട്ടടുത്ത ഓവറിൽ വെങ്കിടേഷ് അയ്യരെ വീഴ്ത്തിയ സായി കിഷോര്‍ ഗുജറാത്തിന്റെ മൂന്നാം വിക്കറ്റ് നേട്ടം സാധ്യമാക്കി. 41 റൺസാണ് രഹാനെ – വെങ്കിടേഷ് അയ്യര്‍ കൂട്ടുകെട്ട് നേടിയത്.

തൊട്ടടുത്ത ഓവറിൽ 50 റൺസ് പൂര്‍ത്തിയാക്കിയ അജിങ്ക്യ രഹാനെയെ വാഷിംഗ്ടൺ സുന്ദര്‍ പുറത്താക്കിയപ്പോള്‍ കൊൽക്കത്തയ്ക്ക് നാലാം വിക്കറ്റ് നഷ്ടമായി. റസ്സലും റിങ്കുവും ചേര്‍ന്ന് 27 റൺസ് അഞ്ചാം വിക്കറ്റിൽ നേടിയെങ്കിലും റസ്സലിനെ പുറത്താക്കി റഷീദ് ഖാന്‍ മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് നേടി.

രമൺദീപിനെയും മോയിന്‍ അലിയെയും ഒരേ ഓവറിൽ പുറത്താക്കി പ്രസിദ്ധ് കൃഷ്ണയും വിക്കറ്റ് പട്ടികയിൽ ഇടം പിടിച്ചപ്പോള്‍ കൊൽക്കത്ത വലിയ തോൽവിയിലേക്ക് നീങ്ങുകയായിരുന്നു.

ഇംപാക്ട് സബ് ആയി 9ാമനായി ഇറങ്ങിയ അംഗ്കൃഷ് രഘുവംശി ക്രീസിലെത്തിയ ശേഷമാണ് വീണ്ടും കൊൽക്കത്തയുടെ സ്കോര്‍ ബോര്‍ഡ് ചലിച്ച് തുടങ്ങിയത്. എന്നാൽ ആ ഘട്ടത്തിൽ മത്സരം ഗുജറാത്തിന്റെ പക്കലായിക്കഴിഞ്ഞിരുന്നു.

16 പന്തിൽ 32 റൺസ് നേടിയ ഈ കൂട്ടുകെട്ട് അവസാന ഓവറിൽ ഇഷാന്ത് ശര്‍മ്മ തകര്‍ത്തു. 17 റൺസ് നേടിയ റിങ്കുവിനെയാണ് ഇഷാന്ത് വീഴ്ത്തിയത്. അംഗ്കൃഷ് രഘുവംശി 13 പന്തിൽ 27 റൺസ് നേടി പുറത്താകാതെ നിന്നു.

ഗില്ലിന് ശതകം 10 റൺസ് അകലെ നഷ്ടം, ഗുജറാത്തിന് 198

ഐപിഎലില്‍ കൊൽക്കത്തയ്ക്കെതിരെ 198 റൺസ് എന്ന മികച്ച സ്കോര്‍ നേടി ഗുജറാത്ത് ടൈറ്റന്‍സ്. ശുഭ്മന്‍ ഗിൽ 90 റൺസും സായി സുദര്‍ശന്‍ 52 റൺസും നേടിയപ്പോള്‍ കഴിഞ്ഞ മത്സരത്തിലെ ഹീറോ ജോസ് ബട്‍ലറും മികവ് പുലര്‍ത്തി. 3 വിക്കറ്റ് നഷ്ടത്തിലാണ് ഗുജറാത്ത് ഈ സ്കോര്‍ നേടിയത്.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിനായി കരുതലോടെയുള്ള തുടക്കമാണ് ശുഭ്മന്‍ ഗില്ലും സായി സുദര്‍ശനും നൽകിയത്. പവര്‍പ്ലേ അവസാനിച്ചപ്പോള്‍ 45 റൺസാണ് ഗുജറാത്ത് നേടിയത്. എന്നാൽ പവര്‍പ്ലേയ്ക്ക് ശേഷം ഇരു താരങ്ങളും സ്കോറിംഗ് വേഗത കൂട്ടിയപ്പോള്‍ പത്തോവറിൽ 89 റൺസാണ് ഗുജറാത്ത് നേടിയത്.

