ചെന്നൈ സൂപ്പര്‍ കിംഗ്സിനെ 1 റണ്‍സിനു പരാജയപ്പെടുത്തി 2019ലെ കിരീടവും തങ്ങളുടെ നാലാം കിരീടവും മുംബൈ സ്വന്തമാക്കിയപ്പോള്‍ സമാനമായ രീതിയിലാണ് തങ്ങളുടെ മൂന്നാം കിരീടം രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് മുംബൈ നേടിയത്. അന്ന് ഒരു റണ്‍സ് വിജയം നേടിയത് എംഎസ് ധോണി അംഗമായ റൈസിംഗ് പൂനെ സൂപ്പര്‍ജയ്ന്റ്സിനെതിരായിരുന്നു. 129 റണ്‍സ് മാത്രമാണ് ഫൈനലില്‍ മുംബൈ അന്ന് നേടിയത്. ക്രുണാല്‍ പാണ്ഡ്യ നേടിയ 47 റണ്‍സാണ് അന്ന് മുംബൈയ്ക്ക് തുണയായത്.
ലക്ഷ്യം അനായാസമായി പൂനെ മറികടക്കുമെന്ന നിലയിലേക്ക് കാര്യങ്ങളെത്തുകയായിരുന്നു. അവസാന ഓവറില്‍ 11 റണ്‍സ് വേണ്ട ഘട്ടത്തില്‍ 51 റണ്‍സുമായി സ്റ്റീവ് സ്മിത്തായിരുന്നു ക്രീസില്‍. ഇന്നലെ ഷെയിന്‍ വാട്സണ്‍ പുറത്തായത് പോലെ സ്മിത്തിനെയും മിച്ചല്‍ ജോണ്‍സണ്‍ എറിഞ്ഞ അവസാന ഓവറില്‍ പൂനെയ്ക്ക് നഷ്ടമായി.
അവസാന പന്തില്‍ ജയിക്കുവാന്‍ നാല് റണ്‍സ് വേണ്ട ഘട്ടത്തില്‍ ഡാനിയേല്‍ ക്രിസ്റ്റ്യനും വാഷിംഗ്ടണ്‍ സുന്ദറും ചേര്‍ന്ന് മൂന്നാമത്തെ റണ്‍സിനു ഓടുന്നതിനിടയില്‍ റണ്ണൗട്ടായപ്പോള്‍ മുംബൈ അന്ന് ഒരു റണ്‍സ് ജയത്തോടെ കിരീടം സ്വന്തമാക്കുകയായിരുന്നു. 2017ല്‍ പ്രാഥമിക ഘട്ടത്തിലും പ്ലേ ഓഫിലും മുംബൈയ തോല്പിക്കുവാന്‍ പൂനെയ്ക്കായിരുന്നുവെങ്കിലും ഫൈനലില്‍ ടീമിനു കാലിടറുകയായിരുന്നു.
അന്നും ഫൈനല്‍ നടന്നത് ഹൈദ്രാബാദിലായിരുന്നുവെന്നതും രസകരമായ ഒരു വസ്തുതയാണ്.