സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സിനു 162 റണ്‍സ്. ക്വിന്റണ്‍ ഡി കോക്കിന്റെ അര്‍ദ്ധ ശതകമാണ് മുംബൈയുടെ ഇന്നിംഗ്സിനു അടിത്തറയായത്. എന്നാല്‍ ഡി കോക്കിനു തന്റെ ഇന്നിംഗ്സിനു വേണ്ടത്ര വേഗത നല്‍കുവാന്‍ കഴിഞ്ഞിരുന്നില്ല. 48 പന്തില്‍ നിന്നാണ് ഡി കോക്ക് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയത്. 16.3 ഓവറില്‍ ബേസില്‍ തമ്പിയെ ബൗണ്ടറി പായിച്ച് അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ ഡികോക്ക് അടുത്ത പന്തില്‍ സിക്സും നേടി.
ഒന്നാം വിക്കറ്റില്‍ ഡി കോക്കും രോഹിത് ശര്‍മ്മയും ചേര്‍ന്ന് 36 റണ്‍സാണ് നേടിയത്. 18 പന്തില്‍ നിന്ന് 24 റണ്‍സാണ് രോഹിത് ശര്‍മ്മ നേടിയത്. രണ്ടാം വിക്കറ്റില്‍ സൂര്യ കുമാര്‍ യാദവും ഡി കോക്കും ചേര്‍ന്ന് 54 റണ്‍സ് 38 പന്തില്‍ നിന്ന് നേടിയെങ്കിലും കൂട്ടുകെട്ടും അധിക കാലം നീണ്ട് നിന്നില്ല. സൂര്യകുമാര്‍ യാദവ് കത്തിക്കയറുന്നതിനു മുമ്പ് ബൗണ്ടറി ലൈനില്‍ റഷീദ് ഖാന്‍ പിടിച്ച് പുറത്തായി. ഖലീല്‍ അഹമ്മദിനാണ് രണ്ട് വിക്കറ്റും ലഭിച്ചത്.
അടുത്ത ഓവറില്‍ എവിന്‍ ലൂയിസിനെ നഷ്ടമായ മുംബൈയ്ക്കായി പിന്നീടെത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യ തന്റെ കഴിഞ്ഞ മത്സരത്തിലെ ഫോം തുടരുമെന്ന് കരുതിയെങ്കിലും 10 പന്തില്‍ നിന്ന് 18 റണ്‍സ് നേടി താരം വേഗത്തില്‍ മടങ്ങി. ഇതിനിടെ കീറണ്‍ പൊളാര്‍ഡിനെ(10) അവസാന ഓവറിലെ ആദ്യ പന്തില്‍ ഖലീല്‍ പുറത്താക്കി.
20 ഓവറുകള്‍ പിന്നിട്ടപ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് മുംബൈ നേടിയത്. 58 പന്തില്‍ നിന്ന് 69 റണ്‍സുമായി ക്വിന്റണ്‍ ഡി കോക്ക് പുറത്താകാതെ നിന്നപ്പോള്‍ ക്രുണാല്‍ പാണ്ഡ്യ 3 പന്തില്‍ നിന്ന് 9 റണ്‍സ് നേടി പുറത്താകാതെ നിന്നു. സണ്‍സൈറേഴ്സ് നിരയില്‍ 3 വിക്കറ്റുമായി ഖലീല്‍ അഹമ്മദും ഓരോ വിക്കറ്റ് നേടി ഭുവനേശ്വര്‍ കുമാറും മുഹമ്മദ് നബിയും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.