അഞ്ച് തവണ ഐപിഎൽ ചാമ്പ്യൻമാരായിട്ടുള്ള മുംബൈ ഇന്ത്യൻസ് പുതിയ പരിശീലകനെ നിയമിച്ചു. ദക്ഷിണാഫ്രിക്കൻ ഇതിഹാസം മാർക്ക് ബൗച്ചറർ ആണ് മുംബൈയുടെ ഹെഡ് കോച്ചാവുന്നത്. ഇന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നു. മുൻ പരിശീലകൻ ആയിരുന്ന മഹേല ജയവർദ്ധനെയെ മുംബൈ ഇന്ത്യൻസ് വേറെ പുതിയ റോളുകളിലേക്ക് മാറ്റിയിരുന്നു.
“മാർക്ക് ബൗച്ചറിനെ മുംബൈ ഇന്ത്യൻസിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ട്. ടീമിന്റെ മികച്ച പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാൻ മാർക്കിന് ആകും,” ആകാശ് അംബാനി ബൗച്ചറിന്റെ നിയമനത്തെ കുറിച്ച് പറഞ്ഞു.
ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ടീമിന്റെ പരിശീലകൻ ആയ മാർക്ക് ബൗച്ചർ ഓസ്‌ട്രേലിയയിൽ നടക്കുന്ന ഐസിസി പുരുഷ ടി20 ലോകകപ്പിന് ശേഷം സ്ഥാനമൊഴിയും എന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
2019 ഡിസംബർ മുതൽ ബൗച്ചർ ദക്ഷിണാഫ്രിക്ക ടീമിന്റെ പരിശീലക വേഷം അണിയുന്നുണ്ട്. ഇന്ത്യയ്‌ക്കെതിരായ പരമ്പര വിജയം ഉൾപ്പെടെ 11 ടെസ്റ്റ് വിജയങ്ങളിലേക്ക് ദക്ഷിണാഫ്രിക്കയെ നയിക്കാൻ ബൗച്ചറിനായിരുന്നു. ബൗച്ചർ പരിശീലകനായിരിക്കെ ദക്ഷിണാഫ്രിക്ക 12 ഏകദിന വിജയങ്ങളും 23 ടി20 വിജയങ്ങളും സ്വന്തമാക്കി.