രോഹിത്ത് ശര്‍മ്മയും ഇഷാന്‍ കിഷനും നൽകിയ മിന്നും തുടക്കത്തിന് ശേഷവും മുന്നോട്ട് നീങ്ങിയ മുംബൈയെ വിറപ്പിച്ച് ഡൽഹി ക്യാപിറ്റൽസ്. 174 റൺസ് തേടിയിറങ്ങിയ മുംബൈ അവസാന ഓവറിൽ അഞ്ച് റൺസ് വേണ്ട ഘട്ടത്തിൽ നിന്ന് അവസാന പന്തിൽ രണ്ട് റൺസെന്ന നിലയിലേക്ക് മാറിയിരുന്നു.
ഒന്നാം വിക്കറ്റിൽ 71 റൺസ് നേടിയ ശേഷം ഇഷാന്‍ കിഷന്‍ പുറത്തായപ്പോള്‍ 31 റൺസ് നേടിയ താരം റണ്ണൗട്ടാകുകയായിരുന്നു.
പിന്നീട് രോഹിത് ശര്‍മ്മയും തിലക് വര്‍മ്മയും 68 റൺസ് നേടിയ ടീമിനെ മുന്നോട്ട് നയിച്ച് 139/1 എന്ന അതിശക്തമായ നിലയിൽ മുംബൈയെ എത്തിച്ചു.
മുകേഷ് കുമാര്‍ എറിഞ്ഞ 16ാം ഓവറിൽ തിലക് വര്‍മ്മയും(29 പന്തിൽ 41) തൊട്ടടുത്ത പന്തിൽ സൂര്യകുമാര്‍ ഗോള്‍ഡന്‍ ഡക്കുമായപ്പോള്‍ കൈവശമുണ്ടായിരുന്ന കളി മുംബൈ കൈവിടുന്ന സ്ഥിതിയിലേക്ക് എത്തുകയായിരുന്നു.
തൊട്ടടുത്ത ഓവറിൽ 45 പന്തിൽ 65 രോഹിത് ശര്‍മ്മയും പുറത്തായതോടെ മുംബൈയുടെ കാര്യങ്ങള്‍ കഷ്ടത്തിലായി. പിന്നീട് ടിം ഡേവിഡും കാമറൺ ഗ്രീനും ചേര്‍ന്ന് മുംബൈയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
കാമറൺ ഗ്രീനും ടിം ഡേവിഡും 19ാം ഓവറിൽ പറത്തിയ ഓരോ സിക്സുകള്‍ ഉള്‍പ്പെടെ മുസ്തഫിസുറിന്റെ ഓവറിൽ നിന്ന് പിറന്ന 15 റൺസാണ് വീണ്ടും മത്സരത്തെ മുംബൈയ്ക്ക് അനുകൂലമാക്കി മാറ്റിയത്.
ടിം ഡേവിഡ് 11 പന്തിൽ 13 റൺസ് നേടി പുറത്താകാതെ നിന്നപ്പോള്‍ കാമറൺ ഗ്രീന്‍ 8 പന്തിൽ 17 റൺസ് നേടി വിജയം ഉറപ്പാക്കി.