രോഹിത് ശർമ്മയുടെ പരിക്കിന്റെ കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് സുനിൽ ഗാവസ്‌കർ

Staff Reporter

ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ പരിക്കിന്റെ കാര്യത്തിൽ വ്യക്തത വരുത്തണമെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. ഇന്ത്യൻ പ്രീമിയർ ലീഗിനിടെ പരിക്കേറ്റ രോഹിത് ശർമ്മയെ ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള മൂന്ന് ടീമിൽ നിന്നും ബി.സി.സി.ഐ ഒഴിവാക്കിയിരുന്നു.

രോഹിത് ശർമ്മയുടെയും ഇഷാന്ത് ശർമ്മയുടെയും പരിക്കിന്റെ കാര്യം ബി.സി.സി.ഐ മെഡിക്കൽ ടീം പരിശോധിച്ച് വരികയാണെന്നാണ് ബി.സി.സി.ഐ ഇന്ത്യൻ ടീം പ്രഖയ്‌പിച്ചപ്പോൾ അറിയിച്ചത്. ഒക്ടോബർ 18ന് നടന്ന കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിന് ശേഷം രോഹിത് ശർമ്മ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിച്ചിട്ടില്ല.

എന്നാൽ ബി.സി.സി.ഐ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ മുംബൈ ഇന്ത്യൻസ് രോഹിത് ശർമ്മ പരിശീലനം പുനരാരംഭിച്ചെന്ന വാർത്ത നൽകുകയും ചെയ്തു. ഇതോടെയാണ് രോഹിത് ശർമ്മയുടെ പരിക്കിന്റെ കാര്യത്തിൽ കൂടുതൽ വ്യക്തത വേണമെന്ന ആവശ്യവുമായി സുനിൽ ഗാവസ്‌കർ രംഗത്തെത്തിയത്.

രോഹിത് ശർമ്മയുടെ പരിക്ക് എന്താണെന്നു അറിയില്ലെന്നും രോഹിത് ശർമ്മ മുംബൈ ഇന്ത്യൻസിനൊപ്പം പരിശീലനം നടത്തുന്ന ഫോട്ടോ കണ്ടെന്നും സുനിൽ ഗാവസ്‌കർ പറഞ്ഞു. കാര്യമായ പരിക്ക് ഉണ്ടായിരുന്നെങ്കിൽ രോഹിത് ശർമ്മ ഒരിക്കലും പാഡ് അണിഞ്ഞ് പരിശീലനത്തിന് വരില്ലെന്നും എന്നിട്ടും നവംബർ അവസാനം തുടങ്ങുന്ന ഓസ്‌ട്രേലിയൻ പരമ്പരയ്ക്കുള്ള ടീമിൽ രോഹിത് ശർമ്മയെ എന്ത്കൊണ്ട് ഉൾപെടുത്തിയില്ലെന്നും ഗാവസ്‌കർ ചോദിച്ചു.