രോഹിത് ശര്‍മ്മ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും പിന്നീട് വന്ന താരങ്ങള്‍ റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയപ്പോള്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത മുംബൈ ഇന്ത്യന്‍സിന് നിശ്ചിത 20 ഓവറില്‍ നേടാനായത് 150 റണ്‍സ്. അവസാന ഓവറില്‍ രണ്ട് സിക്സ് ഉള്‍പ്പെടെ 17 റണ്‍സ് പിറന്നതാണ് മുംബൈയുടെ സ്കോര്‍ 150ല്‍ എത്തുവാന്‍ സഹായിച്ചത്. 22 പന്തില്‍ 35 റണ്‍സ് നേടിയ പൊള്ളാര്‍ഡാണ് ഈ സ്കോറിലേക്ക് മുംബൈയെ എത്തിച്ചത്.
രോഹിത് 25 പന്തില്‍ 32 റണ്‍സാണ് നേടിയത്. 2 വീതം സിക്സും ഫോറുമാണ് താരം സ്വന്തമാക്കിയത്. എന്നാല്‍ വിജയ് ശങ്കര്‍ പവര്‍പ്ലേയ്ക്ക് ശേഷം താരത്തെ പുറത്താക്കുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ രോഹിത്തും ക്വിന്റണ്‍ ഡി കോക്കും ചേര്‍ന്ന് 55 റണ്‍സാണ് നേടിയത്.
തന്റെ അടുത്ത ഓവറില്‍ സൂര്യകുമാര്‍ യാദവിനെയും വിജയ് ശങ്കര്‍ പുറത്താക്കിയപ്പോള്‍ മുംബൈ 71/2 എന്ന നിലയിലേക്ക് വീണു. 39 പന്തുകള്‍ നേരിട്ട ക്വിന്റണ്‍ ഡി കോക്ക് നിര്‍ണ്ണായകമായ ഘട്ടത്തില്‍ പുറത്തായത് കൂടിയായപ്പോള്‍ കാര്യങ്ങള്‍ മുംബൈയ്ക്ക് പ്രയാസകരമായി മാറി. 40 റണ്‍സ് നേടിയ താരത്തെ മുജീബ് ആണ് പുറത്താക്കിയത്.
തന്റെ തൊട്ടടുത്ത ഓവറില്‍ 21 പന്തില്‍ 12 റണ്‍സ് നേടി ബുദ്ധിമുട്ടുകയായിരുന്ന ഇഷാന്‍ കിഷന്റെ വിക്കറ്റും മുജീബ് നേടിയപ്പോള്‍ 16.5 ഓവറില്‍ മുംബൈ 114/4 എന്ന നിലയിലേക്ക് മാറി. പിന്നീട് പൊള്ളാര്‍ഡ് നേടിയ റണ്‍സാണ് മുംബൈയെ 20 ഓവറില്‍ 150/5 എന്ന സ്കോറിലേക്ക് നയിച്ചത്.