ഹാർദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ആയുള്ള തുടക്കം പരാജയത്തോടെ. ഇന്ന് ഗുജറാത്ത് ടൈറ്റൻസ് ഉയർത്തിയ 169 എന്ന വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസ് 162 റൺസ് മാത്രമെ എടുത്തുള്ളൂ. അവസാന ഓവറിൽ ക്യാപ്റ്റൻ ഹാർദിക് പൊരുതി നോക്കി എങ്കിലും വിജയത്തിലേക്ക് എത്താൻ ആയില്ല. ഗിൽ ആകട്ടെ തന്റെ ക്യാപ്റ്റൻസി ജയത്തോടെ തുടങ്ങുകയും ചെയ്തു. 6 റൺസിനാണ് ഗുജറാത്ത് ജയിച്ചത്.
മുംബൈ ഇന്ത്യൻസിന്റെ ചെയ്സ് നല്ല രീതിയിൽ അല്ല ഇന്ന് തുടങ്ങിയത്. റൺ ഒന്നും എടുക്കാത്ത ഇഷൻ കിഷന്റെ വിക്കറ്റ് അവർക്ക് പെട്ടെന്ന് തന്നെ നഷ്ടമായി. നമാൻ ദിറിന് മികച്ച തുടക്കൻ ലഭിച്ചു എങ്കിലും 10 പന്തിൽ 20 റൺസ് എടുത്ത് അദ്ദേഹത്തിന്റെ വിക്കറ്റും പെട്ടെന്ന് പോയി. രണ്ട് വിക്കറ്റും അസ്മതുള്ള ആയിരുന്നു വീഴ്ത്തിയത്.
ഇതിനു ശേഷം രോഹിത് ശർമ്മയും
ഡെവാൾഡ് ബ്രെവിസും ചേർന്ന് മുംബൈക്ക് ആയി മികച്ച കൂട്ടുകെട്ട് പടുത്തു. രോഹിത് ശർമ്മ 29 പന്തിൽ 43 റൺസ് എടുത്തു. 1 സിക്സും 7 ഫോറും ഇന്ത്യൻ ക്യാപ്റ്റൻ അടിച്ചു. സായ് കിഷോർ ആണ് രോഹിതിനെ പുറത്താക്കിയത്.
രോഹിത് പുറത്തായതിന് ശേഷം തിലക് വർമ്മ ബ്രെവിസിനൊപ്പം ചേർന്നു. റൺ ഒഴുക്ക് കുറഞ്ഞത് കളി ടൈറ്റ് ആക്കി. മോഹിത് ബ്രെവിസിനെ പുറത്താക്കിയത് മുംബൈയെ സമ്മർദ്ദത്തിൽ ആക്കി
ബ്രെവിസ് 38 പന്തിൽ നിന്ന് 46 റൺസാണ് എടുത്തത്. 3 സിക്സും 2 ഫോറും ബ്രെവിസ് അടിച്ചു.
മുംബൈക്ക് അവസാന 4 ഓവറിൽ ജയിക്കാൻ 39 റൺസ് ആയിരുന്നു വേണ്ടിയിരുന്നത്. റാഷിദ് ഖാൻ എറിഞ്ഞ 17ആം ഓവറിൽ ആകെ 3 റൺസ് മാത്രമെ വന്നുള്ളൂ. ജയിക്കാൻ 3 ഓവറിൽ 36 എന്നായി. 18ആം ഓവറിൽ മോഹിത് ശർമ്മ 11 റൺസ് എടുത്ത ടിം ഡേവിഡിനെ പുറത്താക്കി. പിന്നെ 2 ഓവറിൽ ജയിക്കാൻ 27 റൺസ്.
19ആം ഓവറിൽ ആദ്യ പന്തിൽ 6 അടിച്ച തിലക് വർമ്മയെ രണ്ടാം പന്തിൽ സ്പെൻസർ പുറത്താക്കി. 19 പന്തിൽ നിന്ന് 25 റൺസ് ആണ് തിലക് വർമ്മ എടുത്തത്. കോറ്റ്സിയെയും സ്പെൻസർ പുറത്താക്കി. 19 ഓവർ കഴിഞ്ഞപ്പോൾ മുംബൈ ഇന്ത്യൻസ് 150-7 എന്ന നിലയിൽ. അവർക്ക് അവസാന ഓവറിൽ ജയിക്കാൻ 19 റൺസ്.
