വീണ്ടും രക്ഷകനായി ധോണി, ഒപ്പം കൂടി റായിഡു

Sports Correspondent

ബാറ്റിംഗ് തകര്‍ച്ചയ്ക്ക് ശേഷം എംഎസ് ധോണിയുടെയും അമ്പാട്ടി റായിഡുവിന്റെയും മികവില്‍ 131 റണ്‍സ് നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ടോപ് ഓര്‍ഡര്‍ തകര്‍ന്നപ്പോള്‍ പവര്‍ പ്ലേ അവസാനിച്ചപ്പോള്‍ 32/3 എന്ന നിലയിലായിരുന്ന ചെന്നൈയ്ക്ക് വേണ്ടി ആദ്യം ചെറുത്ത് നില്പുമായി എത്തിയത് മുരളി വിജയ് ആയിരുന്നു. 26 റണ്‍സ് നേടിയ താരം പുറത്തായപ്പോള്‍ 12.1 ഓവറില്‍ 65 റണ്‍സായിരുന്നു ചെന്നൈയുടെ സ്കോര്‍.

പിന്നീട് പതിവു പോലെ ടീമിന്റെ രക്ഷയ്ക്കായി എംഎസ് ധോണിയും അമ്പാട്ടി റായിഡുവും എത്തുകയായിരുന്നു. ഇന്നിംഗ്സിന്റെ അവസാന ഓവറിലെ ആദ്യ പന്തില്‍ ജസ്പ്രീത് ബുംറ പുറത്താക്കിയെങ്കിലും ബുംറ ലൈന്‍ കട്ട് ചെയ്തതിനാല്‍ എംഎസ് ധോണി രക്ഷപ്പെടുകയായിരുന്നു. റായിഡു 37 പന്തില്‍ നിന്ന് 42 റണ്‍സ് നേടിയപ്പോള്‍ എംഎസ് ധോണി 29 പന്തില്‍ നിന്ന് 37 റണ്‍സ് നേടി. 48 പന്തില്‍ നിന്ന് അപരാജിതമായ കൂട്ടുകെട്ട് 66 റണ്‍സാണ് നേടിയത്.

ആദ്യ ഓവര്‍ മലിംഗ എറിഞ്ഞ ശേഷം പിന്നീട് സ്പിന്നര്‍മാരെയാണ് രോഹിത് ശര്‍മ്മ ഉപയോഗിച്ചത്. ഇതില്‍ രാഹുല്‍ ചഹാര്‍ മൂന്നാം ഓവറില്‍ ഫാഫ് ഡു പ്ലെയിസെ പുറത്താക്കുമ്പോള്‍ താരത്തിന്റെയും ചെന്നൈയുടെയും സ്കോര്‍ 6 റണ്‍സ്. ജയന്ത് യാദവിനായിരുന്നു സുരേഷ് റെയ്‍നയുടെ വിക്കറ്റ്. 5 റണ്‍സാണ് റെയ്‍ന നേടിയത്. മൂന്നാം വിക്കറ്റുമായി ക്രുണാല്‍ പാണ്ഡ്യ രംഗത്തെത്തിയപ്പോള്‍ മടങ്ങിയത് 10 റണ്‍സ് നേടിയ ഷെയിന്‍ വാട്സണായിരുന്നു. പിന്നീട് 26 റണ്‍സ് നേടിയ മുരളി വിജയ‍യെ ചഹാര്‍ പുറത്താക്കിയപ്പോള്‍ ചെന്നൈയുടെ വീണ വിക്കറ്റുകളെല്ലാം നേടിയത് മുംബൈയുടെ സ്പിന്നര്‍മാരായിരുന്നു.