നാഡ ഐ.പി.എല്ലിൽ 50 താരങ്ങളുടെ ഉത്തേജകപരിശോധന നടത്തും

Staff Reporter

ദേശീയ ഉത്തേജകവിരുദ്ധ ഏജൻസി(നാഡ) ഇന്ത്യൻ പ്രീമിയർ ലീഗിനിടെ 50 താരങ്ങളുടെ ഉത്തേജകപരിശോധന നടത്തും. ഇതിന്റെ ഭാഗമായി നാഡ യു.എ.ഇയിൽ അഞ്ച് സ്ഥലങ്ങളിൽ പരിശോധന നടത്താനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തും. മത്സരം നടക്കുന്ന മൂന്ന് വേദികളായ ഷാർജ, ദുബായ്, അബുദാബി എന്നിവിടങ്ങളിലും കൂടാതെ താരങ്ങൾ പരിശീലനം നടത്തുന്ന ദുബായ് ഐ.സി.സി. അക്കാദമിയിലും അബുദാബിയിലെ സയ്ദ് ക്രിക്കറ്റ് സ്റ്റേഡിയത്തിലുമാണ് നാഡ ടെസ്റ്റ് നടത്താനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുക.

മൂത്ര പരിശോധനക്ക് പുറമെ രക്ത പരിശോധന നടത്താനുള്ള സാധ്യതകളും നാഡ പരിശോധിക്കുന്നുണ്ട്. അഞ്ച് അംഗങ്ങൾ ഉള്ള മൂന്ന് ടീമുകളായാണ് ദേശീയ ഉത്തേജകവിരുദ്ധ ഏജൻസി യു.എ.ഇയിലേക്ക് തിരിക്കുക. മൂന്ന് ബാച്ചുകളയാണ് ഈ ടീമുകൾ യു.എ.ഇയിലേക്ക് തിരിക്കുക. യു.എ.ഇയിലേക്ക് തിരിക്കുന്നതിന് മുൻപും യു.എ.ഇയിൽ എത്തിയതിന് ശേഷവും ഇവർ കോവിഡ്-19 ടെസ്റ്റിന് വിധേയരാവുകയും ചെയ്യും. ഇന്ത്യൻ ക്രിക്കറ്റിലെ പ്രമുഖരായ വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും മഹേന്ദ്ര സിംഗ് ധോണിയേയും ഇവർ പരിശോധനക്ക് വിധേയമാക്കുമെന്നാണ് കരുതപ്പെടുന്നത്.