ആര്‍സിബിയുടെ കൂറ്റന്‍ സ്കോര്‍ മറികടന്ന് പഞ്ചാബ് കിംഗ്സ്. ടോപ് ഓര്‍ഡറിന്റെ മികച്ച തുടക്കത്തിന് ശേഷം അവസാന ഓവറുകളിൽ ഒഡിയന്‍ സ്മിത്തും ഷാരൂഖ് ഖാനും ചേര്‍ന്ന് 5 വിക്കറ്റ് നഷ്ടത്തിൽ 19 ഓവറിൽ 208 റൺസ് നേടി പഞ്ചാബിന് വിജയ തുടക്കം സമ്മാനിച്ചു.
ടോപ് ഓര്‍ഡറിൽ ഭാനുക രാജപക്സ(22 പന്തിൽ 43), ശിഖര്‍ ധവാന്‍(29 പന്തിൽ 43), മയാംഗ് അഗര്‍വാള്‍(32) എന്നിവരുടെ ബാറ്റിംഗ് മികവിൽ പഞ്ചാബ് മുന്നേറുന്നതിനിടെ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകള്‍ വീഴ്ത്തുവാന്‍ ബാംഗ്ലൂരിന് സാധിച്ചിരുന്നു.
മുഹമ്മദ് സിറാജ് വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത രാജപക്സയെയും രാജ് ബാവയെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയപ്പോള്‍ 139/2 എന്ന നിലയിൽ നിന്ന് 139/4 എന്ന നിലയിലേക്ക് പഞ്ചാബ് വീണു.
6 ഓവറിൽ 61 റൺസായിരുന്നു പഞ്ചാബ് മത്സരം അവസാന ഓവറുകളിലേക്ക് കടന്നപ്പോള്‍ നേടേണ്ടിയിരുന്നത്. 10 പന്തിൽ 19 റൺസ് നേടി അപകടകാരിയായി മാറുകയായിരുന്ന ലിയാം ലിവിംഗ്സ്റ്റണിനെ ആകാശ് ദീപ് പുറത്താക്കിയതോടെ പഞ്ചാബിന് കാര്യങ്ങള്‍ കൂടുതൽ ശ്രമകരമായി.
ഒഡിയന്‍ സ്മിത്തിന്റെ ക്യാച്ച് ഹര്‍ഷൽ പട്ടേലിന്റെ ഓവറിൽ അനുജ് റാവത് കൈവിട്ടത് ആര്‍സിബിയ്ക്ക് തിരിച്ചടിയായി മാറുന്നതാണ് കണ്ടത്. അടുത്ത ഓവറിൽ സിറാജിനെ രണ്ട് സിക്സിനും ഫോറിനും താരം പറത്തിയപ്പോള്‍ ലക്ഷ്യം 12 പന്തിൽ 11 ആയി മാറുകയായിരുന്നു.
അടുത്ത ഓവറിൽ ഷാരൂഖ് ഖാന്‍ ഹര്‍ഷൽ പട്ടേലിനെ സിക്സും ഫോറും പറത്തി പഞ്ചാബിന് 5 വിക്കറ്റ് വിജയം നൽകി. ഷാരൂഖ് ഖാന്‍ 24 റൺസ് നേടി പുറത്താകാതെ നിന്നപ്പോള്‍ 8 പന്തിൽ 25 റൺസ് നേടിയ ഒഡിയന്‍ സ്മിത്ത് ആണ് കളി മാറ്റി മറിച്ചത്.