അവസാന ഓവർ എറിയാൻ എത്തിയത് ഉമേഷ് യാദവ്. ആദ്യ പന്ത് ഹാർദിക് പാണ്ഡ്യ സിക്സ് പറത്തി. ജയിക്കാൻ 5 പന്തിൽ 13 റൺസ്. രണ്ടാം പന്തിൽ ഹാർദികിന്റെ 4. പിന്നെ 4 പന്തിൽ 9 റൺസ്. മൂന്നാം പന്തിൽ ഹാർദികിനെ ഉമേഷ് പുറത്താക്കി. മുംബൈക്ക് ജയിക്കാൻ 3 പന്തിൽ 9 റൺസ്. അടുത്ത പന്തിൽ പിയുഷ് ചൗളയും പുറത്ത്. 2 പന്തിൽ 9 റൺസ് ഗുജറാത്ത് ജയത്തിലേക്ക് അടുത്ത നിമിഷം. അവസാന രണ്ട് പന്തിൽ 2 റൺസ് മാത്രം നൽകി ഉമേഷ് വിജയം ഉറപ്പിച്ചു.
നേരത്തെ ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് 168 റൺസ് ആയിരുന്നു എടുത്തത്. ടോസ് നേടിയ മുംബൈ ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ ആദ്യ ഓവറുകളിൽ ഗുജറാത്തിനായി വൃദ്ധിമന്‍ സാഹയും ശുഭ്മന്‍ ഗില്ലും മികച്ച തുടക്കമാണ് നൽകിയത്.
ഗുജറാത്ത് 4 ഓവറിൽ 31 റൺസ് നേടി നിൽക്കുമ്പോളാണ് വൃദ്ധിമന്‍ സാഹയെ പുറത്താക്കി ബുംറ ടീമിന് ആദ്യ ബ്രേക്ക്ത്രൂ നൽകുന്നത്. 19 റൺസാണ് സാഹയുടെ സംഭാവന. ടീം സ്കോര്‍ 64ൽ എത്തിയപ്പോള്‍ 31 റൺസ് നേടിയ ഗില്ലിനെ പിയൂഷ് ചൗള രോഹിത്തിന്റെ കൈകളിലെത്തിച്ചു.
സായി സുദര്‍ശന്‍ – അസ്മത്തുള്ള ഒമര്‍ സാസായി കൂട്ടുകെട്ട് 40 റൺസ് കൂട്ടിചേര്‍ത്തപ്പോള്‍ 17 റൺസ് നേടിയ സാസായിയെ ജെറാള്‍ഡ് കോയെറ്റ്സേ പുറത്താക്കി. 12 റൺസ് നേടിയ ഡേവിഡ് മില്ലറെയും 45 റൺസ് നേടിയ സായി സുദര്‍ശനെയും ഒന്നിടവിട്ട പന്തുകളിൽ പുറത്താക്കി ജസ്പ്രീത് ബുംറ ഗുജറാത്തിനെ 133/3 എന്ന നിലയിൽ നിന്ന് 134/5 എന്ന നിലയില്‍ പ്രതിരോധത്തിലാക്കി.
ജസ്പ്രീത് ബുംറ തന്റെ സ്പെൽ അവസാനിപ്പിക്കുമ്പോള്‍ 4 ഓവറിൽ 14 റൺസ് മാത്രം വിട്ട് നൽകി താരം 3 വിക്കറ്റാണ് നേടിയത്. ഇന്നിംഗ്സിന്റെ അവസാനത്തോടെ രാഹുല്‍ തെവാത്തിയ 15 പന്തിൽ 22 റൺസ് നേടി പൊരുതി നോക്കിയെങ്കിലും അവസാന ഓവറിൽ ജെറാള്‍ഡ് കോയെറ്റ്സി താരത്തെ പുറത്താക്കി തന്റെ രണ്ടാം വിക്കറ്റ് നേടി.