തുടർച്ചയായ നാലാം ജയം തേടി ഇറങ്ങിയ ഡൽഹി ക്യാപിറ്റൽസിനെ തോൽപ്പിച്ച് മുംബൈ ഇന്ത്യൻസ്. 40 റൺസിനായിരുന്നു മുംബൈ ഇന്ത്യൻസിന്റെ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് പാണ്ട്യ സഹോദരന്മാരുടെ വെടിക്കെട്ടിന്റെ പിൻബലത്തിൽ 5 വിക്കറ്റ് നഷ്ടത്തിൽ 168 റൺസാണ് എടുത്തത്. തുടർന്ന് ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസിന് 9 വിക്കറ്റ് നഷ്ടത്തിൽ128 റൺസ് മാത്രമേ എടുക്കാനായുള്ളൂ.
ഡൽഹിക്ക് വേണ്ടി ഓപ്പണർമാരായ പ്രിത്വി ഷായും ശിഖർ ധവാനും മികച്ച തുടക്കമാണ് നൽകിയത്. 20 റൺസ് എടുത്ത പ്രിത്വി ഷായും 35 റൺസ് എടുത്ത ശിഖർ ധവാനും പുറത്തായതോടെ പിന്നീട് ആർക്കും ഡൽഹി നിരയിൽ തിളങ്ങാനായില്ല. അവസാന ഓവറുകളിൽ അക്‌സർ പട്ടേൽ റൺസ് നേടാൻ ശ്രമിച്ചെങ്കിലും മുംബൈയുടെ വിജയം തടയാനായില്ല. പട്ടേൽ 23 പന്തിൽ നിന്ന് 26 റൺസാണ് എടുത്തത് .മുംബൈക്ക് വേണ്ടി ചാഹർ 19 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് എടുത്തപ്പോൾ ബുംറ രണ്ടു വിക്കറ്റും വീഴ്ത്തി.
നേരത്തെ ആദ്യ ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസിന് വേണ്ടി രോഹിത് ശർമ്മ 30 റൺസും ഡി കോക്ക് 35 റൺസും ഹർദിക് പാണ്ട്യ 32 റൺസും എടുത്തപ്പോൾ 37 റൺസ് എടുത്ത ക്രൂണാൽ പാണ്ട്യ പുറത്താവാതെ നിന്നു. ഡൽഹി ക്യാപിറ്റൽസിന് വേണ്ടി റബാഡ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ നാല് ഓവർ എറിഞ്ഞ അക്‌സർ പട്ടേൽ 4 ഓവറിൽ വെറും 17 റൺസ് മാത്രമാണ് വഴങ്ങിയത്.