രണ്ട് വില കൂടിയ താരങ്ങളെയാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഇത്തവണത്തെ ഐപിഎല്‍ ലേലത്തില്‍ സ്വന്തമാക്കിയത്. ഓസ്ട്രേലിയയുടെ ഗ്ലെന്‍ മാക്സ്വെല്ലും ന്യൂസിലാണ്ടിന്റെ കൈല്‍ ജാമിസണും ആണ് ഈ ഓള്‍റൗണ്ടര്‍മാര്‍.
വിരാട് കോഹ്‍ലി, എബി ഡിവില്ലിയേഴ്സ് എന്നിവരോടൊപ്പം ദേവ്ദത്ത് പടിക്കലും എത്തിയപ്പോള്‍ ടീമിന്റെ ടോപ് ഓര്‍ഡര്‍ ശക്തമാണെങ്കിലും പ്രശ്നം മധ്യ നിരയിലാണ്. തങ്ങളുടെ മധ്യനിരയെ ശക്തിപ്പെടുത്തുവാനുള്ള താരമാണ് ഗ്ലെന്‍ മാക്സ്വെല്‍ എന്നാണ് ആര്‍സിബിയുടെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് മൈക്ക് ഹെസ്സണ്‍ പറയുന്നത്.
ചില എക്സ് – ഫാക്ടര്‍ താരങ്ങളെ വേണമെന്ന് ലേലത്തിന് മുമ്പ് തന്നെ തങ്ങള്‍ സംസാരിച്ചിരുന്നുവെന്നും അത്തരത്തിലുള്ള മധ്യ ഓവറുകള്‍ കളിക്കുവാന്‍ ശേഷിയുള്ള താരമാണ് മാക്സ്വെല്‍ എന്നും ഹെസ്സണ്‍ പറഞ്ഞു.
എബി ഡി വില്ലിയേഴ്സിനെ പോലെ മധ്യ – അവസാന ഓവറുകളില്‍ എതിരാളികളെ പരിഭ്രാന്തരാക്കുവാന്‍ പറ്റിയ ഒരു താരത്തെയാണ് തങ്ങള്‍ നോക്കിയതെന്നും അത് മാക്സ്വെല്ലിന് പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും ഹെസ്സണ്‍ വ്യക്തമാക്കി.