ഈ മത്സരത്തില്‍ നിന്ന് ടീമിന്റെ ആത്മവിശ്വാസം ഏറെ ഉയരും – രോഹിത് ശര്‍മ്മ

Sports Correspondent

കൊല്‍ക്കത്തയ്ക്കെതിരെ അവിശ്വസനീയമായ തിരിച്ചുവരവ് നടത്തി മത്സരം സ്വന്തമാക്കിയ മുംബൈ ഇന്ത്യന്‍സിന്റെ ആത്മവിശ്വാസം വാനോളം ഉയരുമെന്ന് പറഞ്ഞ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. രാഹുല്‍ ചഹാര്‍ നേടിയ നിര്‍ണ്ണായക വിക്കറ്റുകളും ക്രുണാല്‍ കണിശതയോടെ എറിഞ്ഞ ഓവറുകളുമാണ് മത്സരത്തില്‍ മുംബൈയ്ക്ക് പ്രതീക്ഷ നല്‍കിയതെന്നും ഓരോ താരങ്ങളും മികവ് പുലര്‍ത്തുന്ന കാഴ്ചയാണ് കണ്ടതെന്നും രോഹിത് ശര്‍മ്മ പറഞ്ഞു.

അവസാന ഓവറുകളില്‍ ജസ്പ്രീത് ബുംറയും ട്രെന്റ് ബോള്‍ട്ടും പന്തെറിഞ്ഞ രീതി ഏറെ പ്രശംസനീയമായിരുന്നുവെന്നും രോഹിത് പറഞ്ഞു. 15-20 റണ്‍സ് കുറവാണ് മുംബൈ സ്കോര്‍ ചെയ്തതെന്നും ഇന്നിംഗ്സിന്റെ അവസാനത്തില്‍ ടീമിന്റെ ബാറ്റിംഗ് മെച്ചപ്പെടുവാനുണ്ടെന്നും രോഹിത് വ്യക്തമാക്കി.