114 റൺസാണ് ഗുജറാത്ത് ഓപ്പണര്‍മാര്‍ ഒന്നാം വിക്കറ്റിൽ നേടിയത്. 36 പന്തിൽ 52 റൺസ് നേടിയ സായി സുദര്‍ശനെ പുറത്താക്കി റസ്സൽ ആണ് കൊൽക്കത്തയ്ക്ക് ആദ്യ ബ്രേക്ക്ത്രൂ നൽകിയത്.

ഗില്ലിന് കൂട്ടായി എത്തിയ ജോസ് ബട്‍ലറും മികവുറ്റ ബാറ്റിംഗ് പുറത്തെടുത്തപ്പോള്‍ മികച്ച സ്കോറിലേക്ക് ഗുജറാത്ത് നീങ്ങി. രണ്ടാം വിക്കറ്റിൽ ഗിൽ – ബട്‍ലര്‍ കൂട്ടുകെട്ട് 58 റൺസ് കൂട്ടിചേര്‍ത്തപ്പോള്‍ ഗില്ലിനെ പുറത്താക്കി വൈഭവ് അറോറയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്.

55 പന്തിൽ 90 റൺസ് നേടിയ ഗില്ലിന് ശതകം 10 റൺസ് അകലെ നഷ്ടമാകുകയായിരുന്നു. രാഹുല്‍ തെവാത്തിയ വേഗത്തിൽ പുറത്തായെങ്കിലും 9 പന്തിൽ നിന്ന് 21 റൺസ് നേടിയ ജോസ് ബട്‍ലര്‍ – ഷാരൂഖ് ഖാന്‍ കൂട്ടുകെട്ട് ഗുജറാത്തിനെ 198 റൺസിലേക്ക് എത്തിച്ചു. ബട്‍ലര്‍ 23 പന്തിൽ 41 റൺസും ഷാരൂഖ് ഖാന്‍ 5 പന്തിൽ 11 റൺസും നേടി പുറത്താകാതെ നിന്നു.

സെഞ്ച്വറി കൂട്ടുകെട്ടുമായി രോഹിത്തും സൂര്യയും, വമ്പന്‍ ജയവുമായി മുംബൈ

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 9 വിക്കറ്റിന്റെ ആധികാരിക വിജയം നേടി മുംബൈ ഇന്ത്യന്‍സ്. 177 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ മുംബൈയ്ക്ക് ഇന്നിംഗ്സിന്റെ ഒരു ഘട്ടത്തിലും വെല്ലുവിളിയുയര്‍ത്തുവാന്‍ ചെന്നൈയ്ക്ക് സാധിച്ചില്ല. 1 വിക്കറ്റ് നഷ്ടത്തിൽ 15.4 ഓവറിൽ മുംബൈ വിജയം കുറിച്ചപ്പോള്‍ രണ്ടാം വിക്കറ്റിൽ 114 റൺസാണ് രോഹിത് – സ്കൈ കൂട്ടുകെട്ട് നേടിയത്.

റയാന്‍ റിക്കൽട്ടണും രോഹിത് ശര്‍മ്മയും മികച്ച തുടക്കം മുംബൈയ്ക്കായി നൽകിയപ്പോള്‍ പവര്‍പ്ലേയിൽ ടീം 62 റൺസാണ് നേടിയത്. പവര്‍പ്ലേ കഴിഞ്ഞ് ആദ്യ ഓവറിൽ ജഡേജ റിക്കൽട്ടണിനെ പുറത്താക്കിയപ്പോള്‍ ഒന്നാം വിക്കറ്റിൽ 63 റൺസാണ് മുംബൈ ഓപ്പണര്‍മാര്‍ നേടിയത്.

റിക്കൽട്ടണിന് പകരം ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവും റൺസ് വേഗത്തിൽ കണ്ടെത്തിയപ്പോള്‍ രോഹിത് മറുവശത്ത് തന്റെ സ്കോറിംഗ് മെച്ചപ്പെടുത്തുകയായിരുന്നു. പത്തോവര്‍ പിന്നിടുമ്പോള്‍ 93/1 എന്ന നിലയിലായിരുന്നു മുംബൈ.

33 പന്തിൽ നിന്ന് രോഹിത് തന്റെ ഈ സീസണിലെ ആദ്യ ഫിഫ്റ്റി നേടി. രോഹിത് ശര്‍മ്മ 4 ഫോറും 6 സിക്സും അടക്കം 45 പന്തിൽ 76 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ സൂര്യകുമാര്‍ യാദവ് 30 പന്തിൽ 68 റൺസാണ് നേടിയത്. താരം 6 ഫോറും 5 സിക്സും തന്റെ ഇന്നിംഗ്സിൽ നേടി.

Exit mobile version